Advertisement

ജര്‍മനിയെ വീഴ്ത്തി ദക്ഷിണ കൊറിയ; നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന് (വീഡിയോ കാണാം)

June 27, 2018
Google News 9 minutes Read

ഗ്രൂപ്പ് എഫിലെ നിര്‍ണായക മത്സരത്തില്‍ ജര്‍മനി വീണു!!! അവസാന മിനിറ്റിലെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയാണ് ജര്‍മനിയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് എഫില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി മെക്‌സിക്കോയും സ്വീഡനും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചതോടെ ജര്‍മനിയും ദക്ഷിണ കൊറിയയും ലോകകപ്പില്‍ നിന്ന് പുറത്തായി. ദക്ഷിണ കൊറിയയെ ഒരു ഗോളിനെങ്കിലും പരാജയപ്പെടുത്തിയിരുന്നെങ്കില്‍ നിലവിലെ ലോക ചാമ്പ്യന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താമായിരുന്നു. ഇന്‍ജുറി ടൈമില്‍ കിം യങ് ഗണ്‍ ദക്ഷിണ കൊറിയക്ക് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കി. അവസാന വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ സണ്‍ ഹ്യൂമിനിലൂടെ ദക്ഷിണ കൊറിയ ലീഡ് ഉയര്‍ത്തുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പോരാട്ടം നടത്തിയിട്ടും ഒരു ഗോള്‍ പോലും സ്വന്തമാക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല.

ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഗ്രൂപ്പിലെ മറ്റൊരു നിര്‍ണായക മത്സരത്തിന്റെ ആദ്യ പകുതിയും സമനിലയിലാണ് പിരിഞ്ഞിരിക്കുന്നത്. മെക്‌സിക്കോയും സ്വീഡനുമാണ് അവിടെ ഏറ്റുമുട്ടുന്നത്. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല. ബോള്‍ പൊസഷനിലും കളിക്കളത്തിലെ ആധിപത്യത്തിലും ജര്‍മനിയാണ് ആദ്യ പകുതിയിലൂടനീളം മുന്നിട്ടുനിന്നത്. എന്നാല്‍, ദക്ഷിണ കൊറിയയുടെ ഗോള്‍ വല കുലുക്കാന്‍ പാകത്തിന് ആക്രണവീര്യം വര്‍ധിപ്പിക്കാന്‍ ജര്‍മനിക്ക് ആദ്യ പകുതിയില്‍ സാധിച്ചില്ല. ജര്‍മനിയുടെ ആദ്യ പകുതിയിലെ മുന്നേറ്റങ്ങള്‍ക്കെല്ലാം കൊറിയന്‍ താരങ്ങള്‍ കടിഞ്ഞാണിട്ടു. മറുവശത്ത് ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് കൊറിയ നടത്തിയത്. ടോണി ക്രൂസിന്റെ മികച്ചൊരു മുന്നേറ്റത്തെ ദക്ഷിണ കൊറിയ തടഞ്ഞിട്ടത് ജര്‍മനിയ്ക്ക് വിനയായി.

ആദ്യ പകുതിയുടെ 20-ാം മിനിറ്റില്‍ ദക്ഷിണ കൊറിയക്ക് മികച്ചൊരു അവസരം ലഭിച്ചു. ജര്‍മനിയുടെ പോസ്റ്റിന് മുന്നിലായി ലഭിച്ച ഫ്രീകിക്ക് ദക്ഷിണ കൊറിയന്‍ താരം കൃത്യതയോടെ ഷൂട്ട് ചെയ്തു. എന്നാല്‍, എല്ലാവരെയും അമ്പരിപ്പിച്ച് കൊറിയയുടെ കിക്ക് ലോകോത്തര ഗോളിയെന്ന് വിശേഷണമുള്ള ജര്‍മന്‍ കാവല്‍ക്കാരന്‍ മാനുവല്‍ ന്യൂയറിന്റെ കയ്യില്‍ നിന്ന് വഴുതിപ്പോയി. പന്ത് തട്ടാന്‍ കൊറിയന്‍ താരങ്ങള്‍ ഓടിയെത്തിയെങ്കിലും ന്യൂയര്‍ പന്ത് തട്ടികളഞ്ഞത് ജര്‍മനിയെ തുണച്ചു. ആദ്യ പകുതിയുടെ അവസാനത്തിലേക്കെത്തിയപ്പോള്‍ ഓസിലിലൂടെയും വെര്‍ണറിലൂടെയും ഹമ്മല്‍സിലൂടെയും ജര്‍മനി ആക്രമണം വര്‍ധിപ്പിച്ചു. എന്നാല്‍, ഗോളുകള്‍ പിറക്കാന്‍ കൊറിയ അനുവദിച്ചില്ല.

