22
Sep 2019
Sunday

എംഎസ് രവി; സൗഹൃദങ്ങളുടെ പത്രാധിപർ

– പിപി ജെയിംസ്‌

കേരള കൗമുദി നൂറാം വാർഷികത്തിൽ എത്തിയ നാളുകൾ.  ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ നിയോഗം ലഭിച്ചത് എംഎസ് രവി സാറിനായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഉദ്ഘാടനത്തിന് ക്ഷണിക്കുവാനായിരുന്നു തീരുമാനം. എംഎസ് രവിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. എന്നാൽ തുടക്കം മുതലേ തടസ്സങ്ങളായിരുന്നു. കേരള സന്ദർശനത്തിൽ സർക്കാർ പരിപാടികളിലേ പ്രധാനമന്ത്രി പങ്കെടുക്കൂവെന്ന് അറിയിപ്പ് വന്നു. കേരളകൗമുദിയുടെ ജന്മശതാബ്ദിയിൽ പ്രധാനമന്ത്രി വരില്ലെന്ന് ചുരുക്കം.

അന്ന് കേരള കൗമുദിയുടെ ഡെപ്യൂട്ടി എഡിറ്ററും യൂണിറ്റ് ചീഫുമായിരുന്ന ഞാനും പ്രത്യേക ലേഖകൻ എംഎം സുബൈറും അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ നേരിൽ പോയി കണ്ടു. ഉമ്മൻ ചാണ്ടി അന്നത്തെ പ്രതിരോധ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. കേരള കൗമുദിയുടെ ജന്മശതാബ്ദി സ്വകാര്യ ചടങ്ങല്ലെന്ന കാര്യത്തിൽ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഇതോടെ ധാരണയിലെത്തി. അന്ന് പ്രധാനമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും ഡൽഹിയിൽ സന്ദർശിച്ച് തടസ്സങ്ങൾ നീക്കിയത് എംഎസ് രവിയായിരുന്നു.

എല്ലാ തടസ്സങ്ങളും മാറ്റിവെച്ചു പ്രധാനമന്ത്രി കനകകുന്നിൽ നടന്ന ചരിത്രമുഹൂർത്തത്തിൽ പങ്കാളിയാകാൻ പറന്നെത്തി. അന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഉപഹാരം നൽകാനും കേരളകൗമുദിയുടെ അമരക്കാരനായി എംഎസ് രവി സജീവമായി രംഗത്തുണ്ടായിരുന്നു. സിവി കുഞ്ഞിരാമന്റെയും പത്രാധിപർ കെ സുകുമാരന്റേയും മഹത്തായ പാരമ്പര്യത്തിന്റെ പിന്മുറക്കാരനായ എംഎസ് രവിയാണ് ഇന്ന് ഓർമ്മയാകുന്നത്.

രാഷ്ട്രപതി ഭവനിൽ നൂറാം വാർഷികത്തിന്റെ സമാപന ചടങ്ങ് നടത്തിയതും ചരിത്രമുഹൂർത്തമായിരുന്നു. അന്ന് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിനോടൊപ്പം വേദിയിലിരുന്ന്  സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് എംഎസ് രവിയായിരുന്നു. അന്ന് രാഷ്ട്രപതിഭവനിൽ എഡിറ്റർ ദീപു രവിയോടൊപ്പം വേദി പങ്കിട്ട് നന്ദി പ്രകാശിപ്പിക്കാനുള്ള നറുക്ക് വീണത് എനിക്കായിരുന്നു. രാഷ്ട്രപതിയുടെ വക ചായസൽക്കാരവും തുടർന്നുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന എംഎസ് രവിക്ക് പ്രോട്ടോക്കോൾ മാറ്റിവെച്ച് ചായ നിറച്ചിരുന്ന ഗ്ലാസ് നീട്ടി പ്രതിഭാ പാട്ടീൽ പ്രത്യേക ആദരവ് നൽകുന്നത് കണ്ടു. എല്ലാം ഇനി ഓർമ്മകൾ.

കേരളകൗമുദിയുടെ പരിവർത്തന കാലഘട്ടത്തിൽ നായകസ്ഥാനത്തിരുന്ന് ചുക്കാൻ പിടിക്കാൻ കഴിഞ്ഞുവെന്ന സൗഭാഗ്യം എംഎസ് രവിയെ കേരളകൗമുദിയുടെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. പത്രാധിപർ കെ സുകുമാരന്റെ ഇളയ പുത്രനായ എംഎസ് രവിയോട് പത്രാധിപർക്ക് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. സാങ്കേതിക  വിദ്യകളില്‍  താൽപ്പര്യമുണ്ടായിരുന്ന എംഎസ് രവിക്ക് അച്ഛൻ വാച്ചും ടൈംപീസുമെല്ലാം സമ്മാനമായി നൽകുമായിരുന്നു. ഒരിക്കൽ വിലകൂടിയ ഒരു വാച്ച് പത്രാധിപർ എംഎസ് രവിക്ക് നൽകി. അരമണിക്കൂർ കഴിഞ്ഞ് പത്രാധിപർ കണ്ടത് ആ വാച്ച് മുഴുവൻ പല ഭാഗങ്ങളാക്കി വെച്ചിരിക്കുന്ന എംഎസ് രവിയെയാണ്. ആദ്യം പേടിയോടെയാണ് അച്ഛനെ നോക്കിയതെന്നും എന്നാൽ സാങ്കേതിക വിദ്യയിൽ രവിക്കുണ്ടായിരുന്ന താൽപ്പര്യം മനസ്സിലാക്കി പിന്നീട് ടൈംപീസും മറ്റ് വിലകൂടിയ യന്ത്രങ്ങളും  സമ്മാനിക്കുമായിരുന്നു. അവയെല്ലാം അഴിച്ച് വിവധ ഭാഗങ്ങളാക്കി അതിന്റെ സാങ്കേതിക വിദ്യ നോക്കി മനസ്സിലാക്കുമായിരുന്നു എംഎസ് രവി.

