മിഥുൻ രമേശ് നായകനാകുന്നു

നടനും അവതാരകനുമായ മിഥുൻ രമേശ് നായകനാകുന്നു. ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അവതാരക വേഷം അഴിച്ച് വച്ച് മിഥുൻ നായക വേഷത്തിൽ എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ജനകീയനായ അവതാരകനാണ് മിഥുൻ. അടുത്തിടെ മിഥുൻ രമേശിന്റെ ആരാധകർ ചേർന്ന് ഫാൻസ് അസോസിയേഷനും രൂപീകരിച്ചിരുന്നു.
ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്. കോമഡി ഉത്സവത്തിന്റെ തന്നെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സസ്പപെൻസ് ത്രില്ലർ ചിത്രമാണിത്. അനുരൂപ് കൊയിലാണ്ടിയും സർജി വിജയനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.ശരത്കുമാറും താഹിർ മട്ടാഞ്ചേരിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.
തമിഴിലും മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ബോബി സിൻഹ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സലിം കുമാർ, ടിനി ടോം, കലാഭവൻ പ്രജോദ്,ബിജു കുട്ടൻ, വിജയ രാഘവൻ, ഉണ്ണി നായർ, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കേരേഡൻസ് ഫിലിംസിന്റെ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here