നിലവിലെ ചാമ്പ്യന്‍മാര്‍ വീഴുമോ? ജര്‍മനി – കൊറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം (വീഡിയോ കാണാം)

ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കണമെങ്കില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഇന്ന് വിജയിക്കണം. ദക്ഷിണ കൊറിയക്കെതിരായ നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ സമനില കുരുക്ക്. ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതിയും സമനിലയിലാണ് പിരിഞ്ഞിരിക്കുന്നത്. മെക്‌സിക്കോയും സ്വീഡനുമാണ് അവിടെ ഏറ്റുമുട്ടുന്നത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല.

ബോള്‍ പൊസഷനിലും കളിക്കളത്തിലെ ആധിപത്യത്തിലും ജര്‍മനിയാണ് ആദ്യ പകുതിയിലൂടനീളം മുന്നിട്ടുനിന്നത്. എന്നാല്‍, ദക്ഷിണ കൊറിയയുടെ ഗോള്‍ വല കുലുക്കാന്‍ പാകത്തിന് ആക്രണവീര്യം വര്‍ധിപ്പിക്കാന്‍ ജര്‍മനിക്ക് ആദ്യ പകുതിയില്‍ സാധിച്ചില്ല. ജര്‍മനിയുടെ ആദ്യ പകുതിയിലെ മുന്നേറ്റങ്ങള്‍ക്കെല്ലാം കൊറിയന്‍ താരങ്ങള്‍ കടിഞ്ഞാണിട്ടു. മറുവശത്ത് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് കൊറിയ നടത്തിയത്. ടോണി ക്രൂസിന്റെ മികച്ചൊരു മുന്നേറ്റത്തെ ദക്ഷിണ കൊറിയ തടഞ്ഞിട്ടത് ജര്‍മനിയ്ക്ക് വിനയായി.

ആദ്യ പകുതിയുടെ 20-ാം മിനിറ്റില്‍ ദക്ഷിണ കൊറിയക്ക് മികച്ചൊരു അവസരം ലഭിച്ചു. ജര്‍മനിയുടെ പോസ്റ്റിന് മുന്നിലായി ലഭിച്ച ഫ്രീകിക്ക് ദക്ഷിണ കൊറിയന്‍ താരം കൃത്യതയോടെ ഷൂട്ട് ചെയ്തു. എന്നാല്‍, എല്ലാവരെയും അമ്പരിപ്പിച്ച് കൊറിയയുടെ കിക്ക് ലോകോത്തര ഗോളിയെന്ന് വിശേഷണമുള്ള ജര്‍മന്‍ കാവല്‍ക്കാരന്‍ മാനുവല്‍ ന്യൂയറിന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. പന്ത് തട്ടാന്‍ കൊറിയന്‍ താരങ്ങള്‍ ഓടിയെത്തിയെങ്കിലും ന്യൂയര്‍ പന്ത് തട്ടികളഞ്ഞത് ജര്‍മനിയെ തുണച്ചു.

ആദ്യ പകുതിയുടെ അവസാനത്തിലേക്കെത്തിയപ്പോള്‍ ഓസിലിലൂടെയും വെര്‍ണറിലൂടെയും ഹമ്മല്‍സിലൂടെയും ജര്‍മനി ആക്രമണം വര്‍ധിപ്പിച്ചു. എന്നാല്‍, ഗോളുകള്‍ പിറക്കാന്‍ കൊറിയ അനുവദിച്ചില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More