Advertisement

പോയി കുഴിയിൽചാടല്ലേ.. ഞാനോ പെട്ടു.. ഇനി നീയും കൂടി തല വയ്ക്കല്ലേ.. എന്ന് പറയുന്ന ആണുങ്ങള്‍ക്കാണീ പോസ്റ്റ്

July 8, 2018
Google News 2 minutes Read
jayan

വര്‍ഷങ്ങള്‍ കഴിഞ്ഞ് വിവാഹത്തെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാനിഷ്ടമില്ലാത്തത് പറയല്ലെ എന്ന് പറയാത്തവര്‍ ഉണ്ടാകില്ല. അത്തരക്കാര്‍ക്ക് ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഉള്ളൊന്ന് കാളും. കാരണം നിങ്ങള്‍ കാണാത്തതോ, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ ആയ ഒത്തിരി സത്യങ്ങളാണീ പോസ്റ്റ്.  ജയന്‍ കാര്‍ത്തികേയന്‍ എന്ന യുവാവ് പങ്കുവച്ച പോസ്റ്റ് അത്രമാത്രം ഉള്ളുലയ്ക്കുന്നതാണ്. ഏതോ ഒരു വീട്ടില്‍ നിന്ന് തികച്ചും അപരിചിതമായ മറ്റൊരു വീട്ടില്‍ എത്തി. അവരിലൊരാളായി മാറുന്നവരാണ് ഓരോ സ്ത്രീകളും. കുട്ടികളെ വളര്‍ത്തി, വച്ചു വിളമ്പി സ്വന്തം സൗന്ദര്യം പോലും നോക്കാതെ ജീവിക്കുന്ന അവള്‍ എന്ന് മുതലാണ് സൗന്ദര്യം ഇല്ലാത്തവളായി പോയതെന്ന്  പോസ്റ്റില്‍ ചോദിക്കുന്നു. ജയന്റെ തന്നെ സുഹൃത്ത് ആതിര ഒരു കൊല്ലം മുമ്പ് എഴുതിയതാണിത്. എന്നാല്‍ ജയന്‍ ഷെയര്‍ ചെയ്തതോടെ ഇത് ഫെയ്സ് ബുക്കില്‍ വൈറലാകുകയായിരുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്;

