ഓഫീസില്‍ നിന്ന് ഉച്ചയ്ക്കിറങ്ങി ഒരു കല്യാണം; കുത്തിപ്പൊക്കലിലൂടെ ലോകം അറിഞ്ഞ ഒരു നന്മയാണിത്

ഫെയ്സ് ബുക്കിപ്പോള്‍ തുറക്കാന്‍ വയ്യ, കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഒരിക്കലെങ്കിലും ഇങ്ങനെ മനസിലെങ്കിലും ചിന്തിക്കാത്ത ഒറ്റ ഫെയ്സ് ബുക്ക് ഉപഭോക്താവുണ്ടാകില്ല. കുത്തിപ്പൊക്കലാണ് ഫെയ്സ്ബുക്കില്‍ അടുത്തിടെ തുടങ്ങിയ, ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്ന മഹാപാതകം. വര്‍ഷങ്ങള്‍ മുമ്പുള്ള ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് കാണുമ്പോള്‍ ആദ്യം അതിലൊരു രസമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് പതുക്കെ അരോചകമായി തീര്‍ന്നിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ, പണ്ടത്ത ഫോട്ടോകളില്‍ പലതും ഒരു കാലഘട്ടത്തിലെ നല്ലോര്‍മ്മകളെ കുറച്ച് നേരത്തേക്കെങ്കിലും മനസിലേക്ക് കൊണ്ട് വരികയും ചെയ്തു. കണ്ടത് തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് സത്യത്തില്‍ അരോചകം.
ഈ കുത്തിപ്പൊക്കല്‍ മഹാമഹം ഇപ്പോള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇരുപത് വര്‍ങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വിപ്ലവ കല്യാണമാണ്. ഒരു പക്ഷേ കുത്തിപ്പൊക്കല്‍ കണ്ട് പിടിച്ച ആള്‍ മനസില്‍ പോലും കണ്ടുകാണില്ല, കുത്തിപ്പൊക്കലിന്റെ ഈ മറുവശം. അധികം ആരും കാണാതെ പോയ ആ നന്മ ഈ പോസ്റ്റ് കുത്തിപ്പൊക്കിയതിലൂടെ ഫെയ്സ്ബുക്കിലൂടെ വീണ്ടും വീണ്ടും പടര്‍ന്നൊഴുകുകയാണ്. ഈ പോസ്റ്റ് വായിക്കുന്നവര്‍ക്ക് പോസ്റ്റിനോട് റിയാക്റ്റ് ചെയ്യാതെ പോകാനാവില്ല, അത് കൊണ്ട് തന്നെ വീണ്ടും വീണ്ടും കുത്തിപ്പൊങ്ങിക്കൊണ്ടിരിക്കുകയാണ് ഈ പോസ്റ്റ്.
പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ മനോജ് കെ പുതിയവിളയുടേതാണ് കാലങ്ങള്‍ കഴിഞ്ഞിട്ടും കാലഹരണപ്പെടാത്ത ഈ പോസ്റ്റ്. കുത്തിപ്പൊക്കിയ ആള്‍ ലക്ഷ്യമിട്ടത് പഴയ ഫോട്ടോയാണെങ്കിലും അതിലെ എളിമയുടെ ധാരാളിത്തമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. മനോജിന്റേയും സബിതയുടേയും വിവാഹ ദിനത്തിലെ ഫോട്ടോയാണിത്. സബിതയെ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കിയേ.. വിവാഹദിനത്തിലെ ഒരു നവവധുവാണിത്. പട്ടുസാരിയില്ലാതെ, പൂ ചൂടാതെ, ആഭരണങ്ങള്‍ ധരിക്കാത്ത ഒരു വധു. ചിത്രം കണ്ട് വീട്ടുകാര്‍ സമ്മതിക്കാതെ ഇറങ്ങിപ്പോയി വിവാഹം കഴിച്ചതാണെന്ന് തെറ്റിദ്ധരിക്കേണ്ട. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇത്. ഫുളി അറൈഞ്ജ്ഡ്!