രണ്ടാം പകുതിയിലും ജര്‍മനി ഗോള്‍ നേടാനായി പരിശ്രമിച്ചു. എന്നാല്‍, ആദ്യ പകുതിയേക്കാള്‍ മികച്ച പോരാട്ടമാണ് കൊറിയ രണ്ടാം പകുതിയില്‍ കാഴ്ചവെച്ചത്. സമനില വഴങ്ങേണ്ടി വന്നാല്‍ പോലും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുമെന്ന സാഹചര്യമായിരുന്നു എതിര്‍വശത്ത് ജര്‍മനിയ്ക്ക്. അത് അവരെ സമ്മര്‍ദ്ദത്തിലാക്കി. ഹമ്മല്‍സും, ഓസിലും, വെര്‍ണറുമെല്ലാം മരിച്ച് കളിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം പകുതിയില്‍ കണ്ടത്. എന്നാല്‍, സമ്മര്‍ദ്ദം അവരെ ലക്ഷ്യത്തില്‍ നിന്ന് പുറകോട്ടടിച്ചു. മറുവശത്ത് ദക്ഷിണ കൊറിയയും ചില മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍, ഗോള്‍ കണ്ടെത്താന്‍ കഴിയാതെ അവരും കഷ്ടപ്പെട്ടു.

ഒരു ഗോളെങ്കിലും നേടിയാല്‍ ജര്‍മനി രക്ഷപ്പെടുമെന്ന സാഹചര്യത്തില്‍ സോച്ചിയിലെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സ്തബ്ധരാക്കി ദക്ഷിണ കൊറിയയുടെ ഗോള്‍ പിറന്നു…ജര്‍മന്‍ ആരാധകരുടെ നെഞ്ച് തകര്‍ത്ത ഗോള്‍ കളിക്കളത്തിലുള്ള ജര്‍മനിയുടെ വീരപുരുഷന്‍മാരെ കണ്ണീരിലാഴ്ത്തി. കിം യങ് ഗണ്‍ ആയിരുന്നു ആ ഗോള്‍ നേടിയത്. തിരിച്ചടിച്ചാല്‍ പോലും സമനില വഴങ്ങേണ്ടി വരുമെന്ന് ഉറപ്പായ മിനിറ്റുകളായിരുന്നു ജര്‍മനിയ്ക്ക് പിന്നീടങ്ങോട്ട്. ലോകകപ്പില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. ഒരു ഗോളെങ്കിലും നേടി തോല്‍വിയുടെ നാണക്കേട് ഒഴിവാക്കാന്‍ ജര്‍മന്‍ താരങ്ങള്‍ അവസാന മിനിറ്റിലും ശ്രമിച്ചു. എന്നാല്‍, ജര്‍മനിയെന്ന സാമ്രാജ്യത്തെ നിലംപരിശാക്കി ദക്ഷിണ കൊറിയ രണ്ടാം ഗോള്‍ നേടി. സണ്‍ ഹ്യൂമിനായിരുന്നു കൊറിയയുടെ രണ്ടാം ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിലായിരുന്നു ജര്‍മനിയെ കെട്ടുകെട്ടിച്ച ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും പിറന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here