Advertisement

വില്യാന്‍ മെക്‌സിക്കോയുടെ വില്ലനായി; നെയ്മര്‍ കരുത്തില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ (2-0)

July 2, 2018
Google News 21 minutes Read

ലോകകപ്പുകളുടെ പ്രീക്വാര്‍ട്ടറുകളില്‍ വീഴുന്ന ശീലം മെക്‌സിക്കോ തുടരുന്നു. ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് മെക്‌സിക്കോ റഷ്യയില്‍ നിന്ന് മടങ്ങുന്നത്. സമാരയില്‍ തിങ്ങിനിറഞ്ഞ ആരാധക കൂട്ടത്തെ സാക്ഷി നിര്‍ത്തി കാനറികള്‍ റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ വമ്പന്‍ ടീമുകളെല്ലാം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ മഞ്ഞപ്പട അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തി.

രണ്ടാം പകുതിയിലാണ് ബ്രസീലിന്റെ രണ്ട് ഗോളുകളും പിറന്നത്. ബ്രസീല്‍ താരം വില്യാനും സൂപ്പര്‍താരം നെയ്മറുമാണ് കാനറികളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 13-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ ഒച്ചാവോയോട് മെക്‌സിക്കോ നന്ദി പറയേണ്ടിയിരിക്കുന്നു…നാലിലേറെ ഗോളുകള്‍ വീഴേണ്ടിയിരുന്ന മെക്‌സിക്കന്‍ ഗോള്‍ പോസ്റ്റില്‍ ഒരു വന്‍മതില്‍ പോലെ ഒച്ചാവോ നിലയുറപ്പിച്ചില്ലായിരുന്നെങ്കില്‍ മെക്‌സിക്കോയുടെ പരാജയം കൂടുതല്‍ ദയനീയമായേനെ.

മികച്ച പാസുകളിലൂടെയും ആക്രമണത്തിലൂടെയും വില്യാനും നെയ്മറും കുട്ടീന്യോയും കളംനിറഞ്ഞു. രണ്ടാം പകുതിയില്‍ ഗോളവസരങ്ങള്‍ ഒരുക്കിയതില്‍ ഭൂരിഭാഗവും വില്യാന്റെ ബൂട്ടകളായിരുന്നു. 51-ാം മിനിറ്റില്‍ വില്യാന്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. നെയ്മര്‍ വില്ല്യാന് നല്‍കിയ പാസ് വില്യാനില്‍ നിന്ന് വീണ്ടും നെയ്മറിലേക്ക്. മെക്‌സിക്കന്‍ പ്രതിരോധത്തെ തച്ചുടച്ച് നെയ്മറിന്റെ മികച്ച ഫിനിഷിംഗ്. വില്യാന്‍ നടത്തിയ മുന്നേറ്റം മെക്‌സിക്കന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി.

88-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മെക്‌സിക്കന്‍ പോസ്റ്റ് ലക്ഷ്യം വെച്ച് നെയ്മര്‍ നല്‍കിയ പാസിന് ഫിര്‍മിന്യോയുടെ ഫിനിഷിംഗ്. നെയ്മറിന്റെ കൗണ്ടര്‍ അറ്റാക്ക് മുന്നേറ്റത്തിന് ചെറിയൊരു പാദസ്പര്‍ശം മാത്രമാണ് ഫിര്‍മിന്യോ നല്‍കിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ കളം നിറഞ്ഞപ്പോല്‍ കാനറികള്‍ക്ക് ഈ വിജയം കൂടുതല്‍ ആശ്വാസമായി.

ആദ്യ ഗോളിനായി ഇരു ടീമുകളും വാശിയോടെ പോരടിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. മികച്ച പാസുകളിലൂടെ പന്ത് കൈവശം വയ്ക്കുന്നതില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, മെക്‌സിക്കോ കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ആദ്യ മിനിറ്റുകളില്‍ ചെയ്തത്. കൗണ്ടര്‍ അറ്റാക്കുകളായിരുന്നു മെക്‌സിക്കോ കൂടുതല്‍ നടത്തിയത്. ലൊസാനോയായിരുന്നു മെക്‌സിക്കന്‍ ആക്രമണത്തിന്റെ കുന്തമുന. മൂന്ന് തവണ ബ്രസീലിന്റെ ഗോള്‍മുഖത്തേക്ക് ലൊസാനോയുടെ നേതൃത്വത്തില്‍ മെക്‌സിക്കോ ഇരമ്പിയെത്തി. എന്നാല്‍, ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

ആദ്യ 20 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ബ്രസീല്‍ കളിക്കളത്തിലേക്ക് ഊര്‍ജ്ജസ്വലരായി തിരിച്ചെത്തി. നെയ്മറും കുട്ടീന്യോയും കൂടുതല്‍ അപകടകാരികളായി. മെക്‌സിക്കന്‍ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് നെയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിന് ഗോള്‍ സാധ്യത നല്‍കി. എന്നാല്‍, മെക്‌സിക്കന്‍ ഗോളി ഒച്ചാവോ പോസ്റ്റിന് മുന്നില്‍ പാറ പോലെ ഉറച്ചുനിന്നു. പോസ്റ്റിന് മുന്നില്‍ നിന്ന് അപകടകരമായ പല ഷോട്ടുകളും കുട്ടീന്യോ ഉതിര്‍ത്തു. എന്നാല്‍, മെക്‌സിക്കന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒച്ചാവോയും സാധ്യതകളെല്ലാം തട്ടിയകറ്റിയ കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. ബ്രസീല്‍ താരം ഫിലിപെ ലൂയിസിനും മെക്‌സിക്കോ താരം അല്‍വാരസിനും ആദ്യ പകുതിയില്‍ മഞ്ഞകാര്‍ഡ് ശിക്ഷയായി ലഭിച്ചു.

ഇന്ന് രാത്രി നടക്കുന്ന ബെല്‍ജിയം – ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here