Advertisement

ജപ്പാനെ കൊതിപ്പിച്ച് കടന്നുകളഞ്ഞു; ബല്‍ജിയം ക്വാര്‍ട്ടറില്‍ (3-2)

July 3, 2018
Google News 16 minutes Read

ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാനെ കീഴടക്കി കറുത്ത കുതിരകളെന്ന് വിശേഷണമുള്ള ബല്‍ജിയം ലോകകപ്പ് ക്വാര്‍ട്ടറില്‍. ജപ്പാന് വിജയപ്രതീക്ഷകള്‍ സമ്മാനിച്ചാണ് ബല്‍ജിയം അവസാന മിനിറ്റില്‍ വിജയപഥത്തിലെത്തിയത്. അതിശക്തരായ ബല്‍ജിയത്തിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ശേഷമാണ് ജപ്പാന്റെ പതനം. മത്സരത്തിന്റെ 65-ാം മിനിറ്റ് വരെ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി നടക്കാന്‍ പോകുകയാണെന്ന് വിശ്വസിച്ച കാല്‍പന്ത് ആരാധകരെ അവസാന 30 മിനിറ്റില്‍ ബല്‍ജിയം പറ്റിച്ചു. തുടരെ തുടരെ മൂന്ന് ഗോളുകള്‍ ജപ്പാന്റെ പോസ്റ്റിലേക്ക് പായിച്ച് ബല്‍ജിയം ക്വാര്‍ട്ടറില്‍. ബല്‍ജിയത്തിന്റെ വിജയഗോള്‍ പിറന്നത് അവസാന വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കേ…ബ്രസീലാണ് ക്വാര്‍ട്ടറില്‍ ബല്‍ജിയത്തിന്റെ എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ബല്‍ജിയത്തിന് മുന്നില്‍ ജപ്പാന്‍ താരതമ്യേന ചെറിയ എതിരാളികളായിരുന്നു. ആദ്യ പകുതിയില്‍ കളിക്കളത്തിലൂടനീളം രണ്ട് ടീമുകളും തമ്മിലുള്ള അന്തരം പ്രകടമായിരുന്നു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് ബല്‍ജിയത്തിന് ലഭിച്ചത്. ഹസാര്‍ഡിലൂടെയും ലുക്കാക്കുവിലൂടെയും ബല്‍ജിയം അതിവേഗ മുന്നേറ്റം നടത്തി. ബല്‍ജിയത്തെ തടുത്തുനിര്‍ത്തുക മാത്രമായിരുന്നു ജപ്പാന്‍ ആദ്യ പകുതിയില്‍ ചെയ്തത്. ആദ്യ പകുതിയില്‍ വളരെ വിരളമായാണ് ജപ്പാന്‍ ബല്‍ജിയത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് മുന്നേറ്റം നടത്തിയത്. കളിക്കളത്തില്‍ ബല്‍ജിയത്തിന് സമ്പൂര്‍ണ ആധിപത്യം. എന്നാല്‍, ഗോളടിപ്പിക്കില്ലെന്ന് ഉറപ്പിച്ച് ജപ്പാനും. ബല്‍ജിയത്തെ പിടിച്ചുനിര്‍ത്തിയ ജപ്പാന് ആത്മവിശ്വാസം വര്‍ധിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയുടെ അവസാനത്തില്‍ കണ്ടത്. ആദ്യ പകുതി ഗോള്‍ രഹിതമായി പൂര്‍ത്തിയായി.

