മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച് ഗവര്‍ണ്ണര്‍

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിക്കാന്‍ അധ്യാപിക ഇടനിലക്കാരിയായ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കാണിച്ച് തമിഴ്നാട് ഗവര്‍ണ്ണര്‍ ബന്‍വരിലാല്‍ പുരോഹിത് നടത്തിയ പത്ര സമ്മേളനം വിവാദത്തിന് തിരികൊളുത്തി. പത്രസമ്മേനത്തിനിടെ അനുവാദമില്ലാതെ ഗവര്‍ണ്ണര്‍ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ചതാണ് വിവാദമായത്.
ഇന്നലെ ചെന്നൈയിലാണ് വിവാദത്തിന് വഴി വച്ച പത്രസമ്മേളനം നടന്നത്. ദ വീക്കിലെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കവിളിലാണ് ഗവര്‍ണ്ണര്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ലക്ഷ്മി ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ആളിക്കത്തിയത്. ഗവര്‍ണ്ണറുടെ പ്രവൃത്തി തീര്‍ത്തും അനുചിതവും അപക്വവുമാണെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ലക്ഷ്മി പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ക്ലിപ് പുറത്ത് വന്നത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ പോലീസ് അറസ്റ്റും ചെയ്തു. അതിനിടെ ഗവര്‍ണര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അധ്യാപികയെ തനിക്ക് അറിയില്ലെന്നാണ് ഗവര്‍ണ്ണറുടെ നിലപാട്. ഇത് വ്യക്തമാക്കാനാണ് പത്രസമ്മേളനം വിളിച്ചതും. ഇതാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ഗവര്‍ണ്ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.
governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here