Advertisement

കടുംചുവപ്പ് നിറങ്ങളും ചാള്‍സ് രാജാവും ചുമലിലെ പൂമ്പാറ്റയും; ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണച്ഛായ ചിത്രത്തിലെ പൂമ്പാറ്റ ചര്‍ച്ചയാകുന്നതിന് പിന്നില്‍?

June 3, 2024
3 minutes Read
Namath writes on butterfly in King Charles’s Official Portrait

നമത്

ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്. ആചാരങ്ങളാണ് രാജനിര്‍മ്മിതി. മഹാരാജാവിനു ചന്തക്കവലയിലിറങ്ങി കാലിച്ചായ കുടിച്ചേച്ചു സിഗരറ്റു വലിക്കാനൊക്കില്ല. തട്ടുകടേന്നു പുട്ടും കടലേം കഴിക്കാനൊക്കില്ല. ലോക്കലു ബാറില്‍ കയറി നിപ്പനടിക്കാനൊട്ടും പറ്റില്ല. രാഹുല്‍ഗാന്ധി തട്ടുകടയിലെ ചായ കുടിക്കുന്നതു പോലെ സ്റ്റേജ് ഷോ പോലും പറ്റില്ല.കഷ്ടപ്പാടാണ് രാജജീവിതം. അതറിയണമെങ്കില്‍ ഡച്ചസ് സ്ലാന്റെന്താന്നറിയണം. പ്രഭ്വിക്ക് ചുമ്മാ ഇരിക്കാനൊക്കില്ല. പകരം കാല് ഒരു പ്രത്യേക രീതിയില്‍ ചരിച്ചേ ഇരിക്കാനൊക്കൂ. വര്‍ഷങ്ങളിലെ പരിശീലനത്തിനവസാനമാണ് കുലീനതയോടെ ഇരിക്കാനുളള പഠിപ്പുതികയുന്നത്. കാലം ചെയ്ത അമ്മമഹാറാണി മുതല്‍ റെബല്‍ ഡയാനയും കടുംറെബല്‍ ആന്‍ രാജകുമാരിയും പോലും പൊതുവേദികളില്‍ സ്ലാന്റിലാണ് ആസനസ്ഥരായിരുന്നത്. രാജ്ഞിയുടെ കാര്യം ഇതാണെങ്കില്‍ രാജാവിന്റെ കാര്യം പറയാനുണ്ടോ. രാജാവിനു മറ്റൊരു ആചാരം കൂടിയുണ്ട്. രാജാവായാല്‍ മാത്രം പോര പടമായി ഭിത്തികളില്‍ തൂങ്ങുകയും കറന്‍സി നോട്ടുകളില്‍ തല വരയ്ക്കുകയും വേണം. (Namath writes on butterfly in King Charles’s Official Portrait )

രാജാകീയാചാരം ബിലാത്തിയില്‍ മാത്രമല്ല നാട്ടിലുമുണ്ട്. പതിനഞ്ച് പതിനാറു നൂറ്റാണ്ടുകളിലെ പുനരുദ്ധാന ശൈലിയിലെ രാജകീയ ചിത്രങ്ങള്‍ ഭാരതത്തിലെത്താന്‍ രാജാരവിവര്‍മ്മ വേണ്ടി വന്നു. സ്വാതി തിരുനാളും ദിവാന്‍ രാമറാവും മുതല്‍ മൈസൂര്‍ രാജാവും ബറോഡ രാജാവും അടക്കം രവിവര്‍മ്മ വരച്ച ചിത്രങ്ങളേറെയാണ്. രാജാവിന്റെ ഛായാചിത്രങ്ങളില്‍ സ്വഭാവത്തിനനുസരിച്ച ഭാവങ്ങളേറെയാണ്, പശ്ചാത്തലങ്ങളും. വേട്ടപ്രിയനായ രാജാവ് കുതിരപ്പുറത്തിരിക്കും, യുദ്ധവീരന്‍ ഉടവാളു പിടിക്കും. അവിടെയാണ് ചാള്‍സ് രാജാവിന്റെ ചിത്രശലഭം ചര്‍ച്ചയാകുന്നത്. സിംഹങ്ങളുടെ ഔദ്യോഗിക ചിഹ്നമുളള രാജാവിന്റെ തോളത്ത് പൂമ്പാറ്റ. മെഡലുകള്‍ക്കും സ്ഥാനചിഹ്നങ്ങള്‍ക്കുമിടയ്ക്ക് ഏച്ചു കെട്ടിയതു പോലെ ഒരു പൂമ്പാറ്റ. ചാള്‍സ് എന്തിനീ കടുംകൈ ചെയ്തു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചാള്‍സ് രാജാവായതിനു ശേഷമുളള ആദ്യത്തെ പോര്‍ട്രയിറ്റാണ്. ഏഴടി ഒമ്പതടി വലുപ്പത്തില്‍ ചുവപ്പിന്റെ അഞ്ചു കളി. സാധാരണ രാജവംശമുപയോഗിക്കുന്ന ഗന്ധകനീല മരതകപച്ച നിറങ്ങള്‍ക്കു പകരം ചുവപ്പുരാശിയുടെ ധാരാളിത്തം. കാലം ചെയ്ത മഹാറാണിയുടെ കളര്‍സെന്‍സ് അപാരമായിരുന്നു. ഓരോ അവസരങ്ങള്‍ക്കുമിണങ്ങുന്ന നിറങ്ങളുടെ തിരഞ്ഞെടുപ്പും. ചാള്‍സ് തിരഞ്ഞെടുത്തത് വെയില്‍സ് റജിമെന്റിന്റെ ഔദ്യോഗിക വേഷവും നിറങ്ങളുമാണ്. അമ്പരപ്പിച്ചത് പശ്ചാത്തലം പോലും ചുവപ്പില്‍ മുക്കിയതാണ്. റെനയസെന്‍സ് പെയിന്റിങ്ങില്‍ കോണ്‍ട്രാസ്റ്റില്‍ മാത്രം ശോഭിക്കുന്നതാണ് പോര്‍ട്രെയിറ്റ് ലൈറ്റിങ്ങ്. അതുപോലും അവതാളത്തിലാക്കി കൊണ്ട് രാജാവ് എന്തിന് ചിത്രകാരനോട് ചിത്രശലഭത്തെ ചുമരില്‍ പ്രതിഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു.