വധുവിന്റെ ഒരുക്കത്തില്‍ മാത്രമല്ല, ഒട്ടേറ പ്രത്യേകതകളുണ്ടായിരുന്നു ഈ വിവാഹത്തിന്. സ്വന്തം കൈപ്പടയില്‍ വരന്‍ എഴുതി തയ്യാറാക്കിയ കത്ത്, എന്നാല്‍ ആ കത്ത് വിവാഹം ക്ഷണിക്കാനായിരുന്നില്ല, വിവാഹം അറിയിക്കാനായിരുന്നു. കാരണം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് നടത്താന്‍ ഉദ്ദേശിച്ച കല്യാണത്തിന് 20പേരെയാണ് പങ്കെടുപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ട് തന്നെ ക്ഷണക്കത്തല്ല ‘അറിയിപ്പ് കത്താണ്‘ വിതരണം ചെയ്തത്. അമ്മയുടെ കൈപ്പടയിലാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും ഈ അറിയിപ്പുകത്ത് നല്‍കിയത്, മനോജിന്റെ കൈപ്പടയില്‍ സുഹൃത്തുക്കള്‍ക്കും.

സബിതയും മനോജും വിവാഹ ‘വേഷത്തില്‍’
ഏതൊരാളും കേട്ടാല്‍ ഞെട്ടുന്ന മറ്റൊന്നു കൂടി കല്യാണ ദിവസം നടന്നു. കല്യാണം രജിസ്റ്റര്‍ ചെയ്യാനായി രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ അവിടെ വലിയ തിരക്ക്. പെണ്ണ് ബന്ധുവീട്ടിലേക്കും ചെക്കന്‍ ഓഫീസിലേക്കും മടങ്ങിപ്പോയി. തിരക്ക് കുറഞ്ഞപ്പോള്‍ വന്ന് കെട്ടി, കെട്ടി എന്ന് പറയാനാകില്ല സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു എന്ന് പറയാം. കാരണം താലിചാര്‍ത്തല്‍ ഉണ്ടായില്ല. ഒരു കരിമണി മാലയും രണ്ട് വളയും സാദാ സാരിയും ഉടുത്ത് വധു വന്നു. ഓഫീസില്‍ നിന്ന് ഉച്ചയോടെ വരനും. അതെന്താ ഇമ്മട്ടിലൊരു കല്യാണം എന്ന് ചോദിച്ചാല്‍ നാട്ടിലുള്ള മുഴുവന്‍ കുഞ്ഞുകുട്ടി പരാധീനങ്ങളേയും വിളിച്ച് വരുത്തി നാലുവക പ്രഥമനും കൂട്ടി സദ്യ കൊടുത്തു കുടുംബം കുളം തോണ്ടുന്ന അനാവശ്യ ആര്‍ഭാടങ്ങളാണ് കല്യാണങ്ങള്‍ എന്ന് ഉത്തരം തരും മനോജും സബിതയും. 1998 ലെ ലോക പരിസ്ഥിതി ദിനത്തിലായിരുന്നു, പരിസ്ഥിതിയോട് ഏറെ ഇണങ്ങിയ ഈ വിവാഹം.
യുക്തിവാദി പ്രസ്ഥാനത്തില്‍ നിന്ന് പൊതു പ്രവര്‍ത്തനം ആരംഭിച്ചയാളാണ് മനോജ്. ഒപ്പം ഉണ്ടായിരുന്ന യൂണിറ്റ് സെക്രട്ടറി ക്ഷേത്രത്തില്‍ വച്ച് ആചാര പ്രകാരം വിവാഹം ചെയ്തതിന് മനോജ് ചോദ്യം ചെയ്തിരുന്നു. അന്ന് മനോജിന് നേരെ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരമായിരുന്നു ഈ വിവാഹം. മനോജിന്റെ മനസില്‍ പരസ്പരം ഒരു പൂമാല ഇടാമെന്നേ ഉണ്ടായിരുന്നുള്ളൂ.. സബിത ഒരു പടി കൂടി കടന്നായിരുന്നു ഉത്തരം നല്‍കിയത്. എന്ത് മാല വേണമെങ്കിലും ആകാം താലി ഒഴികെ എന്നായിരുന്നു മറുപടി. ഒരു ബന്ധത്തിന് ഉറപ്പുണ്ടാകാന്‍ അതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു സബിതയുടെ ചോദ്യം. ഫോണ്‍ അത്രയധികം പ്രചാരമല്ലാതിരുന്ന അക്കാലത്ത് ഇരുവരും കല്യാണത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളുമായി എഴുതിയ കത്തും ഈ പോസ്റ്റിനൊപ്പം കുത്തിപ്പൊങ്ങിയിട്ടുണ്ട്. കത്ത് വായിച്ചാല്‍ മനസിലാകും മറ്റേത് പൊരുത്തം ഇല്ലെങ്കിലും ഇവര്‍ തമ്മില്‍ മനപ്പൊരുത്തം ഉണ്ടായിരുന്നു, വേണ്ടതിലും അധികം!!
