അഭിമന്യു വധം; പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

മഹാരാജാസ് കോളജിളെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതികളെ ഏഴ് ദിവസത്തെ പോലിസ് കസ്‌റ്റഡിയില്‍ വിട്ടു. കേസിലെ പ്രതികളായ ഫാറൂഖ്, ബിലാല്‍, റിയാസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്ദീപ് കൃഷ്‌ണ കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡിയപേക്ഷ ശരിയായ നിലയില്‍ സമര്‍പ്പിക്കാത്തതു സംബന്ധിച്ചു അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ അനന്തലാലിനെ കോടതി ശാസിച്ചു. പ്രതികളെ കോടതിയില്‍ ആദ്യം ഹാജരാക്കിയപ്പോള്‍ തന്നെ കസ്‌റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍’ ശരിയായ നിലയില്‍ സത്യവാങ്‌മൂലം സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍’ ഇന്നലെ കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്‌മൂലത്തില്‍ ഒപ്പു വയ്‌ക്കാത്തതാണ് കോടതിയുടെ ശാസനയ്‌ക്കു കാരണമായത്. കൂടുതല്‍ പ്രതികളെ കണ്ടെത്താനുണ്ടെന്നും 14 ദിവസത്തേ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കോടതി ഏഴു ദിവസത്തെ കസ്‌റ്റഡിയേ അനുവദിച്ചുള്ളു.
കേസിലെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം, വധശ്രമം, അന്യായമായി സംഘം ചേരുക, മാരകായുധമുപയോഗിച്ചു ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ഗുഡാലോചനകുറ്റം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുള്ളത്. പോസ്‌റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടു കാംപസ്‌ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ പ്രശ്‌നമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here