എട്ടിന്റെ പണി കൊടുക്കാന്‍ ബ്രസീല്‍; ബെല്‍ജിയം പേടിക്കണം…
റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. നാളെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ മത്സരമാണ് എല്ലാ ഫുട്‌ബോള്‍ ആസ്വാദകരും പ്രതീക്ഷകളോടെ കാത്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഏറ്റവും വീറും വാശിയും കാണാന്‍ സാധിക്കുന്ന മത്സരമാകും നാളെ രാത്രി 11.30 ന് നടക്കുന്ന ബ്രസീല്‍ – ബല്‍ജിയം പോര്.
കറുത്ത കുതിരകളെന്ന് വിശേഷമുള്ള ബല്‍ജിയത്തിന് ബ്രസീല്‍ മികച്ച എതിരാളികളാണ്. ആക്രമിച്ച് കളിക്കുകയാണ് ഇരു ടീമുകളുടെയും പ്രത്യേകത. അതിനാല്‍ തന്നെ മത്സരം ചൂടുപിടിക്കും. കളിക്കളത്തിലെ കണക്കുകളില്‍ ബ്രസീലിനാണ് മേല്‍കൈ. എതിരാളികളെ ഗോളടിപ്പാക്കാതിരിക്കുകയാണ് ബ്രസീലിന്റെ ഏറ്റവും വലിയ മേന്മ. ഗ്രൂപ്പ് മത്സരങ്ങളിലും പ്രീക്വാര്‍ട്ടര്‍ മത്സരത്തിലുമായി ഏക ഗോളാണ് ബ്രസീല്‍ വഴങ്ങിയിരിക്കുന്നത്. ഇത് ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രതിരോധത്തില്‍ മാഴ്‌സലോയുടെ അഭാവം ബ്രസീലിന് തിരിച്ചടിയാണ്. ബല്‍ജിയത്തിനെതിരെ മാഴ്‌സലോ കളത്തിലിറങ്ങുമെന്നാണ് സൂചനയെങ്കിലും പരിക്കില്‍ നിന്ന് താരം പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ തിയാഗോ സില്‍വ നേതൃത്വം നല്‍കിയ പ്രതിരോധം കാനറികളുടെ വിജയത്തില്‍ നിര്‍ണായ പങ്ക് വഹിച്ചു. മുന്നേറ്റനിരയില്‍ ജീസസിന് പകരം ഫിര്‍മിനോ എത്താനാണ് സാധ്യത.
അതേ സമയം, ജപ്പാനെതിരെ രണ്ട് ഗോള്‍ വഴങ്ങിയത് ബല്‍ജിയത്തിന് നിരാശ നല്‍കിയിട്ടുണ്ട്. പ്രതിരോധനിരയില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നെയ്മര്‍ – കുട്ടിന്യോ – വില്യന്‍ കൂട്ടുക്കെട്ട് കറുത്ത കുതിരകളെ അനായാസം പൂട്ടും എന്നതില്‍ സംശയമില്ല. ലുക്കാക്കു, ഹസാര്‍ഡ് എന്നിവരിലാണ് ബല്‍ജിയത്തിന്റെ കൂടുതല്‍ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here