ഷാർജയിൽ ഇന്ത്യക്കാരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു

ഇന്ത്യൻ യുവതിയുടെ മൃതദേഹം ഷാർജയിലെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭർത്താവ് കൊന്ന് കുഴിച്ചിട്ട ശേഷം രാജ്യം വിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. കൊലനടത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവം നടന്നിട്ട് ഒരു മാസമായിട്ടുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിൽനിന്നെത്തിയ സഹോദരൻ യുവതിയെ കാണാനില്ലെന്ന് പോലീസിൽ പരാതി നല്കിയപ്പോളാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. സഹോദരിയെ ഫോണിൽ ലഭിക്കാതായതിനെത്തുടർന്നാണ് ഇദ്ദേഹം ഷാർജയിൽ എത്തിയത്. വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടില്ല. തുടർന്ന് പോലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് വീടിനുള്ളിൽ ഒരു ഭാഗത്ത് ടൈലുകൾ ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവിടെ പോലീസുദ്യോഗസ്ഥർ നായയെക്കൊണ്ട് മണം പിടിപ്പിച്ചാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം കണ്ടെത്തിയത്.
അഴുകിത്തുടങ്ങിയ മൃതദേഹം ഫൊറൻസിക് നടപടികൾക്കായി നൽകി. ഇയാളെ പിടികൂടുന്നതിനായി ഇന്റർപോളടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here