‘കാത്തിരിക്കൂ…ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാകും, ബിസിസിഐ പ്രസിഡന്റും’!!!; പ്രവചനവുമായി വീരു
കളിക്കളത്തില്‍ നിന്ന് വിരമിച്ചാലും സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെടുന്ന താരമാണ് വീരേന്ദര്‍ സേവാഗ്. സേവാഗ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും ട്വീറ്റുകളും രാജ്യത്ത് ചര്‍ച്ചയാകാറുണ്ട്. അത്തരത്തിലൊരു അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ ദിവസം വീരു നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ കുറിച്ചാണ് സേവാഗിന്റെ പ്രവചനം. ഗാംഗുലിയുടെ നേതൃപാഠവം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമായറിയുന്ന സേവാഗ് കഴിഞ്ഞ ദിവസം ദാദയെ കുറിച്ച് നടത്തിയ പ്രവചനം ക്രിക്കറ്റ് ലോകത്തെയും ബംഗാള്‍ രാഷ്ട്രീയത്തെയും ഒരുപോലെ സ്വാധീനിക്കുന്നതാണ്.
ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്നും അതിന് മുന്‍പ് അദ്ദേഹം ബിസിസിഐ പ്രസിഡന്റാകുമെന്നുമാണ് സേവാഗ് പ്രവചിച്ചിരിക്കുന്നത്. “ഗാംഗുലി ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. എന്നാല്‍, അതിനേക്കാള്‍ മുന്‍പ് അദ്ദേഹം ബിസിസിഐയുടെ തലപ്പത്ത് എത്തും” സേവാഗ് പറഞ്ഞു. സേവാഗിന്റെ പ്രവചനത്തെ അത്ര നിസാരമായി കാണാന്‍ ഗാംഗുലിയുടെ വ്യക്തിപ്രാഭവത്തെ അടുത്തറിയുന്നവര്‍ തയ്യാറല്ല. ബിസിസിഐ പ്രസിഡന്റായി പലതവണ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ പോലും ശുപാര്‍ശ ചെയ്തിട്ടുള്ള പേര് ഗാംഗുലിയുടേതാണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭരിക്കുന്ന ഗാംഗുലിയുടെ കഴിവ് തന്നെയാണ് അതിന് കാരണം. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്ത് എത്തിയത് മുതല്‍ അസോസിയേഷന്‍ ഏറ്റവും മികച്ച രീതിയിലാണ് മുന്നേറുന്നത്.
ബംഗാളിലെ രാജഭരണത്തിന്റെ വേരുകള്‍ പരിശോധിച്ചാല്‍ നിലവിലെ രാജകുമാരനാണ് ഗാംഗുലി എന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ തള്ളി കളയാന്‍ പ്രേരിപ്പിക്കില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പലതവണയായി ഗാംഗുലിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപിയും ഗാംഗുലിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നതും സേവാഗിന്റെ പ്രവചനത്തെ സാധൂകരിക്കുന്നതാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ചിട്ടും ഗാംഗുലിക്ക് ബംഗാളില്‍ ഏറെ ആരാധകരുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലാണ് സേവാഗിന്റെ ദാദയെ കുറിച്ചുള്ള പ്രവചനം.
‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ എന്ന ഗാംഗുലിയുടെ ആത്മകഥയുടെ പ്രകാശന ചടങ്ങിലായിരുന്നു സെവാഗിന്റെ വാക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here