മൊറോക്കോ കളം നിറഞ്ഞുകളിച്ചു; ജയം പോര്‍ച്ചുഗലിന്!!

ലുഷ്‌നിക്കിയില്‍ നടന്ന മത്സരത്തില്‍ മൊറോക്കോയെ എതിരില്ലാത്ത ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് പതിനാറിലേക്ക് മാര്‍ച്ച് ചെയ്യുന്നു. സ്പാനിഷ് ടീമിനെതിരായ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. ഇന്നത്തെ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചതോടെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തോല്‍വി വഴങ്ങാത്ത ടീമായി പോര്‍ച്ചുഗല്‍.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് വേണ്ടി വിജയഗോള്‍ കുറിച്ചത്. 4-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് സുന്ദരമായ ഹെഡറിലൂടെ ഗോള്‍ വലയിലെത്തിക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ നായകന്‍. ആദ്യ പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മൊറോക്കോ ശ്രമിച്ചെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. ഗോള്‍ നേടിയ ശേഷം പോര്‍ച്ചുഗലിന്റെ ഗ്രാഫ് താഴുകയും മൊറോക്ക കൂടുതല്‍ അക്രമിച്ച് കളിക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി മൊറോക്കോ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഭാഗ്യം തുണച്ചില്ല. രണ്ടാം പകുതിയിലുടനീളം പോര്‍ച്ചുഗലിനേക്കാള്‍ മികച്ച പോരാട്ടം നടത്തിയത് മൊറോക്കയായിരുന്നു. പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് പലതവണ മൊറോക്ക നിറയൊഴിച്ചെങ്കിലും പോര്‍ച്ചുഗലിന്റെ പ്രതിരോധനിരയും നിര്‍ഭാഗ്യവും അവരുടെ സ്വപ്‌നങ്ങളെ തല്ലികെടുത്തി. രണ്ടാം പകുതിയില്‍ നിറം മങ്ങിയ പ്രകടനമാണ് പോര്‍ച്ചുഗല്‍ നടത്തിയത്. ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്റെ ആനുകൂല്യം പോര്‍ച്ചുഗലിനെ അലസരാക്കി. ഉഴപ്പന്‍ കളിയിലൂടെ സമയം പൂര്‍ത്തിയാക്കുകയായിരുന്നു പോര്‍ച്ചുഗലിന്റെ ലക്ഷ്യം. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ മൊറോക്കോ ടീം തങ്ങളുടെ നിര്‍ഭാഗ്യത്തെ ശപിച്ചിട്ടുണ്ടാകും.
പോര്‍ച്ചുഗലിന് വേണ്ടി നേടിയ ഇന്നത്തെ ഏക ഗോള്‍ ക്രിസ്റ്റ്യാനോയുടെ 85-ാം രാജ്യാന്തര ഗോളാണ്. 152 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ ഇത്രയും ഗോളുകള്‍ സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here