Advertisement

ചൂടത്ത് അച്ഛൻ എനിക്ക് ഐസ്‌ക്രീം വാങ്ങി തരുമായിരുന്നു; ഇന്ന് അച്ഛനെ കൊന്ന ഇതേ ചൂടിനരികിൽ നിൽക്കുമ്പോൾ എനിക്കത് ഓർമ്മ വരും

May 18, 2018
Google News 1 minute Read
rony

കുടുംബത്തിന് വേണ്ടി ബാല്യംമുതൽ കഷ്ടപ്പെടുന്ന നിരവധി പേരെ നമുക്ക് ചുറ്റും കാണാം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കാണാം, ഹോട്ടലിൽ എച്ചിൽ പാത്രം പെറുക്കിയും, വഴിയിൽ ആക്രിയും പ്ലാസ്റ്റിക്കും പെറുക്കിയുമെല്ലാം ഉപജീവനമാർഗം കണ്ടെത്തുന്ന നിരവധി കുരുന്ന് ജീവിതങ്ങളെ. അവർക്കെല്ലാം ഉണ്ടാകും ഒരായിരം കഥകൾ പറയാൻ. ഒരു നേരത്തെ അന്നത്തിന് വേണ്ടി പറക്കമുറ്റുന്നതിന് മുമ്പേ തന്നെ തന്റെ കുടുംബത്തിന്റെ പ്രാരാബ്ധങ്ങളെല്ലാം തലയിലേറ്റേണ്ടി വന്നതിനെ കുറിച്ച്, ഒരു നേരമെങ്കിൽ വയർനിറച്ച് ആഹാരമെന്ന സ്വപ്നത്തെ കുറിച്ച്, മറ്റ് കുഞ്ഞുങ്ങലെ പോലെ കളിച്ചും പഠിച്ചും ജീവിക്കുന്നതിനെ കുറിച്ച്, അങ്ങനെ ഒരുപാട്…റോണി എന്ന കുഞ്ഞിന്റെയും സമാനമായ ഒരു കഥയാണ്. എന്നാൽ ഒരു വത്യാസം മാത്രം..അവന്റെ ആഗ്രഹം സുഖസൗകര്യങ്ങൾ വേണമെന്നല്ല, മറിച്ച് വലുതാകുമ്പോൾ മറ്റുള്ളവരുടെ കഷ്ടതകളകറ്റണമെന്നാണ്.

പ്രശസ്ത ഫോട്ടോഗ്രാഫർ ജിഎംബി ആകാശിന്റെ ഫേസ്ബുക്ക് പേജിലാണ് റോണിയുടെ കഥയുള്ളത്. റോണിയുടെ ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന കഥ കണ്ട് നിരവധി പേരാണ് സഹായിക്കണം എന്ന മനസ്സോടെ മുന്നോട്ട് വന്നിരിക്കുന്നത്.

റോണിയുടെ കഥ ഇങ്ങനെ :

‘ഇപ്പോൾ ഞാൻ സ്‌കൂളിൽ പോവാറില്ല. കാരണം ഭക്ഷണം വേണോ സ്‌കൂളിൽ പോവണോ എന്ന ഘട്ടം വന്നാൽ എന്ത് ചെയ്യും? എന്റെ അമ്മയുടേയും അനിയന്മാരുടേയും വയറുനിറക്കാൻ എനിക്ക് സ്‌കൂൾ ഉപേക്ഷിച്ചേ മതിയാകൂ. കഴിഞ്ഞ വർഷമാണ് എന്റെ അച്ഛൻ മരിക്കുന്നത്. ഇരുമ്പ് പണിക്കാരനായിരുന്നു എന്റെ അച്ഛൻ. തീയിൽ ഇരുമ്പ് ഉരുക്കുന്നതിനിടെ ഹൃദയാഘാതം വന്നാണ് അച്ഛൻ മരിക്കുന്നത്. ഈ ചൂടിൽ പണിയെടുക്കുന്നത് അസഹനീയമാണ്. അച്ഛൻ വളരെ കരുത്തനായ വ്യക്തിയായിരുന്നു. ഈ ചൂടിലാണ് അദ്ദേഹം ദിവസവും പണിയെടുത്തിരുന്നത്. ഈ ചൂടിൽ തന്നെ അദ്ദേഹം മരിക്കുമെന്ന് ആരും കരുതിയില്ല. അച്ഛന്റെ മരണശേഷം എനിക്ക് ആ ജോലി ലഭിച്ചു.

അച്ഛൻ ഉപയോഗിച്ച അതേ ചുറ്റികയാണ് ഞാനും ഉപയോഗിക്കുന്നത്. എന്നാൽ ആ കരുത്ത് എനിക്കില്ല. എനിക്ക് ക്ഷീണവും, വിശപ്പുമാണ് എപ്പോഴും. സ്‌കൂളിൽ പോകുന്നതും, കൂട്ടുകാർക്കൊപ്പം കളിക്കുന്നതും ഞാൻ മിസ്സ് ചെയ്യും. ചൂടത്ത് അച്ഛൻ എനിക്ക് നിറമുള്ള ഐസ്‌ക്രീം വാങ്ങി തരുമായിരുന്നു. നരകാഗ്നി പോലെ ചൂടുള്ള ഇവിടെ ജോലി ചെയ്യുമ്പോൾ ഞാനത് ഓർക്കും.

പക്ഷേ ഇവിടെ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളുണ്ട്. അദ്ദേഹം എനിക്ക് എന്റെ അച്ഛൻ ചെയ്തിരുന്നത് പോലെ ഐസ്‌ക്രീം വാങ്ങി തരും. ഒന്നു ചെയ്യാനാകാതെ ഞാൻ തളർന്നിരിക്കുമ്പോൾ എന്റെ ജോലി കൂടി അദ്ദേഹം ചെയ്യും. എനിക്ക് വലുതാകുമ്പോൾ അദ്ദേഹത്തെ പോലയാകണം. മറ്റുള്ളവരുടെ വിഷമതകളും കഷ്ടതകളും അകറ്റണം, അതാണെന്റെ ആഗ്രഹം’ – റോണി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here