20
May 2019
Monday

ആ സിനിമ എന്റെ തന്നെ അനുഭവം: അന്‍സിബ ഹസന്‍

ansiba

– അന്‍സിബ ഹസന്‍ / പി വീണ
‘ദൃശ്യം’ എന്ന സിനിമയിലൂടെയാണ് അന്‍സിബ എന്ന നടിയെ മലയാളം ‘ദര്‍ശിക്കു’ന്നത്. ആ സിനിമയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഈ താരം പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വിമര്‍ശനങ്ങളുടെ പേരിലാണ്.  സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കുടുതല്‍ വ്യക്തിഹത്യ നേരിടുന്ന മലയാളനടി ഒരു പക്ഷേ അന്‍സിബയാവും. ഇത്തരം ‘ആരാധകരെ’ നേരിടാനോ, അവരോട് മറുപടി പറയാനോ അന്‍സിബ ഇതുവരെ മെനകെട്ടിട്ടില്ല. ഞാനറിയാത്ത ഏതോ ഒരാള്‍ എന്നെ പറ്റി ഞാന്‍ അറിയാത്ത കാര്യങ്ങള്‍ പറയുന്നു, അത് ഞാന്‍ എന്തിന് ശ്രദ്ധിക്കണം എന്നതാണ് അന്‍സിബയുടെ നിലപാട്. എന്നാല്‍ അത്തരക്കാര്‍ക്ക് മുഖമടച്ചുള്ള മറുപടിയാണ് എ ലൈവ് സ്റ്റോറി എന്ന അന്‍സിബയുടെ ഷോര്‍ട്ട് ഫിലിം. ഫെയ്സ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ അന്‍സിബയെ മോശമാക്കി കമന്റ് ചെയ്ത ഏതൊരാളും ഈ ഷോര്‍ട്ട് ഫിലിമിന് മുന്നില്‍ ചൂളിപ്പോകും, കാരണം ഈ നാലുമിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം അവരുടെ ‘വൈകല്യ’ങ്ങള്‍ക്കുള്ള മറുപടിയാണ്. നടിയില്‍ നിന്ന് സംവിധായികയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ത്രില്ലിലാണ് താരം. ഇതിന്റെ തിരക്കഥയും സംവിധാനവുമാണ് അന്‍സിബ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ട്വന്റിഫോര്‍ ന്യൂസിനോട് സംസാരിക്കുകയാണ് അന്‍സിബ


നടിയില്‍ നിന്ന് സംവിധായികയിലേക്ക് …എ ലൈവ് സ്റ്റോറിയുടെ പിറവി എങ്ങനെയാണ്?
ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് ഞാനിപ്പോള്‍. കോഴ്സിന്റെ ഭാഗമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണമായിരുന്നു. അങ്ങനെയാണ് ഷോര്‍ട്ട് ഫിലിം എന്ന് ചിന്തയിലേക്ക് വരുന്നത്. എക്സാമിന് മുമ്പ് ഇത് സബ്മിറ്റ് ചെയ്യണം. മൊബൈലില്‍ ചെയ്താലും മതിയായിരുന്നു. എന്നാല്‍ ഒറ്റ ദിവസത്തെ ഷൂട്ടിംഗേ ഉള്ളായിരുന്നെങ്കിലും ഒരു സിനിമ എങ്ങനെയാണ് ചിത്രീകരിക്കുന്നത് അത് പോലെയാണ് ഇത് ഷൂട്ട് ചെയ്തത്. ഷൂട്ടിന് മുമ്പേ തന്നെ ഇതിന്റെ സീന്‍ ബൈ സീന്‍ സ്ക്രിപ്റ്റ് എന്റെ കയ്യില്‍ ഉണ്ടായിരുന്നു. കൂട്ടുകാര്‍ തന്ന സപ്പോട്ടും കൂടിയായപ്പോള്‍ ധൈര്യസമേതം മുന്നോട്ട് പോകുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മലയാള സിനിമയിലെ എന്നല്ല സിനിമാ മേഖലയിലെ എല്ലാ നടിമാരും നേരിട്ട അല്ലെങ്കില്‍ നേരിടുന്ന കാര്യമാണ് നാല് മിനിട്ടിലൂടെ അന്‍സിബ പറയുന്നത്. അന്‍സിബയ്ക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ?

