ലോകകപ്പില്‍ ഇന്ന് മൂന്ന് കളികള്‍; അര്‍ജന്റീനക്ക് നിര്‍ണായകം

ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ അപ്രതീക്ഷിതമായി സമനില നേരിടേണ്ടി വന്ന അര്‍ജന്റീന ഇന്ന് നിര്‍ണായകമായ രണ്ടാം മത്സരത്തിനിറങ്ങുന്നു. കരുത്തരായ ക്രൊയേഷ്യയാണ് മെസിപ്പടയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാം. എന്നാല്‍ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയെ തൃപ്തരാക്കില്ല. സമനില പോലും അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകളുടെ നിറം കെടുത്തും. രാത്രി 11.30 നാണ് മത്സരം.
ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ആസ്‌ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇന്ന് കൂടി ജയിച്ചാല്‍ ഡെന്‍മാര്‍ക്കിന് അടുത്ത റൗണ്ടിലേക്ക് സ്ഥാനമുറപ്പിക്കാം. ആസ്‌ട്രേലിയയാവട്ടെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റെങ്കിലും മികച്ച പോരാട്ടം നടത്താന്‍ കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തിലാണ്. ഇന്ത്യന്‍ സമയം അഞ്ച് മണിക്കാണ് മത്സരം.
ഫ്രാന്‍സ് പെറു മത്സരവും ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് തോറ്റ പെറുവിനും ഇന്ന് നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം 8.30 നാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here