ചിത്രകാരന്‍ ജോനാഥന്‍ യോ പറയുന്നത് പൂമ്പാറ്റ രാജകുമാരനില്‍ നിന്നും യുവരാജാവില്‍ നിന്നും രാജാവായുളള പരിണാമത്തെ കുറിക്കുന്നുവെന്നാണ്. പക്ഷെ ജനം കാണുന്നത് ചുവപ്പിന്റെ ഒരങ്കലാപ്പില്‍ ഇരുണ്ട ഒരു ശലഭത്തെ മാത്രമാണ്. ഇളം ചുവപ്പില്‍ അപ്രസക്തമാകുന്ന സൈനിക മെഡലുകള്‍. ഇതിനു മുന്‍പാരും റോസ് നിറത്തെ സൈനികവുമായി കൂട്ടികെട്ടിയിട്ടില്ല. ചിത്രത്തില്‍ ആകെ തെളിച്ചമുളളതും മനസ്സിലാക്കാനാവുന്നതും രാജാവിന്റെ മുഖവും പൂമ്പാറ്റയുമാണ്. ചിത്രകാരന്‍ ജോനാഥന്‍ യോ പതിവു പോലെ ഛായാചിത്രത്തിന്റെ പശ്ചാത്തലം പെയിന്റെറിഞ്ഞു അമൂര്‍ത്തമാക്കി. ചോളമണ്ഡലം സ്‌കൂളു പോലെ രാജചിത്രം അമൂര്‍ത്തമായപ്പോള്‍ കുലീനപുരികങ്ങള്‍ ചുളിഞ്ഞു, കലാപരിസരങ്ങളില്‍ പിറുപിറുക്കലുകള്‍ നിറഞ്ഞു. ഇതിനു മുന്‍പും യോയുടെ പശ്ചാത്തല തിരഞ്ഞെടുപ്പ് വിവാദമായിട്ടുണ്ട്.

കലാപണ്ഡിതരുടെ കാഴ്ചപ്പാടില്‍ പൂമ്പാറ്റ ആത്മീയതയുടെയും സ്വയം പുതുക്കുന്നതിന്റെയും പുനര്‍ജനനത്തിന്റെയും ചിഹ്നമാണ്. പാറിപ്പറക്കുന്ന പൂമ്പാറ്റ കൊണ്ട് ചാള്‍സ് ആഗ്രഹിച്ചത് നിരന്തരം ആധുനികവത്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജവംശത്തെ കുറിച്ചുളള ധ്വനിയും കാലങ്ങളോളം ചാള്‍സ് കൊണ്ടു നടക്കുന്ന പരിസ്ഥിതി പ്രേമത്തിന്റെ സൂചനയുമാണ്. ചാള്‍സിന്റെ കാരണമായി യോ പറയുന്നത് ചിത്രശലഭം സംഭാഷണം തുടങ്ങാനുളള ഒരു ചൂണ്ടയാണെന്നാണ്. ചിത്രം കാണുന്നവര്‍ ചിത്രശലഭത്തെ കുറിച്ച് പറഞ്ഞു തുടങ്ങുമെന്ന പൊതു ന്യായം. ശരിക്കുളള കാരണമെന്തായിരിക്കും. നിര്‍ഗുണമോ നിസ്സംഗമോ എന്നൊക്കെ വിളിക്കാവുന്ന പൊതുസാന്നിധ്യമാണ് രാജാവിന്റേത്. അമ്മ മഹാറാണിയെ പോലെ കുലീനോത്തംഗതയുടെ പര്യായമല്ല. ആള്‍ക്കൂട്ട ആദരവ് സ്വന്തമാക്കുന്നില്ല. ഡയാനയെ പോലെ ക്രൌഡ് പുളളറല്ല.

അതാണ് സത്യം. ഡയാന ഇപ്പോഴും ജനഹൃദയങ്ങളിലുണ്ട്. ചാള്‍സ് രാജാവായതിനു ലഭിച്ച താരതമ്യേനെ തണുത്ത പ്രതികരണം പോലും ഒരു പക്ഷെ ഇപ്പഴും പെയ്യുന്ന ഡയാനയാവാം. പൊതുജനത്തിന്റെ മനസ്സില്‍ ഡയാനയുണ്ട്. ഡയാനയുടെ ജീവിതവും മരണവും. വലിയൊരു വിഭാഗം സ്ത്രീകളും ഇപ്പോഴും ഡയാനയെ നെഞ്ചിലേറ്റുന്നുണ്ട്. ആ മുറിവുകളുടെ മുകളിലുളള ബാന്‍ഡ് എയിഡാവാം പൂമ്പാറ്റയും വേനല്‍ക്കാല വസ്ത്രങ്ങളില്‍ മാത്രം പതിവുളള ഇളംചുവപ്പ് നിറങ്ങളുടെ ആറാട്ടും.

Story Highlights : Namath writes on butterfly in King Charles’s Official Portrait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top