എനിക്ക് തന്നെ നേരിടേണ്ടി വന്ന അനുഭവം തന്നെയാണിത്. ഒരിക്കല്‍ ഫെയ്സ്ബുക്ക് ലൈവിനിടെ ഇതേ കമന്റ് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സത്യത്തില്‍ സഭ്യമായ ഭാഷയിലാണ് ചിത്രത്തില്‍ ഞാന്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ വളരെ മോശമായ ഭാഷയിലാണ്  അന്ന് ഒരാള്‍ കമന്റ് ഇട്ടത്. ഞാന്‍ ഭയങ്കര ബോള്‍ഡായിട്ടുള്ള ഒരു സ്ത്രീയേ അല്ല. അത്  വായിച്ചപ്പോള്‍ വല്ലാതെ അപ്സറ്റ് ആയി. അങ്ങനെ ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യാന്‍ ഒരാള്‍ക്കും അധികാരം ഇല്ല. സ്ത്രീയെന്ന് അല്ല ആര്‍ക്കും ആരേയും ഇങ്ങനെ വ്യക്തിഹത്യ ചെയ്യാന്‍ അധികാരം ഇല്ല. മാനസികമായി തളര്‍ന്നപ്പോള്‍ എന്റെ സുഹൃത്തുക്കളാണ് എന്നെ സമാധാനിപ്പിച്ചത്. അവര്‍ അയാളെ കണ്ടെത്തി.  ഫെയ്ക്ക് ഐഡി അല്ലായിരുന്നു. കൂട്ടുകാര്‍ തന്നെ അയാളെ വിളിച്ച് എന്തിനാണ് ഇങ്ങനെ കമന്റ് ഇട്ടതെന്ന് ചോദിച്ചു. അയാള്‍ അത് നിഷേധിച്ചു. ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞ് ഭാര്യയോടും അവര്‍ വിവരം പറഞ്ഞു. ഈ സംഭവം തന്നെ നേരിട്ടെത്തി ചോദിക്കുന്ന തരത്തിലാണ് ഷോര്‍ട്ട് ഫിലിമില്‍ ചെയ്തത്.


മലയാള സിനിമയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ അധിക്ഷേപം നേരിടുന്ന നടിയാണ് അന്‍സിബ. ഇത്തരക്കാരോട് പ്രതികരിച്ച് കണ്ടിട്ടില്ല?

ഞാന്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റുകള്‍ കാണുന്നത് നടിമാരുടെ മാത്രം അക്കൗണ്ടിലാണ്. കൂട്ടത്തില്‍ ഒന്നാമത് ഞാനാണ്. കമന്റുകള്‍ക്ക് ഞാന്‍ മറുപടി പറയാറില്ല.  എന്താ പ്രതികരിക്കാത്തതെന്ന് എല്ലാവരും  ചോദിക്കും. ഞാനെന്തിനാണ് റിയാക്റ്റ് ചെയ്യുന്നത്? എനിക്കറിയാത്ത ആരൊക്കെയോ ഈ ലോകത്ത് ഇരുന്ന് എനിക്ക് അറിയാത്ത എന്തൊക്കെയോ പറയുന്നു. ഞാന്‍ അറിഞ്ഞാലല്ലേ അത് പ്രശ്നം ഉള്ളൂ. ഞാന്‍ നോക്കാറേ ഇല്ല.

ആദ്യമൊക്കെ എനിക്കിത് വല്ലാതെ പ്രശ്നം ആയിരുന്നു. ചില ഓണ്‍ലൈന്‍ സൈറ്റുകളാണ് പ്രശ്നം. എന്റെ പേരിട്ട് ഞാന്‍ അറിയാത്ത റിലീജിയസ് ആയ പോസ്റ്റിടുകയാണ് അവര്‍. ഇതുവരെ  മതപരമായ കാര്യങ്ങളില്‍ ഞാന്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞു എന്ന പേരിലാണ് എന്റെ സ്റ്റേറ്റ്മെന്റ്സ് അവര്‍ പ്രചരിപ്പിക്കുന്നത്. ആദ്യമൊക്കെ ചിലരോട് അത് നീക്കം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ കാണാത്തത് എത്രയോ ഉണ്ടാകാം. ഇത്പേഴ്സണലി അറ്റാക്ക് ചെയ്യുകയാണെന്നോ, ഒരാളുടെ ലൈഫിനെ തകര്‍ക്കുമെന്നോ എന്നൊന്നും അവര്‍ക്ക് അറിയേണ്ട, അവര്‍ അത് മനസിലാക്കാന്‍ ശ്രമിക്കുന്നുമില്ല. ചിലപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ അവരുടെ ചാനലിന് സബ്സ്ക്രിപ്ഷന്‍ കൂടുമായിരിക്കും. യു ട്യൂബില്‍ നിന്ന് ധാരാളം പൈസ ലഭിക്കുമായിരിക്കും.

