Advertisement

കൊളംബിയ വീണു!!! ജപ്പാന് തകര്‍പ്പന്‍ വിജയം

June 19, 2018
Google News 5 minutes Read

ഫിഫ റാങ്കിംഗില്‍ 61-ാം സ്ഥാനത്തുള്ള ജപ്പാന്‍ 16-ാം സ്ഥാനത്തുള്ള കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ വീതം ഇരു ടീമുകളും നേടിയപ്പോള്‍ രണ്ടാം പകുതിയിലെ നിര്‍ണായ ഗോള്‍ ജപ്പാന് വിജയം സമ്മാനിച്ചു. റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട് കൊളംബിയ താരം കാര്‍ലോസ് സാഞ്ചെസ് മത്സരത്തിന്റെ 4-ാം മിനിറ്റില്‍ പുറത്തായി. ജപ്പാന്‍ കൊളംബിയയുടെ ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് മനപൂര്‍വ്വം കൈ ഉപയോഗിച്ച് തടയാന്‍ നോക്കിയതാണ് ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം ജപ്പാന്‍ താരം ഷിന്‍ജി കഗാവാ ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു പെനല്‍റ്റിയിലൂടെ ജപ്പാന്‍ ആദ്യത്തെ ഗോള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 39-ാം മിനിറ്റില്‍ കൊളംബിയ ജപ്പാന് മറുപടി നല്‍കി. പെനല്‍റ്റി ബോക്‌സിനു പുറത്ത് കൊളംബിയ താരത്തെ ജപ്പാന്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് കൊളംബിയയുടെ ജുവാന്‍ഫെര്‍ ക്വിന്റ്‌റോ ലക്ഷ്യത്തിലെത്തിച്ചു. ഓരോ ഗോളുകള്‍ വീതം സ്വന്തമാക്കി മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായി.

എന്നാല്‍, രണ്ടാം പകുതിയില്‍ ജപ്പാന്‍ വീണ്ടും മുന്നേറി. മത്സരത്തിന്റെ 73-ാം മിനിറ്റിലായിരുന്നു ജപ്പാന്റെ വിജയഗോള്‍. ജപ്പാന് അനുകൂലമായ കോര്‍ണര്‍ കിക്ക് ഗോള്‍ പോസ്റ്റിനരികില്‍ നിന്ന് സുന്ദരമായ ഹെഡറിലൂടെ ഗോള്‍ വലയിലെത്തിച്ചത് ജപ്പാന്‍ താരം ഒസാക്കോ ആയിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സമനില പിടിക്കാന്‍ കൊളംബിയ കഴിയുന്നതും ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സാഞ്ചെസ് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ 10 പേരടങ്ങുന്ന ടീമുമായാണ് കൊളംബിയ കളിച്ചത്. കൊളംബിയയുടെ സൂപ്പര്‍ താരം റോഡ്രിഗസിനെ രണ്ടാം പകുതിയിലാണ് കോച്ച് പെക്കാവോ കളത്തിലിറക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here