സംഗതി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പോസ്റ്റ് മാത്രമാണ് പലര്‍ക്കും. എന്നാല്‍ ഈ കുത്തിപ്പൊക്കല്‍ കാലഘട്ടത്തില്‍ ഈ പോസ്റ്റ് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് വെറും കുത്തിപ്പൊക്കലിന്റെ പേരിലാകില്ലെന്ന് ഉറപ്പ്. ആചാരങ്ങളും ആഘോഷങ്ങളുടേയും മുഹൂര്‍ത്തങ്ങളുടേയും അകമ്പടിയോടെ മാത്രം ഇന്നും നടക്കുന്ന കല്യാണധൂര്‍ത്തുകള്‍ക്ക് 20കൊല്ലം മുമ്പ് കൊടുത്ത മുഖമടച്ച അടിയായിരുന്നു ഈ കല്യാണം. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 20വര്‍ഷം പൂര്‍ത്തിയാകുന്നു, പൊരുത്തമോ, മുഹൂര്‍ത്തമോ ഇല്ലാതെയുള്ള വിവാഹം സ്മൂത്തായി മുന്നോട്ട് പോകുന്നു. തിരുവനന്തപുരം സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ സെന്ററിൽ ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് മനോജ്. ഭാര്യ സബിത ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളിലെ അധ്യാപികയാണ്. ഇരുവര്‍ക്കും ഒരു മകന്‍, മതമില്ലാത്ത ജീവന്‍, അമന്‍. തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജിൽ രണ്ടാംവർഷ ബി എസ് സി ബോട്ടണി വിദ്യാർത്ഥിയാണ്.
ലോക പരിസ്ഥിതി ദിനത്തിലായിരുന്നു കല്യാണമെന്നത് കൊണ്ട് തന്നെ 2012മുത്ല തന്റെ ഈ ഫോട്ടോ ഫെയ്സ് ബുക്കില്‍ ജൂണ്‍ അഞ്ചിന് സ്വയം കുത്തിപ്പൊക്കുമായിരുന്നു മനോജ്. (2012ലാണ് ഫെയ്സ് ബുക്കില്‍ ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുന്നത്). ഈ തരത്തിലുള്ള ഒരു വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ (സ്വ)കുത്തിപ്പൊക്കലുകളുടെ ലക്ഷ്യം. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും നിരവധി പേരാണ് ഈ പോസ്റ്റ് കണ്ട് മനോജിനെ വിളിക്കുന്നത്. ഇങ്ങനെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ റഫറന്‍സ് പോയന്റാണ് ഇപ്പോള്‍ മനോജ്. പലര്‍ക്കും ഇത്തരത്തിലുള്ള വിവാഹത്തിന് താത്പര്യമുണ്ടെങ്കിലും എങ്ങനെ എന്ത് ചെയ്യണമെന്ന് അറിയില്ല. അവര്‍ക്ക് കൃത്യമായി മാര്‍ഗ്ഗ നിര്‍ദേശം നല്‍കും- മനോജ് പറയുന്നു. എന്നാല്‍ ഈ വര്‍ഷം കുത്തിപ്പൊക്കല്‍ ക്യാംപെയിന്‍ വന്നതോടെ സ്വന്തം ‘ക്യാപെയിന്‍’ പെട്ടിയില്‍ വച്ച് പൂട്ടി. പക്ഷേ… കുത്തിപ്പൊക്കല്‍ അവിടെയും എത്തി, കുത്തിപ്പൊക്കി, പുറത്തിറക്കി. പച്ചപ്പിന്റെ സമൃദ്ധിയോടെ, ശീതളിമയോടെ ന്യൂസ് ഫീഡുകളില്‍ ഇങ്ങനെ ഒഴുകി നടക്കുകയാണ് ആ വിവാഹ വിപ്ലവം ഇപ്പോള്‍, നല്ല മാതൃകകളെ കുത്തിപ്പൊക്കുക മാത്രമല്ല, പിന്തുടരുകയും ചെയ്യാം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here