ഞാന്‍ വിചാരിക്കും ഒരാളെ വ്യക്തിഹത്യ ചെയ്ത് അതില്‍ നിന്ന് കിട്ടുന്ന പൈസ കൊണ്ട് അവര്‍ നന്നാവുവാണേല്‍ നന്നാവട്ടെ എന്ന്. ഞാന്‍ വീട്ടില്‍ മമ്മിയുമായി അടിയുണ്ടാക്കുന്നതല്ലാതെ മറ്റൊരാളുമായി അടിയുണ്ടാക്കാനോ വാഗ്വാദത്തിനോ നില്‍ക്കാറില്ല. എനിക്ക് അതിനുള്ള മനക്കട്ടിയില്ല. 


എങ്ങനെയാണ് സിനിമാ താരങ്ങള്‍ കഥാപാത്രങ്ങളാകുന്നത് ?
സ്ക്രിപ്റ്റ് എഴുതുമ്പോഴേ എന്റെ മനസില്‍ ക്യാരക്ടേഴ്സിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.  സുമുഖനായ വിദ്യാഭ്യാസമുള്ള ഒരാള്‍ അതായിരുന്നു ലക്ഷ്യം. കലാഭവന്‍ പ്രജോദേട്ടന്റെ മുഖം സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോഴേ എന്റെ മനസില്‍ ഉണ്ടായിരുന്നു.

പൊതുവേ  പഠിപ്പില്ലാത്തവര്‍,ലോ പ്രൊഫൈലുള്ള ആളുകള്‍  ഇവരൊക്കെയാണ്  സോഷ്യല്‍ മീഡിയയില്‍ മോശമായ പെരുമാറുന്നതെന്നാണ് സമൂഹത്തിലെ ധാരണ. സത്യത്തില്‍ അങ്ങനെയല്ല എജ്യുക്കേറ്റഡ് ആയിട്ടുള്ളവരാണ്  ഇത്തരത്തില്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. എന്നാല്‍ എല്ലാ ആണുങ്ങളും ഇങ്ങനെയല്ല.  വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല മനുഷ്യരായിരിക്കണം.

മകന്‍ ഇങ്ങനെയാണ് എന്ന് അറിയുമ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടം ഉണ്ടാകുന്നത് അച്ഛനും അമ്മയ്ക്കുമാണ്. അവര്‍ കരുതുന്നത് തന്റെ മകന്‍ നല്ലവനാണ്, പെണ്ണുങ്ങളെ റെസ്പെക്റ്റ് ചെയ്യുന്നവനാണ് എന്നൊക്കെയാണ്. യഥാര്‍ത്ഥത്തില്‍ സന്തോഷകരമായ ജീവിതം നയിക്കുന്ന പുരുഷന്മാരാണ് ഇങ്ങനെ ചെയ്യുന്നത് എന്നതാണ് സത്യം.


മറ്റ് താരങ്ങള്‍ ഫെമിലിയര്‍ ആയിട്ടുള്ള ആര്‍ട്ടിസ്റ്റ് വേണമെന്ന് വിചാരിച്ചതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഒരു ദിവസത്തെ ഷൂട്ടാണ് പുതുമുഖങ്ങളെ കൊണ്ട് എത്രമാത്രം എനിക്ക് അഭിനിയിപ്പിച്ച് എടുക്കാനാവും എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. പ്രജോദേട്ടന്റെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം ആണിത്. പ്രൊജക്റ്റുമായി പ്രജോദേട്ടനെ സമീപിക്കുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു ഈ ക്യാരക്ടര്‍ ചേട്ടന്‍ ചെയ്യുമോ എന്ന്. അത് കൊണ്ട് ആദ്യം ഞാന്‍ റോള്‍ എന്താണെന്ന് പറഞ്ഞു കൊടുത്തു. സ്ക്രിപ്റ്റ് കേട്ടപ്പോള്‍ പ്രജോദേട്ടന് വളരെ ഇഷ്ടായി.
അമ്മ ക്യാരകടറിന് കോമഡി വേണം, പക്ഷേ ഫുള്‍ കോമഡി ആകുകയും ചെയ്യരുതെന്നുണ്ടായിരുന്നു.പരീത് പണ്ഡാരി എന്ന ചിത്രത്തില്‍ ഞാന്‍ പോളി ആന്റിയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നു. ഇന്നസെന്റ് ഫെയ്സ് വേണമെന്നുള്ളത് കൊണ്ടായിരുന്നു അഞ്ജന ചേച്ചിയെ കാസ്റ്റ് ചെയ്തത്.

