എം.എസ്. രവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഹൈദരാബാദിലായതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി ജി. സുധാകരന്‍ എത്തിയത്. ആദരസൂചകമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ജി. സുധാകരന്‍ പുഷ്പചക്രം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെ മകനായ എം.എസ്. രവി തുല്യതയില്ലാത്ത പത്രപ്രവര്‍ത്തന രീതിയില്‍ കേരളകൗമുദിയെ ഉയരങ്ങളിലേക്ക് എത്തിച്ചുവെന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ പങ്കുവെച്ചു.
ഗവര്‍ണര്‍ പി. സദാശിവവും എം.എസ്. രവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ച സാമൂഹ്യപ്രതിബദ്ധയുള്ള പത്രാധിപരായിരുന്നു എം.എസ്. രവിയെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
കേരളകൗമുദിയുടെ പുതിയ മുഖം എം.എസ്. രവിയുടെ സംഭാവനയാണെന്ന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് സി. ദിവാകരന്‍ എംഎല്‍എ പങ്കുവെച്ചു. സാമൂഹ്യബോധവും പ്രതിബദ്ധതയും ഉള്ള ചിരിമായാത്ത കേരളത്തിലെ ശക്തനായ പത്രാധിപരാണ് രവിയെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സി. ദിവാകരന്‍ എംഎല്‍എ പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും നേരത്തേ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here