ഫിഫ 2018; ഫുട്‌ബോൾ പ്രേമികൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ
ലോകകപ്പിനായി ഒരുദിവസം മാത്രം ബാക്കി നിൽക്കേ ഫുട്‌ബോൾ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ. മാച്ച് ഷെഡ്യൂളുകൾ, സ്‌കോർ എന്നിങ്ങനെ ഫിഫയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകരെ അറിയിക്കുന്നതാണ് പുതിയ ഫീച്ചർ. സിരി, ആപ്പ് സ്റ്റോർ, ന്യൂസ്, ആപ്പിൾ മ്യൂസിക്ക്, പോഡ്കാസ്റ്റ് എന്നിങ്ങനെ ആപ്പിളിന്റെ എല്ലാ സർവ്വീസുകളും സമന്വയിപ്പിച്ചാണ് ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.
സിരിയിൽ മുമ്പേ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള 26 രാജ്യങ്ങളിലെ ഫുട്‌ബോൾ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാൽ ബ്രസീൽ, റഷ്യ, ഡെൻമാർക്ക്, ഫിൻലാൻഡ്, മലേഷ്യ, ടർകി, സൗദി അറേബ്യ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളും ഇപ്പോൾ പുതിയ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ഇനി എപ്പോഴാണ് മാച്ച്, എന്താണ് സ്‌കോർ, ആരൊക്കെയാണ് ടീമിലുള്ളത്’ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം സിരിയിലൂടെ ഉത്തരം ലഭിക്കും.
ലോകകപ്പിനോടനുബന്ധിച്ച് ഫിഫ മൊബൈൽ, പിഇഎസ് 2018 തുടങ്ങിയ ആപ്പുകളും പുറത്തിറക്കും. മാത്രമല്ല, ന്യൂസ് ആപ്പിൽ ലോകകപ്പ് വിശേഷങ്ങളെല്ലാം പെട്ടെന്ന് കണ്ടുപിടിക്കത്തക്ക രീതിയിൽ ക്രമീകരിക്കും. ഇതിലൂടെ ലോകകപ്പ് ആരാധകർക്ക് സ്‌കോർ, ഷെഡ്യൂൾ തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കും.
ആപ്പിൾ മ്യൂസിക്കിൽ ലോകകപ്പ് ഗാനങ്ങളും മറ്റും ലഭ്യമാക്കും. പോഡ്കാസ്റ്റിൽ ഫുട്‌ബോളിനെ കുറിച്ചും, താരങ്ങളെ കുറിച്ചും, കളികളെ കുറിച്ചുമെല്ലാം പ്രശസ്ത പോഡ്കാസ്‌റ്റേഴ്‌സ് സംസാരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here