ചെങ്ങന്നൂരില്‍ യുഡിഎഫിന് പിഴച്ചതെവിടെ…?

ശക്തമായ ത്രികോണ മത്സരമാവുമെന്ന് ഇലക്ഷന് മുന്‍പ് കരുതിയിരുന്ന ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ കണക്കുകളെല്ലാം അപ്രസക്തമായി. എല്‍ഡിഎഫ് ക്യാമ്പ് പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മഹാ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ നിയമസഭയിലേക്ക് എത്തുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിക്കാന്‍ പോകുന്ന ക്ഷീണം ചെറുതൊന്നുമല്ല.

2016 നേക്കാള്‍ 1450 വോട്ട് അധികം നേടി എന്ന് താല്‍ക്കാലികമായ വാദത്തിന് വേണ്ടി പറയാമെങ്കിലും അതൊന്നും യുഡിഎഫിന് ആശ്വാസം പകരുന്ന വസ്തുതയല്ല. 2016 ല്‍ 7983 വോട്ടുകളുടെ വ്യത്യാസമായിരുന്നു എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഉണ്ടായിരുന്നതെങ്കില്‍ 2 വര്‍ഷത്തിനിപ്പുറം 20956 വോട്ടുകളായി ആ വ്യത്യാസം വളര്‍ന്നു.

തോറ്റത് മാത്രമല്ല; തോറ്റ രീതിയും ദയനീയമാണ്. ഒരു പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് വരും ദിവസങ്ങളില്‍ യുഡിഎഫില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കും. കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് മാത്രം 621 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഉണ്ടായത്. 2016 ല്‍ 401 വോട്ട് ലീഡ് യുഡിഎഫിന് ഉണ്ടായിടത്ത് നിന്നാണ് ഈ വ്യത്യാസം എന്നത് കൂടി പരിഗണിക്കുമ്പോള്‍ വോട്ട് ചോര്‍ച്ച എത്ര മാത്രം രൂക്ഷമാണ് എന്ന് മനസിലാക്കുക. യുഡിഎഫിന്റെ ഉറച്ച പഞ്ചായത്തായ മാന്നാറില്‍ നിന്ന് മാത്രം എല്‍ഡിഎഫ് നേടിയതാവട്ടെ 2629 വോട്ടിന്റെ ഭൂരിപക്ഷമാണ്.

വൈരങ്ങള്‍ മറന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന നാളുകളില്‍ മാണി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിന് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത് എന്ന് കണക്കുകള്‍ പറയുന്നു. കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവണ്‍മണ്ടൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ കൂട്ടുകെട്ട് ഐക്യ മുന്നണിക്ക് യാതൊരു വിധ ഗുണവും ഉണ്ടാക്കിയിട്ടില്ല എന്ന് മനസിലാക്കാം.

പ്രതിപക്ഷ നേതാവായ രമേഷ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിലും ബൂത്തിലും പോലും യുഡിഎഫിന് ലീഡ് നേടാനായില്ല. ചെന്നിത്തല പഞ്ചായത്തില്‍ 2403 വോട്ടിനും പ്രതിപക്ഷ നേതാവിന്റെ സ്വന്തം ബൂത്തില്‍ 177 വോട്ടിനും യുഡിഎഫ് പിന്നിലായത് ചെന്നിത്തലയുടെ ജന സമ്മിതിയെ അടക്കം ചോദ്യം ചെയ്യുന്ന വസ്തുതയാണ്.

ഇലക്ഷന്‍ ദിവസം കെവിന്റെ മരണത്തിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഒപ്പം ഇലക്ഷന് ശേഷം ഡി. വിജയകുമാര്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് വളരെ പിന്നിലായിരുന്നു എന്നാണ് ഫലം വരുന്നതിന് മുന്നേ അദ്ദേഹം ആക്ഷേപമുന്നയിച്ചത്. എന്നാല്‍ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ വലിയ ഒഴുക്കായിരുന്നു പ്രചരണ ദിനങ്ങളില്‍ ചെങ്ങന്നൂരില്‍ ഉണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ ആക്ഷേപം കൂടി പരിഗണിക്കുമ്പോള്‍ അവരാകെത്തന്നെ നേതാക്കന്മാരുമൊത്തുള്ള സെല്‍ഫി എടുക്കുന്നതില്‍ കവിഞ്ഞ പ്രചാരണങ്ങളിലേക്ക് കടന്നിട്ടില്ല എന്ന് വേണം കരുതാന്‍.

കഴിഞ്ഞ തവണ ബിജെപിക്ക് ഒപ്പം നിന്ന ബിഡിജെഎസിനെ ഈ സാഹചര്യത്തില്‍ കൂടെ നിര്‍ത്താനും യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ കോണ്‍ഗ്രസ് ഉപയോഗിച്ച മൃദു ഹിന്ദുത്വ സമീപനമാണ് വിജയകുമാറിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിണമിച്ചത് എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ തവണ റിബലായി മത്സരിച്ച ശോഭനാ ജോര്‍ജ് 3900 വോട്ട് നേടിയിരുന്നു. ഇത്തവണ എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തില്‍ സജീവമായിരുന്ന ശോഭനാ ജോര്‍ജും അത് വഴി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വോട്ടുകളും ഇടത് പക്ഷത്തേക്ക് എത്തിയതും വിജയകുമാറിന് തിരിച്ചടിയായി. അതിനോടൊപ്പം ശോഭനാ ജോര്‍ജിനെതിരായ കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രസ്താവനയും യുഡിഎഫിന് ബൂമറങ്ങായി.

ചെങ്ങന്നൂര്‍ ഫലം ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് ഇലക്ഷന് മുന്നേ പ്രഖ്യാപിച്ച് വീരനാവാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി ഇപ്പോഴും ആ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന എല്‍ഡിഎഫ് നേതാക്കളുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഒപ്പം വര്‍ഗീയ ധ്രുവീകരണവും ഭരണത്തിന്റെ ദുരുപയോഗവുമാണ് പരാജയത്തിന്റെ കാരണം എന്ന പ്രതിപക്ഷ നേതാവിന്റെ ബാലിശമായ പ്രസ്താവനയും കേരളം മുഖവിലക്കെടുക്കാന്‍ സാധ്യതയില്ല.

മണ്ഡലത്തിലെത്തിയ യുഡിഎഫ് നേതാക്കളത്രയും ചെങ്ങന്നൂരിനെ കുറിച്ച് സംസാരിക്കുന്നതിന് പകരം സംസ്ഥാന ഭരണത്തിനെ മോശമായി ചിത്രീകരിക്കാനുള്ള തത്രപാടില്‍ മാത്രമായിരുന്നു. ആ ശ്രമങ്ങളൊക്കെയും ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തിയിരിക്കുകയാണ്. അതും ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സജി ചെറിയാന് സമ്മാനിച്ച് കൊണ്ട്. ഇനിയുള്ള ചോദ്യം ഈ തിരഞ്ഞെടുപ്പില്‍ നിന്നും യുഡിഎഫ് പഠിക്കുന്നതെന്ത് എന്നാണ്. ദുര്‍ബലമായ പ്രതിപക്ഷവും ദുര്‍ബലമായ കെപിസിസിയും നിര്‍ജീവമായ യൂത്ത് കോണ്‍ഗ്രസിനും ഇനി കേരള രാഷ്ട്രീയത്തിലെ ഭാവിയെന്താണ് എന്നും..?

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More