കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം കാരണം: കലിയടങ്ങാതെ വി.എം. സുധീരന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം കാരണമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത കെപിസിസി നേതൃയോഗത്തിലാണ് പാര്‍ട്ടിക്കെതിരെ ഗുരുതര വിമര്‍ശനവുമായി വി.എം. സുധീരന്‍ രംഗത്തെത്തിയത്. ഇതോടെ, കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരകലാപം കൂടുതല്‍ രൂക്ഷമായി.
ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. പാര്‍ട്ടിയെ നയിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരാണ്. ഇത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്തു. ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഒടുവില്‍ താന്‍ ഗ്രൂപ്പ് വൈരത്തിന്റെ ഇരയായി. ഇക്കാരണങ്ങളാലാണ് കെപിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് സുധീരന്‍ തുറന്നടിച്ചു.
പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ അതിപ്രസരമാണെന്നും അതിനാല്‍ പാര്‍ട്ടിയിലെ സംഘടനാസംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും പറഞ്ഞ സുധീരന്‍ ഗ്രൂപ്പുകളുടെ അതിപ്രസരമാണ് തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണമെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ പെരുമാറ്റചട്ടം രൂപീകരിക്കാന്‍ കെപിസിസി തീരുമാനിച്ചതിന്റെ പിന്നാലെയാണ് സുധീരന്റെ ഈ വിമര്‍ശനം.
പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുണ്ടെന്നും എന്നാല്‍ ഗ്രൂപ്പുകളുടെ അതിപ്രസരമില്ലെന്നുമായിരുന്നു കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ സുധീരന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചത്. സുധീരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ഹസന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പാര്‍ട്ടി ഫോറത്തിനുള്ളില്‍ പറയണമെന്നും പരസ്യപ്രസ്താവനകളെയും വിമര്‍ശനങ്ങളെയും ചെറുക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പെരുമാറ്റചട്ടം രൂപീകരിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹസന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here