നടൻ മൻസൂർ അലിഖാൻ അറസ്റ്റിൽ

തെന്നിന്ത്യൻ താരം മൻസൂർ അലിഖാൻ അറസ്റ്റിൽ. ചെന്നൈസേലം അതിവേഗ പാതയ്‌ക്കെതിരേ നടത്തിയ വിവാദ പരാമർശത്തെത്തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. സേലത്തുനിന്നുള്ള പ്രത്യേകസംഘം ഞായറാഴ്ച രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടിൽവെച്ചാണ് അറസ്റ്റു ചെയ്തത്.
എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് താൻ ജയിലിൽപ്പോകുമെന്നാണ് മൻസൂർ അലിഖാൻ പറഞ്ഞത്. ‘സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാൽ നാട്ടുകാർക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും
നശിപ്പിക്കേണ്ടിവരും. നാട്ടുകാരുടെ ഉപജീവനമാർഗത്തെ ഇതു ബാധിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകൾ പദ്ധതിയിൽനിന്നു പിൻമാറണം. ഹൈവേയ്‌ക്കെതിരേയുള്ള സമരത്തിൽ ഞാൻ നിശ്ചയമായും പങ്കെടുക്കും.’അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ചെന്നൈസേലം ഹരിത ഇടനാഴി. 277.30 കിലോമീറ്റർ ദൂരത്തിൽ എട്ടുവരിപ്പാത നിർമിക്കുന്നതുവഴി ചെന്നൈയിൽനിന്നും സേലത്തേക്ക് മൂന്നു മണിക്കൂറിനുള്ളിൽ എത്താനാകുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയിൽ പറഞ്ഞത്. പദ്ധതിക്കെതിരേ പൂലവരി, നാഴിക്കൽപ്പട്ടി, കുപ്പന്നൂർ, അച്ചൻകുട്ടപ്പട്ടി ഗ്രാമങ്ങളിലെ കർഷകർ സമരത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here