Advertisement

ഗ്രൂപ്പ് ‘ഡി’യില്‍ ഇന്ന് ‘ഡു ഓര്‍ ഡൈ’; തോറ്റാല്‍ അര്‍ജന്റീന പുറത്ത്

June 26, 2018
1 minute Read
argentinaaaa

ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമിനെ ഇന്നറിയാം. ഗ്രൂപ്പ് ജേതാക്കളായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍, രണ്ടാം സ്ഥാനക്കാരായി ആര് പ്രീക്വാര്‍ട്ടറിലെത്തുമെന്ന് ഇന്നത്തെ ഡു ഓര്‍ ഡൈ മാച്ചുകള്‍ക്ക് ശേഷമേ തീരുമാനമാകൂ. ഒരു വിജയം സ്വന്തമായുള്ള നൈജീരിയയാണ് നിലവില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍. എന്നാല്‍, ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയാണ് നൈജീരിയയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ സമനില പിടിക്കുകയോ വിജയിക്കുകയോ ചെയ്താല്‍ നൈജീരിയ പ്രീക്വാര്‍ട്ടറിലെത്തും. അതേ സമയം, നൈജീരിയയെ പരാജയപ്പെടുത്തുകയും ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഐസ്‌ലാന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ക്രൊയേഷ്യ – ഐസ്‌ലാന്‍ഡ് മത്സരം സമനിലയിലാകുകയും നൈജീരിയയെ അര്‍ജന്റീന തോല്‍പ്പിക്കുകയും ചെയ്താലും മെസിപടയ്ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ക്രൊയേഷ്യയെ ഐസ്‌ലാന്‍ഡ് പരാജയപ്പെടുത്തിയാലും അര്‍ജന്റീന – നൈജീരിയ മത്സരഫലമായിരിക്കും ഐസ്‌ലാന്‍ഡിന്റെ വിധി നിര്‍ണയിക്കുക. ഗ്രൂപ്പ് ഡിയില്‍ എന്തെല്ലാം ട്വിസ്റ്റുകള്‍ നടക്കുമെന്ന് ഇന്ന് നടക്കുന്ന മത്സരഫലങ്ങള്‍ പറയും.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കാത്ത അര്‍ജന്റീന വലിയ നിരാശയിലാണ്. ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റത് വലിയ തിരിച്ചടിയായിരിക്കുകയാണ് സംപോളിക്കും സംഘത്തിനും. ഇന്ന് എന്തെല്ലാം മാറ്റങ്ങളായിരിക്കും അര്‍ജന്റീന ടീമിലുണ്ടാകുകയെന്ന് ഇപ്പോഴും വ്യക്തമല്ല. ഗോണ്‍സാലോ ഹിഗ്വയിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സെര്‍ജിയോ അഗ്യൂറോ പുറത്തിരിക്കേണ്ടി വരും. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ പിഴവുകള്‍ വരുത്തിയ കബല്ലറോയ്ക്ക് പകരം ഫ്രാങ്കോ അര്‍മാനിയാകും ഗോള്‍ വല കാക്കുക. ഏയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ എന്നിവരും പ്ലേയിംഗ് ഇലവനിലേക്ക് എത്തിയേക്കാം. ഡിബാലെയെ കളിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മെസി ഫോമിലേക്ക് തിരിച്ചെത്താത്തത് അര്‍ജന്റീനയ്ക്ക് തലവേദനയാണ്. മെസിയുടെ കാലുകളെ കൂടുതലായി ടീം ആശ്രയിക്കുന്നത് താരത്തെ അധിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.

മറുവശത്ത് നൈജീരിയ ആത്മവിശ്വാസത്തോടെയാണ് കളിക്കളത്തിലെത്തുന്നത്. ഐസ്‌ലാന്‍ഡിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് ഗുണം ചെയ്തു. അര്‍ജന്റീനയുടെ മുന്നേറ്റത്തെ ചെറുത്തുനില്‍ക്കാനായാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടറിലേക്ക് കയറാം. കാര്യങ്ങള്‍ അത്ര എളുപ്പമല്ല ഡി ഗ്രൂപ്പില്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ രാത്രി 11.30ന് അര്‍ജന്റീന – നൈജീരിയ മത്സരം നടക്കും. ഇതേ സമയത്ത് തന്നെയാണ് റോസ്റ്റോവില്‍ ഐസ്‌ലാന്‍ഡ് – ക്രൊയേഷ്യ മത്സരം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top