കളിക്കൂട്ടിലെ ലോകം മറക്കാത്ത ആ ഹെഡര്‍

മാന്ത്രിക നീക്കങ്ങളാണ് കാല്‍പ്പന്തുകളിയിലെ ഹരം. ഗോളുകളേക്കാള്‍ ആ നീക്കങ്ങളുടെ വശ്യത ഫുട്ബോള്‍ ആരാധകരെ മരണംവരെ ഊറ്റം കൊള്ളിച്ചുകൊണ്ടേയിരിക്കും. കളിയില്‍ തോല്‍വി പിണഞ്ഞാലും ആ നീക്കത്തെ ലോകം വാഴ്ത്തും, ആരാധകര്‍ മാത്രമല്ല, ആരാധനയിലെ എതിരാളികളും… ഫുട്ബോള്‍ കളിയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്, സിനിമാലോകത്തെ താരാധകരെ പോലെ ഇവര്‍ പരസ്പരം കളിയെ കൂവി തോല്‍പ്പിക്കില്ല, ആത്യന്തികമായി ഇവര്‍ ആരാധിക്കുന്നത് ടീമിനെയോ രാജ്യത്തെയോ അല്ല, ഫുട്ബോളിനെയാണ്.
നാല് വര്‍ഷം കൂടുമ്പോള്‍ ലോകം ഒന്നാകെ കാല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍ ഓര്‍മ്മ ദിവസത്തിലെന്ന പോലെ ആ മാന്ത്രിക നീക്കങ്ങളെ ലോകം വീണ്ടും വീണ്ടും പ്രകീര്‍ത്തിക്കും. 1997ലെ ഫ്രാന്‍സിന്റേയും ബ്രസീലിന്റേയും മത്സരത്തിനിടെ റോബര്‍ട്ടോ കാര്‍ലോസിന്റെ ആ ഫ്രീ- കിക്ക്, എറിക് കാന്റോണയുടെ കുങ് ഫു കിക്ക്, മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ അങ്ങനെ ലോകം നെഞ്ചോട് ചേര്‍ത്ത് വച്ച ഫുട്ബോള്‍ മുഹൂര്‍ത്തങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനാവില്ല. ഇക്കൂട്ടത്തിലാണ് സിനദെന്‍ സിദാന്റെ ഒരു ഹെഡര്‍ കിടക്കുന്നത്. പക്ഷേ ആ ഹെഡറില്‍ സിദാനെയുടെ തല ചെന്ന് ഇടിച്ചത് ബോളിലായിരുന്നില്ലെന്ന് മാത്രം, ഇറ്റലിയുടെ പ്രതിരോധ താരം മാര്‍ക്കോ മറ്റെരാസിയുടെ നെഞ്ചിലായിരുന്നു സിദാനെയുടെ ആ ഹെഡര്‍. ഒരു ജനതയുടെ ലോകക്കപ്പ് സ്വപ്നങ്ങളാണ് അന്ന് സിദാന്‍ തലകൊണ്ട് ഇടിച്ച് ഗ്രൗണ്ടിന് വെളിയിലിട്ടത്.
2006ലോക കപ്പ് ഫൈനല്‍ മത്സരം. കളിക്കളത്തില്‍ ഫ്രാന്‍സും ഇറ്റലിയും. ഒരോ തവണ വീതം ഇരുഗോള്‍വലയും കുലുങ്ങി. ആരാധകര്‍ ഒരുപോലെ ശ്വാസം അടക്കി മനസുകൊണ്ട് ബോളിന് പിന്നാലെ പോകുന്ന കളിയിലെ 110ാം മിനിട്ട്. മുന്നോട്ട് കുതിച്ച് വന്ന സിദാന്‍ മറ്റെരാസിയെ തല കൊണ്ട് ഇടിച്ച് വീഴ്ത്തുന്നു. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ കുലുങ്ങിയത് ഗോള്‍ വലയല്ല, ലോകം മുഴുവനുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ലോകം മുഴുവന്‍ മിനുട്ടുകളോളം സ്തംബ്ധരായി. ഗ്യാലറിയിലെ ആരവം സ്വിച്ച് ഇട്ടത് പോലെ നിന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു, ചുവപ്പ് കാര്‍ഡ് കണ്ട് സിദാന്‍ കളിക്കളം വിടുന്നു, ആരാധകരുടെ കണ്ണിലേക്ക് ഇരുട്ട് കയറി. പെനാള്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 5-3ന് ഇറ്റലി കപ്പില്‍ മുത്തമിട്ടു. ലോകക്കപ്പ് നഷ്ടപ്പെട്ട ഫ്രാന്‍സ് ജനതയും ലോകമെമ്പാടുമുള്ള ആരാധകരും തങ്ങളുടെ ഹീറോയെ നിഷ്കരുണം തള്ളിപ്പറഞ്ഞു.
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളില്‍ സിദാനെ പ്രകോപിപ്പിച്ചത് എന്താണെന്നുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു ലോകം. സിദാന്റെ കുടുംബാംഗങ്ങളെ, അമ്മയെ, സഹോദരിയെ ആരെയോ മറ്റെരാസി അധിക്ഷേപിച്ചു എന്ന വാര്‍ത്തകള്‍ പരന്നു. ഇരു താരങ്ങള്‍ക്കും എതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. അന്ന് ചുവപ്പ് കാര്‍ഡ് കണ്ട് സിദാന്‍ ഇറങ്ങിയത് ആ മത്സരത്തില്‍ നിന്ന് മാത്രമല്ല, തന്റെ ഫുട്ബോള്‍ ജീവിതത്തില്‍ നിന്ന് കൂടിയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് അതിന് പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. 2006ലെ ലോകക്കപ്പോടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് കളിക്കളത്തിലെ ശാന്തത മുഖം എന്ന് വിശേഷിപ്പിച്ചിരുന്ന സിദാനെ നഷ്ടമായി. അതും ആ വിശേഷണം വേരോടെ പറിച്ചെറിഞ്ഞ്!!
ഫൈനല്‍ മത്സരങ്ങളില്‍ കളിക്കാരെല്ലാം വലിയ സമ്മര്‍ദ്ധങ്ങളുടെ മേലാക്കാണ് ജഴ്സിയണിയുക. ചെറിയ പ്രകോപനം മതി അത് പൊട്ടിത്തെറിക്കാന്‍. അത് തന്നെയായിരുന്നു ഇവിടെയും നടന്നത്. മറ്റെരാസി കളിക്കിടെ സിദാന്റെ സഹോദരിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇരുവരും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വിവാദ ഹെഡ്ഡറിന്റെ വെങ്കല പ്രതിമ ഖത്തര്‍ സംസ്ഥാനമായ ദോഹയില്‍ സ്ഥാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here