കാറുകളോടും അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു.  അറുപതുകളിൽ പത്രാധിപർ കെ സുകുമാരനും അന്നത്തെ തിരുവിതാംകൂർ മഹാരാജാവിനും മാത്രമാണ് ബെൻസ് കാർ ഉണ്ടായിരുന്നത്. പത്രാധിപർ വിടപറഞ്ഞിട്ട് ദശാബ്ദങ്ങളായെങ്കിലും ഒരുപാട്  ഓർമ്മകൾ പേറുന്ന ആ ബെൻസ് കാർ ഉപേക്ഷിക്കാൻ എംഎസ് രവി തയ്യാറായില്ല. കാലാകാലങ്ങളിൽ റിപ്പയർ ചെയ്ത് അര നൂറ്റാണ്ട് പിന്നിട്ട് ആ ബെൻസ് കാർ ഇപ്പോഴും എംഎസ് രവി ഓടിച്ചുനടക്കുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസവും ആ ബെൻസ് കാറിന്റെ കേടുപാടുകൾ തീർക്കുന്നതിലായിരുന്നു എംഎസ് രവിയുടെ ശ്രദ്ധ.

വലിപ്പ ചെറുപ്പമില്ലാതെ മനുഷ്യരോട് സ്‌നഹേത്തോടെ മാത്രം പെരുമാറി യന്ത്രങ്ങളുടെ എഞ്ചിനിയറിങ്ങും സാങ്കേതികവിദ്യയും മനസ്സിലാക്കുന്നതുപോലെ തന്നെ തീവ്ര മനുഷ്യബന്ധങ്ങളും എംഎസ് രവിക്ക് ഹൃദ്യസ്ഥമായിരുന്നു . അതുകൊണ്ട് തന്നെ നൂറ് കണക്കിന് സുഹൃത്തക്കളും അദ്ദേഹത്തിനുണ്ടായി.  കേരളകൗമുദിയുടെ എഡിറ്ററായിരുന്ന പതിനൊന്ന് വർഷം എംഎസ് രവി സാറുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഞങ്ങൾ നിരവധി തവണ ഒരുമിച്ച് യാത്ര ചെയ്തു. സൗഹൃദ നിമിഷങ്ങൾ പങ്കിട്ടു. മഹത്തായ ഒരു പാരമ്പര്യത്തിന്റെ പിന്മുറക്കാരനാണ് താനെന്ന ഭാവം ഒരിക്കൽപോലും അദ്ദേഹം കാണിച്ചിട്ടില്ല. മുതിർന്ന സഹോദരന്മാരായ എംഎസ് മണി യശശരീരരായ എംഎസ് മധുസൂധനൻ, എംഎസ് ശ്രീനിവാസൻ എന്നിവർക്കൊപ്പം കേരളകൗമുദിയെ മുൻനിരയിലെത്തിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച വ്യക്തിയാണ് കടന്നുപോകുന്നത്. പിന്നോക്ക സമുദായയങ്ങളുടേയും ദുരിതമനുഭവിക്കുന്നവരുടേയും മോചനത്തിന് വേണ്ടി തൂലിക പടവാളാക്കിയ കേരള കൗമുദിക്കും ആ ജനവിഭാഗത്തിനും രവിയുടെ വേർപാട് തീരാനഷ്ടമാണ്.

എംഎസ് രവിയുടെ പിൻഗാമികളായി ഇനി കേരള കൗമുദിയെ നയിക്കാൻ എഡിറ്റർ ദീപു രവിയും, മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവിയും. ഇതിനോടകം തന്നെ കഴിവ് തെളിയിച്ച അവരുടെ കയ്യിൽ കേരളകൗമുദിയുടെ ഭാവി ഭദ്രം.

ഫ്‌ളവേഴ്‌സ്‌ ടിവി ചെയർമാൻ ഗോകുലം ഗോപാലൻ , മാനേജിങ്ങ് ഡയറക്ടർ ആർ ശ്രീകൺഠൻ നായർ എന്നിവരുമായും വളരെ അടുത്ത ബന്ധമാണ്‌ എംഎസ് രവിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഫ്‌ളവേഴ്‌സ്‌ ടിവയുടെ ഫെസ്റ്റിവലുകളിൽ പങ്കാളിയായി കേരളകൗമുദിയും ഒപ്പം കൂടുന്നു.

എംഎസ് രവിയുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top