അത് കൂട്ടക്കൊല തന്നെ; സൗമ്യയുടെ മകളും മരിച്ചത് വിഷം ഉള്ളില്‍ ചെന്ന്

പിണറായിയിലെ ദൂരൂഹമരണം കൂട്ടക്കൊലയായിരുന്നുവെന്ന് തെളിയുന്നു. പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല ചെറുമകള്‍ ഐശ്വര്യ എന്നിവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരണം. ഒരേ സ്വഭാവമുള്ള വിഷമാണ് ഇവരുടെ ശരീരത്തില്‍ എത്തിയതെന്ന് പരിശോധനയില്‍ തെളിഞ്ഞു. സൗമ്യയുടെ മാതാപിതാക്കളുടെ മരണത്തിന് കാരണമായ അലൂമിനിയം ഫോസ്ഫൈഡ് തന്നെയാണ് മകള്‍ ഐശ്വര്യയുടെയും മരണത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മൂന്ന് മാസം മുമ്പാണ് കുഞ്ഞ് മരിച്ചത്. ഈ കുഞ്ഞിന്റെ മരണത്തിന് ശേഷം മാസങ്ങളുടെ ഇടവേളയിലാണ് സൗമ്യയുടെ അച്ഛനും അമ്മയും ഛര്‍ദ്ദി പിടിപെട്ട് മരിക്കുന്നത്. മൂന്ന് പേരും മരിക്കുന്നത് ഛര്‍ദ്ദി പിടിപെട്ടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മരണങ്ങളിലെ ദുരൂഹത ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെ ഛര്‍ദ്ദി പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 11മണിക്കൂറോളം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു.
കാമുകനൊപ്പം ജീവിക്കുന്നതിന് മാതാപിതാക്കളും കുഞ്ഞും തടസ്സമാകും എന്ന് തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പോലീസിനോട് സമ്മതിച്ചത്. ആറ് വര്‍ഷം മുമ്പ് സൗമ്യയുടെ ഒന്നരവയസ്സുള്ള കുട്ടി മരിച്ചിരുന്നു. ഇത് സ്വാഭാവിക മരണമാണെന്നാണ് പോലീസ് പറയുന്നത്. തലശ്ശേരിയില്‍ ഒരു ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സൗമ്യ കൊല്ലം സ്വദേശിയായ ഒരാളുമായി അടുപ്പത്തിലായിരുന്നു. രണ്ടാമത്തെ മകളെ ഗര്‍ഭം ധരിച്ച് ഇരുന്ന സമയത്ത് ഈ ബന്ധം പിരിഞ്ഞു.
കൊലപാതക പരമ്പര ആരംഭിക്കുന്നത് മൂന്ന് മാസം മുമ്പ്
മൂന്ന് മാസം മുമ്പാണ് എട്ട് വയസ്സുകാരിയായ മകളെ സൗമ്യ കൊല്ലുന്നത്. വറുത്ത മീനില്‍ എലിവിഷം ചേര്‍ത്താണ് നല്‍കിയത്. രണ്ട് മാസം കഴിഞ്ഞ് അമ്മയ്ക്ക് മീന്‍കറിയില്‍ വിഷം ചേര്‍ത്ത് നല്‍കി. ഐശ്വര്യയുടെ മരണകാരണങ്ങള്‍ തന്നെ അമ്മയിലും കണ്ടതോടെ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഈ സംശയം മാറാനായി കിണറില്‍ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞ് പരത്തി. വെള്ളം പരിശോധിക്കാനും നല്‍കി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. ഈ റിപ്പോര്‍ട്ട് സൗമ്യ അറിഞ്ഞിരുന്നില്ല. അതിനിടെയാണ് രസത്തില്‍ വിഷം ചേര്‍ത്ത് അച്ഛന് നല്‍കുന്നത്.
മരണകാരണം ഫോസ്ഫിന്‍
എലിവിഷത്തിലുള്ള അലൂമിനിയം ഫോസ്ഫൈഡാണ് മരിച്ചവരുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അലൂമിനിയം ഫോസ്ഫൈഡ് ദഹനരസത്തിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേരുമ്പോള്‍ ഫോസ്ഫിന്‍ ഉത്പാദിപ്പിക്കപ്പെടും. ഇതാണ് മരണകാരണമെന്നാണ് സൂചന. അച്ഛന്‍റേയും അമ്മയുടേയും രക്തത്തില്‍ നിന്ന് ഫോസ്ഫിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ അളവില്‍ പലപ്പോഴായി വിഷം നല്‍കിയെന്നാണ് സൂചന.
നടത്തിയത് ആത്മഹത്യാ നാടകം
സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ആശുപത്രിയില്‍ നിന്നാണ്. വീട്ടിലെ തുടര്‍മരണങ്ങള്‍ക്ക് കാരണമായ ഛര്‍ദ്ദി തന്നെയാണ് കാരണമെന്ന് കാണിച്ചാണ് സൗമ്യ ആശുപത്രിയില്‍ അഡ്മിറ്റായത്. എന്നാല്‍ ഇത് ഒരു നാടകമായിരുന്നെന്നാണ് പോലീസ് പറയുന്നത്.
soumya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here