പിറന്നാള്‍ ദിനത്തില്‍ സല കളത്തിലിറങ്ങും; 2014 മറക്കാന്‍ സുവാരസും

ഗ്രൂപ്പ് എ യിലെ കരുത്തരായ രണ്ട് ടീമുകള്‍ ഇന്ന് കളത്തില്‍. വെള്ളിയാഴ്ച വൈകീട്ട് ഉറുഗ്വായ് ഈജിപ്തിനെ നേരിടും. റഷ്യയിലെ എകാതറിന്‍ ബര്‍ഗില്‍ ഇന്ന് വൈകീട്ട് 5.30 നാണ് മത്സരം.
ലിവര്‍പൂള്‍ താരം മൊഹമ്മദ് സലയുടെ കരുത്തിലാണ് ഈജിപ്ത് റഷ്യയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍, സൂപ്പര്‍ലീഗില്‍ താരത്തിനേറ്റ പരിക്ക് ഈജിപ്ത് ടീമിനെയും ഫുട്‌ബോള്‍ പ്രേമികളെയും നിരാശയിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സലാ ഇന്ന് കളത്തിലിറങ്ങും. പത്താം നമ്പര്‍ ജഴ്‌സിയില്‍ ഈജിപ്തിന് വേണ്ടി കളത്തിലിറങ്ങുന്ന സൂപ്പര്‍ താരത്തിന്റെ ജന്മദിനം കൂടിയാണ് ഇന്ന്. 26 വയസ് തികയുന്ന ദിവസമാണ് ലോകകപ്പിലെ ആദ്യ മത്സരത്തിന് സലാ ഇന്നിറങ്ങുന്നത്. കരുത്തരായ ഉറുഗ്വായ് ടീമിനെ സലയുടെ കളിമികവിലാണ് ഈജിപ്ത് നേരിടുക.
അതേ സമയം, 2014 ലോകകപ്പ് മറന്നുകൊണ്ടാണ് സുവാരസും ടീമും ഈജിപ്തിനെ നേരിടുക. 2014ല്‍ ഇറ്റലി താരം ചെല്ലനിയെ കളിക്കിടയില്‍ കടിച്ചതിന്റെ പേരില്‍ സുവാരസ് റെഡ് കാര്‍ഡ് കിട്ടി പുറത്തായിരുന്നു. സുവാരസിന്റെ പുറത്താകല്‍ 2014ല്‍ ഉറുഗ്വായ് ടീമിന്റെ പ്രകടനത്തെയും ബാധിച്ചു. എന്നാല്‍, ഇത്തവണ എല്ലാം മറന്നുകൊണ്ടാണ് സുവാരസ് കളത്തിലിറങ്ങുന്നത്. സുവാരസ്- കവാനി സഖ്യമാണ് ഉറുഗ്വായുടെ പ്രതീക്ഷ. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here