Advertisement

‘രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് ഹിമാലയന്‍ ബ്ലണ്ടര്‍’; വിലക്ക് വകവെക്കാതെ വീണ്ടും സുധീരന്‍

June 13, 2018
Google News 1 minute Read

കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ നിലപാടിനെ ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ച് വി.എം. സുധീരന്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍. രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ വിഷയത്തെ കുറിച്ച് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്യ പ്രസ്താവനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് കെപിസിസി നേതൃയോഗം ഇന്നലെ തീരുമാനമെടുത്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് സുധീരന്‍ നേതൃത്വത്തിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിക്കുന്നത്. വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ഹിമാലയന്‍ മണ്ടത്തരമാണെന്ന് സുധീരന്‍ ആഞ്ഞടിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മതേതര മുന്നേറ്റത്തിലൂടെ ബിജെപിയെ ചെറുക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അതിനെതിരെ പ്രവര്‍ത്തിക്കുകയാണ് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിലൂടെ ചെയ്തതെന്ന് സുധീരന്‍ വിമര്‍ശനമുന്നയിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും മതേതര മുന്നണി ശക്തിപ്പെടേണ്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണ് കേരളാ കോണ്‍ഗ്രസിന് തീറെഴുതികൊടുത്തതെന്ന് വിമര്‍ശിച്ച സുധീരന്‍, നാളെ കെ.എം. മാണി ബിജെപിക്കൊപ്പം പോകില്ലെന്ന് നേതൃത്വത്തിന് എന്ത് ഉറപ്പാണുള്ളതെന്നും ചോദിച്ചു. മാണിയുമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുമ്പോള്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നു. അതില്‍ നേതൃത്വത്തിന് വലിയ വീഴ്ച പറ്റിയിരിക്കുന്നു.

പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കെപിസിസി തീരുമാനിച്ചപ്പോള്‍ തന്നെ അത് നടപ്പിലാകുന്ന കാര്യമല്ലെന്ന് നേതൃത്വത്തെ സാക്ഷി നിര്‍ത്തി താന്‍ പറഞ്ഞിട്ടുള്ളതാണ്. തെറ്റ് കണ്ടാല്‍ അത് തുറന്നുപറയുക തന്നെ ചെയ്യും. തെറ്റ് പറ്റിയാല്‍ അത് തിരുത്താന്‍ നേതൃത്വം തയ്യാറാകണമെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് മുന്‍പ് ഉമ്മന്‍ചാണ്ടിയും ഹസനും അച്ചടക്കം ലംഘിച്ചിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ നേതൃത്വത്തിന് സങ്കുചിത താല്‍പര്യമുണ്ട്. ഇത് പാര്‍ട്ടിയെ തളര്‍ത്തുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്. അതേസമയം ചെന്നിത്തലയെ അനുകൂലിച്ചായിരുന്നു സുധീരന്റെ വാക്കുകള്‍. താന്‍ കെപിസിസി പ്രസിഡന്റ് ആയത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടമായില്ല. കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെപിസിസി പ്രസിഡന്റ് ആയ ശേഷം കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് വലിയ നീരസമായിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്ത ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല. പികെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി വന്നുകണ്ടത്. അദ്ദേഹം മനപ്പൂര്‍വ്വം വരാതിരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുധീരന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here