ബംഗളൂരുവിൽ തെളിഞ്ഞത് ദേശീയ രാഷ്ട്രീയ ചിത്രം; ബി ജെ പി ക്യാമ്പിനെ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങൾ

അമ്പത്തിയഞ്ച് മണിക്കൂർ മാത്രം മുഖ്യമന്ത്രി പദത്തിലിരിക്കാൻ അനുവദിച്ച് യെദ്യൂരപ്പയെ ആധികാരത്തിൽ നിന്ന് താഴെയിറക്കിയപ്പോൾ അവിടെ വിജയിച്ചത് കോൺഗ്രസ്-ജെഡിഎസ് സഖ്യം മാത്രമായിരുന്നില്ല, ബിജെപിയുടെ കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവും കണ്ട് ജനാധിപത്യ തകർച്ചയെന്ന് വിലപിച്ച ജനംകൂടിയാണ്. കർണാടകത്തിന്റെ 23 ആം മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, മറ്റ് അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം കൈകോർക്കുന്ന അപൂർവ്വ രംഗത്തിന് കർണാടകം സാക്ഷ്യം വഹിച്ചു.
കോൺഗ്രസ്-ജെഡിഎസ് വിജയത്തിൽ ബിജെപി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും സന്തോഷവാൻമാരായാണ് കാണപ്പെട്ടത്. സോണിയാ ഗാന്ധി, മായാവതി, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, കുമാരസ്വാമി, ശരദ് പവാർ, മമത ബാനർജി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെല്ലാം പരസ്പരം കൈകോർത്തു.
2019 തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ യുദ്ധ സജ്ജമാകുന്നതിന്റെ മുന്നോടിയായും രാഷ്ട്രീയനിരീക്ഷകർ ഇതിനെ കാണുന്നു. ആശങ്കയോടെ മാത്രമേ ബിജെപി ക്യമ്പിന് ഈ നീക്കത്തെ നോക്കിക്കാണാൻ സാധിക്കുകയുള്ളു.
ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷമായിരുന്നു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. കർണാടക വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുപേയ് വാല സത്യവാചകം ചൊല്ലി കൊടുത്തു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.
Hand in hand; Opposition unites against bjp after kumaraswami swearing in ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here