വരാപ്പുഴ കസ്റ്റഡി മരണം; ആലുവ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി. ജോര്‍ജ്ജിനെ ചോദ്യം ചെയ്യും. കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക. ഇന്നലെ അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.വി. ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ രേഖകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡി മരണം നടക്കുമ്പോള്‍ എ.വി. ജോര്‍ജ്ജ് ആലുവ റൂറല്‍ എസ്പിയായിരുന്നു. റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലുള്ള റൂറല്‍ ടൈഗര്‍ ഓഫീസേഴ്‌സിലെ നാല് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് എ.വി. ജോര്‍ജ്ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here