രാജാക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ. കോളേജിന് സ്വന്തമായി കെട്ടിടം

രാജാക്കാട് ഗവണ്‍മെന്റ് ഐ.ടി.ഐ കോളേജിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. അരക്കോടിയോളം രൂപ മുതല്‍മുടക്കുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 28ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ ഐ.ടി.ഐ കോളേജിന് അനുമതി ലഭിച്ചത് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പ്രതിസന്ധിയായി നിന്നിരുന്നത് കെട്ടിടമില്ലാത്തതായിരുന്നു. ഇതിന്റെ പേരില്‍ കോളേജ് പഞ്ചായത്തിന് നഷ്ടമാകുന്ന സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാള്‍ കോളേജിന് വേണ്ടി വിട്ടു നല്‍കകിയത്. പൊതുപരിപാടികള്‍ നടത്തുന്ന കമ്മ്യൂണിറ്റി ഹാള്‍ കോളേജിന് വിട്ടു നല്‍കിയത് പ്രതിഷേധത്തിനും ഇടയാക്കി.
ഇതിന് ശേഷം കൊച്ചുമുല്ലക്കാനത്ത് സ്ഥലം വാങ്ങുകയും ഇവിടെ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ അധ്യായന വര്‍ഷത്തിന് മുമ്പ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കോളേജിന്റെ പ്രവര്‍ത്തനം ഇവിടേയ്ക്ക് മാറ്റുവാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതിന് ശേഷം പരാതി ഉയര്‍ന്ന സാഹാചര്യത്തില്‍ അധികൃതര്‍ ഇടപെടുകയും ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയുമായിരുന്നു. പ്ലംബര്‍, വെല്‍ഡര്‍ എന്നീ രണ്ട് കോഴ്‌സുകളാണ് ഇവിടെയുള്ളത്. രണ്ട് കോഴ്‌സുകള്‍ക്കും പ്രത്യേകമായി വര്‍ക്ക് ഷോപ്പുകളും മറ്റ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വലിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here