ഗോളുകളില്‍ ആറാടി സോച്ചി സ്റ്റേഡിയം; സമനിലയിലായത് സ്‌പെയിന്‍/ ക്രിസ്റ്റ്യാനോ പോരാട്ടമെന്ന് കായികലോകം
റഷ്യന്‍ ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ പോര്‍ച്ചുഗല്‍/ സ്‌പെയ്ന്‍ മത്സരം 3-3 എന്ന ഗോള്‍ നിലയിലാണ് കലാശിച്ചത്. സോച്ചിയില്‍ ആകെ പിറന്നത് ആറ് ഗോളുകള്‍!!!. മത്സരത്തിന് കിക്കോഫ് മുഴങ്ങിയത് മുതല്‍ ഓരോ മിനിറ്റും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായിരുന്നു. സ്‌പെയിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരമെന്നാണ് ഈ മത്സരത്തെ കായികലോകം വിശേഷിപ്പിക്കുന്നത്. ഹാട്രിക് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ തന്നെയാണ് പോര്‍ച്ചുഗലിന്റെയും കളിയിലെയും താരം. പോര്‍ച്ചുഗല്‍ ടീമിനെ തന്റെ തോളിലേറ്റി മുന്നോട്ട് നയിക്കുകയായിരുന്നു പറങ്കിപ്പടയുടെ നായകന്‍ റോണോ.
അപ്രവചനീയമെന്നും അവിശ്വസനീയമെന്നും വിശേഷിപ്പിക്കാവുന്ന മത്സരമാണ് സോച്ചിയില്‍ പിറന്നത്. മത്സരം ആരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പെനല്‍റ്റി ബോക്‌സിനുള്ളില്‍ സ്പാനിഷ് താരം നച്ചോ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിന് ലഭിച്ച പെനല്‍റ്റി കിക്ക് റോണോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍, 24-ാം മിനിറ്റില്‍ സ്പാനിഷ് താരം ഡിയാഗോ കോസ്റ്റ തിരിച്ചടിച്ചു. പോര്‍ച്ചുഗലിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് മുന്നേറിയ ഡിയാഗോ സുന്ദരമായ ഗോളിലൂടെ സ്‌പെയിന് സമനില സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 44-ാം മിനിറ്റില്‍ വീണ്ടും റോണോ സ്പാനിഷ് ഗോള്‍ വല കിലുക്കി. സ്‌പെയിന്റെ പ്രതിരോധനിരയ്ക്ക് പോര്‍ച്ചുഗല്‍ നായകനെ തടുക്കാനായില്ല. സ്പാനിഷ് പ്രതിരോധനിരയെ നോക്കുകുത്തിയാക്കി ഇടംകാലുകൊണ്ട് തൊടുത്ത് വിട്ട ഷോട്ട് സ്‌പെയിന്‍ ഗോളി ഡിഗിയയുടെ കൈകളില്‍ നിലയുറപ്പിച്ചില്ല. റോണോയുടെ ഷോട്ട് വെടിയുണ്ട പോലെ സ്‌പെയിന്റെ ഗോള്‍ പോസ്റ്റിലേക്ക് രണ്ടാം തവണയും…
2-1 ന് പിന്നില്‍ നിന്നിരുന്ന സ്‌പെയിന്‍ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി മത്സരത്തില്‍ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 54-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിന്റെ രണ്ടാം ഗോള്‍ നേടിയത്. ഡേവിഡ് സില്‍വയുടെ ഫ്രീകിക്ക് പോര്‍ച്ചുഗലിന്റെ വലയിലേക്ക് എത്തിക്കുകയായിരുന്നു കോസ്റ്റ. തന്റെ രണ്ടാം ഗോള്‍ നേട്ടത്തിലൂടെ കോസ്റ്റ സ്‌പെയിനെ സമനിലയിലെത്തിച്ചു.
രണ്ടാം ഗോള്‍ നേടിയ സ്‌പെയിന്‍ വീണ്ടും പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് ഇരച്ചുകയറി. ഒടുവില്‍, മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തില്‍ അടുത്ത ഗോളും സ്‌പെയിന്‍ സ്വന്തം പേരില്‍ കുറിച്ചു. ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിലൂടെ പോര്‍ച്ചുഗലിന് നാലാം മിനിറ്റില്‍ പെനല്‍റ്റി സമ്മാനിച്ച നച്ചോ തന്റെ പേരുദോഷം മാറ്റിയെടുത്ത ഗോളായിരുന്നു സ്‌പെയിന്റെ മൂന്നാം ഗോള്‍. 57-ാം മിനിറ്റിലായിരുന്നു സ്‌പെയിനെ മുന്‍പിലെത്തിച്ച ഗോള്‍. പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് അതിവേഗം പോര്‍ച്ചുഗലിന്റെ വലയിലേക്ക് ഷൂട്ട് ചെയ്യാന്‍ നച്ചോ ഫെര്‍ണാണ്ടസിന് സാധിച്ചു.
എന്നാല്‍, സ്‌പെയിന്‍ വിജയത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ വീണ്ടും റൊണാള്‍ഡോ രക്ഷകനായി അവതരിച്ചു. അസാധ്യമെന്ന് തോന്നിയത് പുഷ്പം പോലെ സാധ്യമാക്കുന്ന റോണോജാലം!!! ഹാട്രിക് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വീരനായകനാകുന്ന കാഴ്ച. 51-ാം ഹാട്രിക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നത്തെ കളിയുടെ താരമാകുന്നു. സ്‌പെയിന്‍ 3-2 ന് മുന്നിട്ട് നിന്ന സമയത്ത് 87-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അതിഗംഭീര കിക്കിലൂടെ സ്‌പെയിന്റെ വലയിലേക്കെത്തിച്ചാണ് ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയത്. താരത്തിന്റെ 51-ാം ഹാട്രിക് ഗോളാണ് സ്‌പെയിനെതിരെ സ്വന്തമാക്കിയത്. ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന ഗ്ലാമര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here