Advertisement

‘അമ്മ’യിലെ മെമ്പർഷിപ്പ് ഫീസ് ഒരു ലക്ഷം രൂപ; അംഗത്വം എടുക്കാത്തിന് എട്ട് കാരണങ്ങൾ നിരത്തി 14 ഡബ്ലിയുസിസി അംഗങ്ങൾ

July 1, 2018
Google News 1 minute Read
wcc members states why they are not taking membership in amma

മലയാള താരസംഘടനയായ അമ്മയിൽ എന്തുകൊണ്ട് അംഗത്വമെടുക്കുന്നില്ല എന്നതിന് എട്ട് കാരണങ്ങൾ നിരത്തി ഡബ്ലിയുസിസി അംഗങ്ങൾ. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

നിലവിൽ അഭിനേതാക്കളായി തൊഴിലെടുക്കുന്ന തങ്ങൾ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നുവെന്നും അതിലൂടെ സിനിമയെ പൂർവ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്നും പോസ്റ്റിൽ കുറിക്കുന്നു.

തുല്യവേതനം എന്നൊരു സങ്കൽപം പോലും നിലവിലില്ലാത്ത മേഖലയിൽ ഒരു ലക്ഷം രൂപയോളം മെമ്പർഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ലെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ രൂപം കാണാം :

കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സംഘടനയായി രൂപം കൊണ്ടിട്ട്. മലയാള സിനിമാ ലോകത്തെ പല രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ WCC മുന്നോട്ടു വെക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കി ഈ സംഘടനയുടെ ഭാഗമായി .

അവരിൽ അഭിനേത്രികളും ടെക്നീഷ്യൻമാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്. അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങളും WCC യുടെ പേജിലൂടെ അറിയിക്കാൻ ആഗ്രഹിക്കുന്നു.

ഇന്ന് അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അവർ അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങളാണ് അവർ നിരത്തുന്നത്.

——————————————-

എ.എം.എം.എ എന്ന് പേരുള്ള ‘സംഘടന’യിൽ ഇനിയും ചേർന്നിട്ടില്ലാത്ത, എന്നാൽ നിലവിൽ അഭിനേതാക്കളായി തൊഴിലെടുക്കുന്ന ഞങ്ങൾ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നു. ഇതിലൂടെ
സിനിമയെ പൂർവ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ,
മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം.

എ.എം.എം.എ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങൾ:

* തുല്യവേതനം എന്നൊരു സങ്കൽപം പോലും നിലവിലില്ലാത്ത മേഖലയിൽ ഒരു ലക്ഷം രൂപയോളം മെമ്പർഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല.

* പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രശ്നത്തെ സമീപിച്ച രീതിയിൽ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു.

* WCC സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്നങ്ങളോട്, പൊതുവിൽ പുലർത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്. *ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെൽപ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു.

* എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയിൽ അവതരിപ്പിച്ച പിന്തിരിപ്പൻ സ്കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.

* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയിൽ ഉടനൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാൻസ് അസ്സോസിയേഷനുകൾ, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകൾ , ഒക്കെ ചേർത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം, ബോധ്യപ്പെടുത്തി തരുന്നുണ്ട്.

* ആത്മാഭിമാനമുള്ള സ്ത്രീകളെ ഉൾക്കൊള്ളാൻ, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാൻ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവിൽ സംഘടനയെ നിർണയിക്കുന്ന താരാധികാരരൂപങ്ങൾക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു.

*കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ, സംഘടനാപരമായ ചുമതലകളിൽ, തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല.

* ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു.

മലയാളികൾ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതി-മത-ലിംഗ വിഭാഗീയതകൾക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികൾ രചിക്കപ്പെടുവാൻ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

1. അഭിജ ശിവകല
2.അമല അക്കിനെനി
3.അർച്ചന പദ്മിനി
4.ദർശന രാജേന്ദ്രൻ
5.ദിവ്യ ഗോപിനാഥ്
6. ദിവ്യ പ്രഭ
7. ജോളി ചിറയത്ത്
8.കനി കുസൃതി
9.. രഞ്ജിനി പിയർ
10.സജിത മഠത്തിൽ
11. സംയുക്ത നമ്പ്യാർ
12. ശാന്തി ബാലചന്ദ്രൻ
13.. ഷൈലജ അമ്പു
14. സുജാത ജനനേത്രി

#equalinreelandreal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here