എന്നാല്‍, രണ്ടാം പകുതിയില്‍ കഥ മാറി. കുഞ്ഞന്‍മാരെന്ന് വിധിയെഴുതിയ ജപ്പാന്‍ പ്രതിരോധത്തിനൊപ്പം ആക്രമിച്ച് കളിക്കാനും ആരംഭിച്ചു. ബല്‍ജിയത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് മുന്നേറാന്‍ ലഭിച്ച അവസരം ജപ്പാന്റെ മുന്നേറ്റനിര മുതലെടുത്തു. 48-ാം മിനിറ്റില്‍ റോസ്റ്റോവിലെ കാണികളും കാല്‍പന്ത് ആരാധകരും ഞെട്ടിത്തരിച്ചു…കറുത്ത കുതിരകളെന്ന് വിശേഷണമുള്ള, അതിശക്തരായ ബല്‍ജിയത്തിന്റെ ഗോള്‍ പോസ്റ്റിനുള്ളില്‍ ജപ്പാന്‍ വക ഒരു ഗോള്‍!!! ഷിബസാക്കിയുടെ പാസില്‍ നിന്ന് ലഭിച്ച പന്ത് ഹരഗൂച്ചിയിലൂടെ ലക്ഷ്യം കാണുന്നു. ബല്‍ജിയം ഞെട്ടുന്നു…ജപ്പാന്‍ ആരാധകര്‍ മതിമറന്ന് സന്തോഷിക്കുന്നു.

എത്രയും വേഗം സമനില ഗോള്‍ നേടുകയായിരുന്നു പിന്നീട് ബല്‍ജിയത്തിന്റെ ലക്ഷ്യം. എതിര്‍വശത്ത് ആത്മവിശ്വാസം വര്‍ധിച്ച ജപ്പാന്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ ആരംഭിച്ചു. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പ് ബല്‍ജിയത്തിന് വീണ്ടും ജപ്പാന്റെ പ്രഹരം!!! 52-ാം മിനിറ്റിലായിരുന്നു ജപ്പാന്‍ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഷിന്‍ജി കവാഗയുടെ പാസില്‍ ഇനുയൂയിമാണ് ഗോള്‍ സ്വന്തമാക്കിയത്. ബല്‍ജിയത്തിനെതിരെ ജപ്പാന്‍ രണ്ട് ഗോളുകള്‍ക്ക് ലീഡ് ചെയ്യുന്ന കാഴ്ച ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല.

സമ്മര്‍ദ്ദത്തിലായ ബല്‍ജിയം ഒരു ഗോളിനായി ദാഹിക്കുകയായിരുന്നു പിന്നീട്. ഒടുവില്‍ 69-ാം മിനിറ്റില്‍ ബല്‍ജിയം തിരിച്ചുവന്നു. ബോക്‌സിനു വെളിയില്‍ നിന്നും ഫ്രീകിക്ക് ഇഫക്ടുള്ള വെര്‍ട്ടോഗന്റെ കിടിലന്‍ ഹെഡറിലൂടെ ബല്‍ജിയത്തിന്റെ ആദ്യ ഗോള്‍. പിന്നീടങ്ങോട്ട് കളിക്കളത്തിലേക്ക് തിരിച്ചുവരികയായിരുന്നു ബല്‍ജിയം. 74-ാം മിനിറ്റില്‍ മൊറെയ്ന്‍ ഫെല്ലെനിയിലൂടെ ബല്‍ജിയം രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കി.

പിന്നീടങ്ങോട്ട് ജപ്പാന്റെ ഗോള്‍ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തിയ ബല്‍ജിയത്തിന്റെ എല്ലാ മുന്നേറ്റങ്ങളും തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു. മത്സരം സമനിലയിലേക്ക് പോകുമെന്ന് ഉറപ്പായതോടെ നാസര്‍ ചാഡ്‌ലി ബല്‍ജിയത്തിന്റെ രക്ഷകനായി അവതരിച്ചു. നിശ്ചിത സമയവും കഴിഞ്ഞ് രണ്ടാം പകുതിയുടെ അധിക സമയത്താണ് അത് സംഭവിച്ചത്. അവസാന വിസില്‍ മുഴങ്ങാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കേ ചാഡ്‌ലിയുടെ വിജയഗോള്‍ ബല്‍ജിയത്തിനായി റോസ്‌റ്റോവില്‍ പിറന്നു. ജപ്പാന്റെ പ്രതീക്ഷകളേയും സ്വപ്‌നങ്ങളേയും തല്ലിചതച്ച് ബല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.

6-ാം തിയതി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലാണ് ബല്‍ജിയത്തിന്റെ എതിരാളികള്‍. കസാനില്‍ രാത്രി 11.30 നാണ് മത്സരം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here