“എനിക്കിപ്പോ അറിയണം…ആരാടാ ഈ ഫ്‌ളക്‌സ് അടിച്ചത്”; ‘സ്പാനിഷ്’ ട്രോളുകള്‍ കാണാം

കുക്കുടന്‍

ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരു ആരാധകനെ സ്പാനിഷ് ഫുട്‌ബോള്‍ ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ട്രോളന്‍മാരെല്ലാം അയാളെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിന്‍ തോറ്റത്. “നന്നായി കളിച്ചാണ് തോറ്റത്…ഷൂട്ടൗട്ടില്‍ ഒന്ന് കാലിടറി…പിന്നെ, ഈ ഷൂട്ടൗട്ട് എന്നൊക്കെ പറയുന്നത് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ്”…ഇങ്ങനെയൊക്കെയുള്ള ന്യായീകരണങ്ങള്‍ നിരത്തി ട്രോളുന്നവരെ ചെറുത്തുനില്‍ക്കാന്‍ സ്പാനിഷ് ആരാധകര്‍ ട്രോള്‍ ഗ്രൂപ്പിലെത്തി. അപ്പോഴല്ലേ ഇജ്ജാതി പുകില്. “ഊതിയാ പറക്കാറില്ല…പെനാല്‍റ്റി കിട്ടിയാ മുട്ട് ഇടിക്കാറില്ല…ആരുണ്ട് ഞങ്ങളോട് മുട്ടാന്‍…പെനാല്‍റ്റി അടിക്കാന്‍ അറിയുന്നവരുണ്ടെങ്കില്‍ വാ”… ഏതോ കടുത്ത ആരാധകന്‍ സ്‌പെയിന്റെ പതനം പെനാല്‍റ്റി ഷൂട്ടൗട്ടിലാകുമെന്ന് പ്രവചിച്ച പോലെ ചില ഫ്‌ളക്‌സുകള്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം സ്‌പെയിനെ ട്രോളാന്‍ വന്നവര്‍ക്ക്???

ന്യായീകരണവുമായി എത്തിയവര്‍ ഇതൊക്കെ കണ്ട് പിന്‍വലിഞ്ഞു. ആരായിരിക്കും സ്പാനിഷ് ആരാധകനായ ഈ ദീര്‍ഘദര്‍ശി? ആരായാലും മറ്റ് സ്പാനിഷ് ആരാധകര്‍ക്ക് മുന്‍പില്‍ പോയി നില്‍ക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ട്രോളന്‍മാരുടെ ഉപദേശം.

ലോകോത്തര ഗോളിയെന്നാണ് സ്‌പെയിന്‍ ഗോളിയെ കുറിച്ച് സ്പാനിഷ് ആരാധകര്‍ പറയുന്നത്. പക്ഷേ, എന്ത് ചെയ്യാം പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു പന്ത് പോലും തടുത്തിടാന്‍ പുള്ളിക്ക് സാധിച്ചില്ല.

അങ്ങോട്ടും ഇങ്ങോട്ടും ചറപറാന്ന് പാസുകള്‍ നല്‍കുന്നതിനിടയില്‍ സ്‌പെയിന്‍ താരങ്ങള്‍ ഗോളടിക്കാന്‍ മറന്നുപോയെന്നാണ് ചില ട്രോളന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. പാസുകളുടെ എണ്ണത്തിലും ബോള്‍ പോസഷനിലും സ്‌പെയിന്‍ റഷ്യയേക്കാള്‍ രണ്ടിരട്ടി മുന്‍പിലായിരുന്നു. പാസുകള്‍ പുഴുങ്ങി തിന്നാല്‍ ഗോളാകില്ലെന്ന് ട്രോളന്‍മാര്‍ കാളക്കൂറ്റന്‍മാരുടെ മുഖത്ത് നോക്കി പറയുകയാണ്.

അര്‍ജന്റീന, പോര്‍ച്ചുഗല്‍ ദേ ഇപ്പോ സ്‌പെയിനും…എല്ലാവരും ജോളിയായി പുറത്തായ സ്ഥിതിക്ക് ക്ലബ് ഫുട്‌ബോള്‍ നേരത്തേ തുടങ്ങാനും ട്രോളന്‍മാര്‍ ആലോചിക്കുന്നുണ്ട്.

ആന്ദ്രേ ഇനിയേസ്റ്റ എന്ന ലെജന്‍ഡറി ഫുട്‌ബോളറിന്റെ അവസാന ലോകകപ്പായിരുന്നു ഇത്. സ്‌പെയിനെ ട്രോളുന്നവരെല്ലാം ഇനിയേസ്റ്റ എന്ന മഹാതാരത്തെ അതില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയത് കാല്‍പന്ത് ആരാധകരെ സന്തോഷിപ്പിച്ചു. ഇനിയേസ്റ്റയെ പോലൊരു ലോകോത്തര താരത്തെ ട്രോളന്‍മാര്‍ നെഞ്ചിലേറ്റി. തോറ്റാലും ജയിച്ചാലും…കിരീടം ചൂടിയാലും ഇല്ലെങ്കിലും…ലെജന്‍ഡ്‌സ് ആര്‍ ലെജന്‍ഡ്‌സ് എന്നാണ് ട്രോളന്‍മാരുടെ പക്ഷം.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top