നായികയായി മെറിന മൈക്കിള്‍ എത്തുന്നത് എങ്ങനെയാണ്?

മെറീനയ്ക്ക് ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ഫെയ്സ് ആണ്. ഇപ്പോള്‍ ഞാനാണ് ആ വേഷം ചെയ്തതെങ്കില്‍ ഞാന്‍ ഒരു വീട്ടില്‍ പോയി ഇങ്ങനെ ചോദ്യം ചെയ്യുന്നത് കാണികള്‍ ആക്സപ്റ്റ് ചെയ്യണം എന്നില്ല. മെറീനയുടെ ലുക്ക് തന്നെ ബോള്‍ഡാണ്.

നാല് മിനിട്ടില്‍  ഒരു സിനിമ, തുടക്കക്കാരി എന്ന നിലയില്‍ നേരിട്ട ബുദ്ധിമുട്ടുകള്‍?
ദൈര്‍ഘ്യം കുറവായിരിക്കണമെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. ഞാനാണെങ്കില്‍ പോലും ആരെങ്കിലും ഒരു ഷോര്‍ട്ട് ഫിലിം അയച്ച് തന്നാല്‍ അതിന്റെ ഡ്യൂറേഷനാണ് ആദ്യം നോക്കുക. വലിയ ഡ്യൂറേഷനുള്ളവ കാണാന്‍ പൊതുവെ ആളുകള്‍ മടിക്കും. അത്തരത്തിലുള്ള മടി കൂടുതല്‍ ഉള്ള ആള് തന്നെയാണ് ഞാന്‍. അത്രയും നേരം കാണാന്‍ സമയം ചെലവാക്കാന്‍ ആള്‍ക്കാര്‍ തയ്യാറായില്ല. അത് കൊണ്ടാണ് സിനിമ നാല് മിനിട്ടില്‍ ഒതുക്കിയത്.

സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പണ്ട് മുതലേ സിനിമകാണും. സിനിമയെ പറ്റി എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിച്ചാല്‍ മതി ഞാന്‍ ഗൂഗിള്‍ ആണെന്നൊക്കെ സിനിമയിലുള്ള സുഹൃത്തുക്കള്‍ പറയും. ഒരു സിനിമ പോലും വിടാതെ ഞാന്‍ കാണും. കണ്ട സിനിമ തന്നെ ടിവിയില്‍ വരുമ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും ഇരുന്ന് കാണും.  അവരൊക്കെ കാണാത്ത സിനിമയുണ്ടെങ്കില്‍ ഞാന്‍ അതിന്റെ കഥ പറഞ്ഞ് കൊടുക്കും. ബാക്ക്ഗ്രൗണ്ട് സ്കോര്‍ അടക്കമാണ് ഞാന്‍ കഥ പറഞ്ഞ് കൊടുക്കുക. സിനിമ കണ്ടെഴുന്നേറ്റത് പോലെയാണ്  തന്നെയാണ് ഞാന്‍ കഥ പറയുന്നത് കേട്ട് കഴിയുമ്പോള്‍ എന്ന് അവര്‍ പറയും. അവരൊക്കെ എപ്പോഴും പറയും സിനിമ ചെയ്യാന്‍ എനിക്ക് കഴിയും എന്ന്. ഫ്ളവേഴ്സ് ടിവിയില്‍ ഞാന്‍ ഹോസ്റ്റ് ചെയ്ത ഷോയുടെ ഡയറക്ടര്‍ മിഥിലാജ് ഏട്ടന്‍, ക്യാമറമാന്‍ പ്രമോദ് എട്ടന്‍, എഡിറ്റര്‍ അഭിലാഷേട്ടന്‍ ഇവരൊക്കെ കൊണ്‍ഫിഡന്‍സ് തന്നത് കൊണ്ടാണ് ഞാന്‍ ചെയ്തത്.


ഷോര്‍ട്ട് ഫിലിം സംവിധായികയുടെ കയ്യില്‍ നിന്ന് ‘ബിഗം ഫിലിം’ പ്രതീക്ഷിക്കാമോ?

ഒരു സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറായിട്ടുണ്ട്. ഫീമെയില്‍ ഓറിയന്റഡാണ്. ഉര്‍വശി മാഡത്തെ മനസില്‍ വിചാരിച്ചാണ് ആ കഥ എഴുതി പൂര്‍ത്തിയാക്കിയത്. അത് സിനിമായാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പരീക്ഷാ തിരക്കുകളിലാണ് ഞാനിപ്പോള്‍. അത് കഴിഞ്ഞിട്ട് അത് ചെയ്യാം എന്നാണ് പ്രതീക്ഷ.

Loading...
Top