റോസ് മരിയ ചിത്രരചന പഠിച്ചിട്ടില്ല, ഇതാണ് യഥാര്‍ത്ഥത്തില്‍ വിസ്മയിപ്പിക്കുന്ന കഴിവ്

റോസ് മരിയ ഒരു വിസ്മയമാണ്. ശാസ്ത്രീയമായി ചിത്രരചന പഠിക്കാത്ത റോസ് മരിയ വരച്ച ചിത്രങ്ങളാണിത്. ആ കുഞ്ഞ് കൈകളിലെ നിറം ചാലിച്ച ബ്രഷുകള്‍ ഒരു ഫോട്ടോഗ്രാഫറെ പോലെ മുന്നിലിരിക്കുന്ന ആളുടെ മുഖം ഒപ്പിയെടുക്കുക. പൊന്മുടി അമ്പഴത്തിനാല്‍ സെബാസ്റ്റ്യന്റേയും ഷേര്‍ലിയുടേയും മകളാണ് റോസ് മരിയ. രാജാക്കാട് ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. ശാസ്ത്രീയമായി ചിത്ര രചന അഭ്യസിക്കാതെ തന്നെ ഇത്ര മനോഹരമായി വരയ്ക്കുന്ന റോസ് മരിയ അത്ഭുതമാണ്. ഇടുക്കിയിലെ ക്ലിന്റ് എന്നാണ് ഈ കൊച്ച് മിടുക്കിയെ നാട്ടുകാര്‍ വിളിക്കുന്നത്. അത്ര സൂക്ഷ്മമായി, മനോഹരമായി ആണ് ഓരോ ചിത്രങ്ങളും റോസ് മരിയ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചിത്രങ്ങള്‍ വരയ്ക്കാനുള്ള റോസ് മരിയയുടെ കഴിവ് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയുന്നത്. പ്രോത്സാഹനവുമായി അവരൊന്നിച്ച് നിന്നു, ആ പിന്തുണ നിറങ്ങളായി കടലാസിലേക്ക് പകര്‍ത്തുകയായിരുന്നു റോസ് മരിയ. കൃഷിക്കാരനാണ് റോസ് മരിയയുടെ അച്ഛന്. മകളുടെ ചിത്രരചനയ്ക്ക് മേല്‍ ഒരു നിഴല്‍ പോലും വീഴാന്‍ ഈ അച്ഛന് സമ്മതിക്കാറില്ല. മകള്‍ക്ക് വേണ്ടതെല്ലാം വാങ്ങി നല്കി ഒപ്പമുണ്ട് സെബാസ്റ്റ്യന്‍ എപ്പോഴും. സഹോദരന് കിരണും അനിയത്തിയ്ക്ക് പിന്തുണ നല്കി ഒപ്പമുണ്ട്.
ഫേബ്രിക്ക് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ് എന്ന് വേണ്ട ചിത്രരചനയിലെ എല്ലാ മാധ്യമങ്ങളിലും റോസ് മേരി കഴിവ് തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. ഫാബ്രിക് പെയിന്റും വാട്ടര്‍ കളറിനോടുമാണ് റോസ് മരിയ്ക്ക് മനസുകൊണ്ട് ഏറെ അടുപ്പം. പ്രകൃതി ഭംഗിയും പൂക്കളുമാണ് റോസ് മരിയ ഏറെ വരച്ചിട്ടുള്ളത്. കലയോടുള്ള ആ അഭിനിവേശത്തിന് വിലപ്പെട്ട രണ്ട് പുരസ്കാരങ്ങളും തേടിയെത്തി. ഏഷ്യന്‍ റെക്കോര്‍ഡ് അവാര്‍ഡും, ടോപ് ടാലന്റ് അവാര്‍ഡുമാണ് ഈ കഴിവിന് ലഭിച്ച വലിയ പുരസ്കാരങ്ങള്‍. കേരള സര്‍ക്കാരിന്റെ ഉജ്വലം ബാല്യം പുരസ്കാരത്തിനും റോസ് മരിയ അര്‍ഹയായി. സ്ക്കൂളിലും നാട്ടിലും എല്ലാ മത്സരങ്ങളിലും എന്നും ഒന്നാമതാണ് റോസ് മരിയയുടെ ചിത്രങ്ങള്‍ . ചെന്നൈയിലും ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു. 275ചിത്രങ്ങളാണ് അന്ന് അവിടെ പ്രദര്‍ശനത്തിന് വച്ചത്. തമിഴിലെ സൂപ്പര്‍ താരങ്ങളുടെ അടക്കം ചിത്രങ്ങളാണ് അന്ന് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
പാറത്തോട് സെന്റ് ജോര്‍ജ്ജ് സ്ക്കൂളിലും, രാജാക്കാട് ഗവണ്മെന്റ് സ്ക്കൂളിലുമെല്ലാം റോസ് മരിയയുടെ ചിത്ര പ്രദര്‍ശനം നടന്നിട്ടുണ്ട്. നിയമസഭ സാമാജികരുടെ ചിത്രം വരച്ച് പ്രദര്‍ശനം നടത്തിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. 2017മെയ് 10ലായിരുന്നു അത്. ചിത്രം വരച്ച് ഒന്നാം സമ്മാനം ലഭിച്ച തുക റോസ് മേരി ഒരു വൃക്ക തകരാറിലായ രോഗിയ്ക്ക് നല്കി സഹാനുഭൂതിയുടെ ഒരു നിറവാര്‍ന്ന ചിത്രം ജനങ്ങളുടെ മനസില്‍ വരയ്ക്കുകയും ചെയ്തു റോസ് മരിയ. പിന്നീട് നിയമസഭയില്‍ നിന്ന് ലഭിച്ച സമ്മാനം മൂന്ന് പേര്‍ക്കായി പകുത്ത് നല്‍കുകയാണ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here