ജെറുസലേമിൽ അമേരിക്കൻ എംബസിക്കെതിരെ പ്രതിഷേധം; വെടിവെപ്പിൽ 41 മരണം

ജെറുസലേമിൽ അമേരിക്കൻ നയതന്ത്ര കാര്യാലയം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 41 പേർ കൊല്ലപ്പെട്ടു. ഏതാണ്ട് 900ലേറെ പാലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ 450 പേർക്കും സൈന്യത്തിന്റെ വെടിയേറ്റതാണെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷമാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കാനുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിക്കുന്നത്. തുടർന്ന് യു.എസ് സ്ഥാനപതി കാര്യാലയം ടെഅൽ അലീവിൽ നിന്നും ജറുസലേമിലേക്ക് മാറ്റാൻ നടപടി ആരംഭിച്ചതോടെ പാലസ്തീൻ തർക്കവുമായി രംഗത്തെത്തി.
തങ്ങളുടെ ഭൂമിയിൽ ഇസ്രായേൽ അതിക്രമിച്ച് കയറിയതാണെന്ന് ആരോപിച്ച് കൊണ്ട് തിങ്കളാഴ്ച പാലസ്തീനികൾ ഗാസയിലെ അതിർത്തി വേലിയിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. തുടർന്ന് നടത്തിയ വെടിവയ്പിൽ 14 വയസുള്ള കുട്ടിയും വീൽചെയറിൽ ഇരുന്ന വികലാംഗനും ഉൾപ്പെടെ 41 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ എംബസി വിരുദ്ധ സമരത്തിനിറങ്ങി കൊല്ലപ്പെട്ടവരുടെ എണ്ണം 73ആയി. എന്നാൽ തങ്ങൾക്ക് നേരെ ടയർ കത്തിച്ചെറിഞ്ഞ് ആക്രമിച്ചവരെ പ്രതിരോധിക്കുകയായിരുന്നു എന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here