കേന്ദ്ര കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന ആവശ്യവുമായി സീതാറാം യെച്ചൂരി

സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ഹൈദരാബാദില്‍ അവസാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് കേന്ദ്ര കമ്മിറ്റിയെ കുറിച്ചും നേതൃത്വത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും. നേതൃത്വസ്ഥാനത്ത് സീതാറാം യെച്ചൂരി തുടരാനാണ് സാധ്യത. എന്നാല്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിന് തയ്യാറാണെന്ന് യെച്ചൂരി അറിയിച്ചിട്ടുണ്ട്.
എന്നാല്‍, കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ തിരഞ്ഞെടുപ്പുകളെ കുറിച്ച് പാര്‍ട്ടിയില്‍ സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള കമ്മിറ്റി തുടരണമെന്ന ആവശ്യത്തിലാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട്. എന്നാല്‍, കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് യെച്ചൂരിയുടെ നിലപാട്. പ്രായപരിധി കഴിഞ്ഞ കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗമായ എസ്. രാമചന്ദ്രന്‍ പിള്ളയെ പ്രത്യേക ഇളവ് നല്‍കി ഉന്നതസമിതിയില്‍ നിലനിര്‍ത്തണമെന്ന ആവശ്യമാണ് കാരാട്ട് പക്ഷത്തിനുള്ളത്. എന്നാല്‍, പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിന് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റം വരുത്തുന്നതില്‍ താല്‍പര്യമില്ലെന്ന് എസ്. രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ ഉന്നതഘടകങ്ങളില്‍ കാര്യമായ അഴിച്ചുപണി നടത്തി സംഘടനയെ ശക്തിപ്പെടുത്തുകയാണ് ആവശ്യമെന്ന് സീതാറാം യെച്ചൂരി പറയുന്നു. മഹാരാഷ്ട്രയില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ അശോക് ധാവെ പോലുള്ള ആളുകളെ പോളിറ്റ് ബ്യൂറോയില്‍ എത്തണമെന്നും യെച്ചൂരി ആവശ്യപ്പെടുന്നു. ഉത്തരേന്ത്യയില്‍ നിന്നും മറ്റും കഴിവുള്ള നേതാക്കളെ പിബിയിലെത്തിച്ചാല്‍ അവിടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം നേതാക്കളോട് പങ്കുവയ്ക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here