‘അവസാനം’ ബ്രസീൽ
നിർണായ മത്സരത്തിൽ കോസ്റ്ററിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ബ്രസീലിന്റെ മുന്നേറ്റം. മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് രണ്ട് ഗോളുകളും പിറന്നത്. സമനിലയിൽ കലാശിക്കുമെന്ന് ഉറപ്പായ മത്സരത്തിന്റെ 90 മത് മിനിറ്റിൽ ഫിലിപ്പ് കുട്ടീന്യോയും എക്സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ നെയ്മറുമാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിലുടനീളം ബ്രസീൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും കോസ്റ്ററിക്കയുടെ പ്രതിരോധ നിര കാനറികളുടെ അവസരങ്ങളെ തട്ടിതെറിപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. കരുത്തരായ ബ്രസീലിനോട് ഗോൾ വഴങ്ങാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു കോസ്റ്ററിക്കക്ക് ഉണ്ടായിരുന്നത്. കാനറികളുടെ മുന്നേറ്റത്തെ കോസ്റ്ററിക്കയുടെ പ്രതിരോധനിര ബുദ്ധിപൂർവ്വം ചെറുത്തുനിന്നു. ആദ്യ കളിയിൽ ബ്രസീലിന് വേണ്ടി സ്കോർ ചെയ്ത കുട്ടിന്യോ, ജീസസ്, മാർസലോ തുടങ്ങിയവർ മികച്ച മുന്നേറ്റങ്ങളിലൂടെ കോസ്റ്ററിക്കയുടെ ഗോൾ മുഖത്തേക്ക് ഓടിയെത്തിയെങ്കിലും അതെല്ലാം പാഴ്ശ്രമങ്ങളായി. സൂപ്പർതാരം നെയ്മറുടെ മുന്നേറ്റത്തെ ഏതുവിധേനയും ചെറുക്കാൻ കോസ്റ്ററിക്ക താരങ്ങൾ കഴിവതും ശ്രമിച്ചു. കോസ്റ്ററിക്കയുടെ പ്രതിരോധം കീറാമുട്ടിയായതോടെ നെയ്മറും നിറമങ്ങി. ആദ്യ പകുതിയിൽ മൂന്ന് തവണ കോസ്റ്ററിക്ക താരങ്ങൾ നെയ്മറെ ഫൗൾ ചെയ്ത് വീഴുത്തുകയും ചെയ്തു. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും പന്ത് കാനറികളുടെ കാലിലായിരുന്നു. എന്നാൽ, പ്രതിരോധത്തിൽ മാത്രം ശ്രദ്ധയൂന്നിയുള്ള കോസ്റ്ററിക്കയുടെ പ്രകടനം മത്സരത്തിന്റെ നിറം കെടുത്തി. ആദ്യ പകുതിയുടെ തുടക്കത്തിൽ ബ്രസീലിന്റെ ഗോൾ വല ചലിപ്പിക്കാൻ കോസ്റ്ററിക്കയ്ക്ക് ലഭിച്ച അവസരവും പാഴായതോടെ ആദ്യ പകുതി ഗോൾ രഹിതമായി.
ആദ്യ പകുതിയിൽ മോശം പ്രകടനം നടത്തിയ വില്യനെ പുറത്തിരുത്തിയാണ് ബ്രസീൽ രണ്ടാം പകുതിയിലേക്കെത്തിയത്. ഗോൾ എന്ന് കാനറി ആരാധകർ ഒന്നടങ്കം വിളിച്ചു കൂവിയ മൂന്ന് മികച്ച അവസരങ്ങളാണ് രണ്ടാം പകുതിയുടെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ബ്രസീൽ ടീമിനെ തേടിയെത്തിയത്. എന്നാൽ, നിർഭാഗ്യങ്ങളുടെ ദുർഭൂതവും കോസ്റ്ററിക്കയുടെ പ്രതിരോധനിരയും കാനറി ആരാധകരെ നിരാശരാക്കി. നെയ്മറും കുട്ടിന്യോയും രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ചു. കോസ്റ്ററിക്കയുടെ പ്രതിരോധം രണ്ടാം പകുതിയിൽ കൂടുതൽ ശക്തിയാർജ്ജിച്ചു. ആദ്യ പകുതിയിൽ നിറം മങ്ങിയ നെയ്മർ രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റം നടത്തി. മത്സരം കൂടുതൽ ചൂട് പിടിച്ചതോടെ ബ്രസീൽ പ്രതിരോധത്തിലായി. അറുപത്തിയെട്ടാം മിനിറ്റിൽ മധ്യനിരക്കാരൻ പൗളിഞ്ഞോയെ ബ്രസീൽ പരിശീലകൻ ടിറ്റെ പിൻവലിച്ചു. പകരം, മുന്നേറ്റനിരയിലേക്ക് ഫൗളീഞ്ഞോയെ എത്തിച്ചത് ഏതുവിധേനയും ഒരു ഗോൾ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. 72മത്തെ മിനിറ്റിൽ കോസ്റ്ററിക്കയുടെ പ്രതിരോധനിരയുടെ തടസം പോലുമില്ലാതെ നെയ്മറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ലോംഗ് റേഞ്ചർ പോസ്റ്റിന് മുകളിലൂടെ കടന്നുപോയി. എഴുപത്തിയെട്ടാം മിനിറ്റിൽ ഗോൾ നേടാൻ ലഭിച്ച മികച്ച അവസരം നെയ്മർ നാടകീയമാക്കിയത് കാനറികൾക്ക് വിനയായി.
പന്തുമായി കോസ്റ്ററിക്കയുടെ പെനൽറ്റി ബോക്സിനുള്ളിലെത്തിയ നെയ്മർ പെനൽറ്റി ആനുകൂല്യത്തിന് വേണ്ടി രംഗം നാടകീയമാക്കി. പന്ത് ഹോൾഡ് ചെയ്ത് കൊണ്ട് പെനൽറ്റി ലഭിക്കാൻ ഫൗൾ രംഗങ്ങൾ അഭിനയിക്കുകയായിരുന്നു നെയ്മർ. ആദ്യ കാഴ്ചയിൽ റഫറി ബ്രസീലിന് പെനൽറ്റി അനുവദിച്ചെങ്കിലും വിഎആർ സിസ്റ്റത്തിലൂടെ നെയ്മറിന്റെ നാടകീയ രംഗങ്ങൾക്ക് തിരിച്ചടി ലഭിച്ചു. വിഎആർ സിസ്റ്റത്തിലൂടെ പെനൽറ്റി ആനുകൂല്യം റഫറി പിൻവലിച്ചു. തുടർന്നുള്ള മിനിറ്റുകളിൽ കളി കുടുതൽ പരുക്കനായി. കളിക്കളത്തിൽ മാന്യത വിട്ടതിനെ തുടർന്ന് നെയ്മറിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഉറപ്പായ 90 മത് മിനിറ്റിൽ കുട്ടീന്യോ കാനറികളുടെ രക്ഷകനായി. ശക്തരായ കോസ്റ്ററിക്കയുടെ പ്രതിരോധനിരയെയും ഗോളിയെയും കബളിപ്പിച്ചാണ് കുട്ടിന്യോ ആദ്യ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിന്റെ 6 മത്തെ മിനിറ്റിൽ സൂപ്പർതാരം നെയ്മർ ബ്രസീലിന്റെ ലീഡ് ഉയർത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here