സുപ്രീംകോടതിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുവാൻ ഇംപീച്ച്‌മെന്റ് മാത്രമാണ് ഏക വഴി : പ്രശാന്ത് ഭൂഷൻ

ചീഫ് ജസ്റ്റിസിന്റെ തുടരെയുള്ള തെറ്റായ നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇംപീച്ച്‌മെന്റ് മാത്രമായിരുന്നു ഏക വഴിയെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇംപീച്ചമെന്റ് ചെയ്യുന്നതിലൂടെ സുപ്രീംകോടതിയുടെ വിശ്വാസതയ്ക്ക് കോട്ടം സംഭവിക്കുമെന്ന് പറയുന്നവർ ചീഫ് ജസ്റ്റിന്റെ നടപടികളിലൂടെ അത് എന്നേ നടന്നു കഴിഞ്ഞുവെന്ന് അറിയുന്നില്ലെന്നും ട്വിറ്ററിൽ കുറിച്ചു. ഇംപീച്ച്‌മെന്റ് ചെയയ്ുന്നതിലൂടെ തുടർന്നുള്ള തെറ്റായ നടപടികൾക്ക് അറുതി വരുത്തുമെന്നും പറയുന്നു.
അതേസമയം, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നടപടിതുടങ്ങി. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിന് ഏഴ് പ്രതിപക്ഷപാർട്ടികളിലെ 71 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് നൽകി.
ഇംപീച്ച്‌മെന്റ് പ്രമേയ നീക്കവുമായി മുന്നോട്ട് പോകാനുള്ള പ്രതിപക്ഷ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിക്കുന്നത്. ഇംപീച്ച്‌മെന്റിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വിമർശിച്ചു. ജസ്റ്റിസ് ലോയ കേസിൽ പ്രതിക്ഷം ഉയർത്തിയ തെറ്റായ വിവരങ്ങൾ തുറന്ന് കാട്ടുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഇംപീച്ച്‌മെന്റ് പ്രമേയ നീക്കത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായഭിന്നതയുള്ളതായാണ് വിവരം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം തുടങ്ങിയ നേതാക്കൾ നോട്ടീസിൽ ഒപ്പ് വച്ചില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റിനെ കുറിച്ച് ആലോചിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്‌മെൻറ്, ജഡ്ജി ലോയ കേസിലെ സുപ്രീംകോടതി വിധി എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here