പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ കാരണം തന്നെ

പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചത് അപൂര്‍വ വൈറസ് ബാധ കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി അറിയിച്ചു. ഇവിടെ പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുകയാണ്.
ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരാണ് മരിച്ചത്. സാലിഹിന്റെ പിതാവ് മൂസ്സ, പ്രതിശ്രുത വധു ആത്തിഫ എന്നിവര്‍ ചികിത്സയിലാണ്. സാബിത്ത് ആദ്യഘട്ടത്തില്‍ ചികിത്സ തേടിയ ആശുപത്രിയിലെ നഴ്സ് ലിനി, സാലിഹിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് അടുത്ത് ഇടപെഴകിയ ബന്ധു നൗഷാദും രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.
തലച്ചോറിനേയും ഹൃദയത്തേയുമാണ് ഈ വൈറസ് ബാധിക്കുന്നത്. പേരാമ്പ്ര ചങ്ങരോത്ത് മരിച്ച എല്ലാവരുടേയും മരണ കാരണം തലച്ചോറിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം നിലച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ശരീരത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. വായുവിലൂടെ പകരാത്ത ഈ രോഗം ശരീര ദ്രവങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് പകരുക. വവ്വാലില്‍ നിന്നോ പന്നികളില്‍നിന്നോ ജനിതക വ്യതിയാനം സംഭവിച്ച് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് രോഗത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. മരിച്ചവരുടെ അടുത്ത ബന്ധുക്കളുടെയും സമീപവാസികളുടെയും രക്തസാമ്പിളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനകം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here