പന്നിയാര്‍ പുഴയില്‍ ശക്തമായ നീരൊഴുക്ക്; ചെക്ക് ഡാം കരകവിഞ്ഞൊഴുകുന്ന കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്‌

മഴ ശക്തമായി പന്നിയാർ പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ മുക്കുടി ചെക്ക് ഡാം കവിഞ്ഞൊഴുകി. കുത്തുങ്കൽ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിൽ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിച്ചെങ്കിലും ഉൽപ്പാദനത്തെക്കാൾ വെളളം ഒഴുകിയെത്തിയതാണ് ചെക്ക് ഡാം കരകവിയാൻ കാരണം. ചെക്ക് ഡാം കരകവിഞ്ഞതോടെ കാലങ്ങൾക്ക് ശേഷം കുത്തുങ്കൽ വെള്ളച്ചാട്ടവും സജീവമായി.

കുത്തുങ്കൽ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പന്നിയാർ പുഴയിൽ മുക്കുട്ടി എപ്പ സിറ്റിക്ക് സമീപം ഡാം നിർമ്മിച്ചത്. ഷട്ടറുകൾ ഇല്ലാതെ നിർമ്മിച്ചിരിക്കുന്ന ചെക്ക് ഡാമിൽ നിന്നും വൈദ്യുതി ഉൽപ്പാദനത്തിന്റെ ഭാഗമായി നിലവിൽ വെള്ളം കൊണ്ടു പോകുന്നുണ്ടെങ്കിലും ഇതിൽ കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെയാണ് ചെക്ക്ഡാം നിറഞ്ഞൊഴുകിയത്. ഡാം കവിഞ്ഞൊഴുകിയതോടെ നീരാഴുക്ക് നിലച്ചിരുന്ന കുത്തുങ്കൽ വെള്ളച്ചാട്ടവും സജീവമായി. പ്രദേശത്തെ ഏറ്റവും മനോഹരമായിരുന്ന വെള്ളച്ചാട്ടം ഡാം നിർമ്മിച്ചതോടെ അപ്രത്യക്ഷമായിരുന്നു. ഇതിന് ശേഷം കാലവർഷ മഴയിൽ ഡാം നിറഞ്ഞൊഴുക്കുമ്പോൾ മാത്രമാണ് വീണ്ടും ജല സമൃദ്ധമാക്കുന്നത്. വെള്ളച്ചാട്ടം സജീവമായതോടെ മഴയും കാറ്റും വക വയ്ക്കാതെ നിരവധി സഞ്ചാരികളാണ് സുന്ദരമായ കാഴ്ച കാണാന്‍ എത്തുന്നത്.

Loading...
Top