സ്വന്തം ഭാര്യയെ കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചാൽ ‘ഓർക്കാൻ ഇഷ്ടമില്ലാത്തത് ഓർമിപ്പിക്കല്ലേ’ എന്ന് തമാശക്കെങ്കിലും പറയാത്ത ഒരു വിവാഹിതനും ഉണ്ടാകില്ല. എന്നാൽ ഒരു 20-25 വയസ്സായിരുന്ന കാലഘട്ടം നിങ്ങൾക്കും ഉണ്ടായിരുന്നില്ലേ? സൗന്ദര്യമുള്ള പെൺകുട്ടികളെ കാണുമ്പോൾ അറിയാതെയെങ്കിലും ഇവൾ എൻ്റെ ആയിരുന്നെങ്കിലെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ ? വിവാഹിതരെ കണ്ട് അസൂയപ്പെട്ടിട്ടില്ലേ? വിവാഹംവേഗം നടത്താൻ വീട്ടുകാരുമായി യുദ്ധം ചെയ്തവരും കുറച്ചെങ്കിലും ഇല്ലേ? പഠനം പൂർത്തിയാക്കി ഒരു ജോലി നേടികുടുംബ ഭാരങ്ങൾ ഇറക്കി വച്ച് എത്രയും വേഗം കൂട്ടിനൊരു പെണ്ണിനെ കണ്ടുപിടിക്കാൻ ആഗ്രഹിച്ചിരുന്നൊരു കാലം നിങ്ങൾക്കും ഉണ്ടായിട്ടില്ലേ? അന്നെല്ലാം വിവാഹത്തെ കുറിച്ചും ഭാവിവധുവിനെ കുറിച്ചും ഉള്ള സങ്കൽപ്പങ്ങളെകുറിച്ച് ആരെങ്കിലും ചോദിച്ചാൽ നൂറു നാവ് നിങ്ങൾക്കും ഉണ്ടായിരുന്നില്ലേ? സ്വന്തം സ്വഭാവശുദ്ധിയെ പറ്റി ചിന്തിക്കുന്നതിനു മുൻപ് ‘അവൾ’ സൽസ്വഭാവിയും സമൂഹം നിഷ്കർഷിക്കുന്ന ‘അടക്കവും ഒതുക്കവും’ ഉള്ളവളും ആയിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലേ??? തനിക്കിണങ്ങുന്ന ഒരു പെൺകുട്ടിയെസ്വന്തമായോ വീട്ടുകാരിലൂടെയോ കണ്ടെത്തിയ ഒരു കാലം ഓർക്കുന്നുണ്ടോ? അവളുടെ പൂർണ അവകാശം വിവാഹത്തിന് മുൻപേ വിവാഹനിശ്ചയമെന്ന പേരിൽ വാങ്ങി സൂക്ഷിച്ചതോർമ്മയുണ്ടോ? അന്ന് മുതൽ പുറത്തിറങ്ങാൻ പോലും നിങ്ങളുടെ അനുവാദം അവൾ ചോദിക്കുമ്പോൾ അറിയാതെയെങ്കിലും ഉള്ളാൽ സന്തോഷിക്കാതിരുന്നിട്ടുണ്ടോ? ഒടുവിലവൾ സ്വന്തമായ ദിവസം എന്തൊക്കെയോ നേടിയെന്ന് ചിന്തിക്കാതിരുന്നിട്ടുണ്ടോ? ഇതെല്ലാം ചെയ്ത നിങ്ങൾ തന്നെയല്ലേ അവിവാഹിതരോട് ‘അയ്യോ… പോയി കുഴിയിൽചാടല്ലേ… ഞാനോ പെട്ടു…ഇനി നീയും കൂടി തല വയ്ക്കല്ലേ…’എന്ന് പറയുന്നത്? വർഷങ്ങൾ കഴിയുമ്പോൾ അവളെ കൂടെ കൊണ്ട് നടക്കാൻ നിങ്ങൾ മടിക്കുന്നു… നിന്നെ ഇപ്പൊ കണ്ടാൽ എന്റെ അമ്മയാണെന്നേ പറയൂ എന്ന് പരാതിപറയുന്നു… കൂടുതൽ സുന്ദരികളായ സ്ത്രീകളെ വച്ച് അവരെ താരതമ്യം ചെയ്യുന്നു… ഓർത്തിട്ടുണ്ടോ നിങ്ങൾ? വിവാഹദിവസം തന്റെ മകളാണോ എന്ന സംശയിക്കത്തക്ക വിധമുണ്ടായിരുന്ന അവൾ എങ്ങനെ ഇങ്ങനെ മാറി? അവൾ അത് വരെ ഉണ്ടായിരുന്ന സകല സ്വാതന്ത്ര്യവും ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്… നിങ്ങൾ സമൂഹത്തിൽ വലിയവനായിരിക്കാൻ അവൾ അവളുടെ സ്വപനങ്ങൾ ത്യജിച്ച് നിങ്ങളുടെ സ്വപ്നങ്ങൾക്കു വെള്ളമൊഴിച്ചു കൂടെ നിന്നു… നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തക്കൾക്കും ബന്ധുക്കൾക്കും വച്ച് വിളമ്പി… നിങ്ങളുടെ തലമുറ നിലനിർത്താൻ കുഞ്ഞുങ്ങളെ പെറ്റുപോറ്റി…അവരെ പഠിപ്പിച്ചു…അവരുടെ തെറ്റുകൾ തിരുത്തി കൂടെ നിന്നു… എന്നിട്ടും ആ കുഞ്ഞുങ്ങളുടെ നേട്ടങ്ങളിൽ സമൂഹം നിങ്ങളെ മാത്രം പുകഴ്ത്തുന്നത് കേട്ട് തൃപ്തിയടഞ്ഞു… അവകാശങ്ങളെക്കാൾ കടമകൾക്കു പ്രാധാന്യം കൊടുത്തു… എന്നെങ്കിലും അറിയാതെയെങ്കിലും എന്തെങ്കിലും ആഗ്രഹിച്ചാൽ, അവകാശപ്പെട്ടാൽ, തന്നിഷ്ടക്കാരിയായി… ആഡംബരക്കാരിയായി… നിങ്ങൾക്ക് വേണ്ടിയുള്ള ഈ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ അവൾ അവളെ തന്നെ തന്നെ നഷ്ടപ്പെടുത്തി…എന്താണ് അവൾ ചെയ്ത തെറ്റ്? നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ സ്വന്തം ശരീരത്തിൽ ആരും ആഗ്രഹിക്കാത്ത മാറ്റങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചതോ??? മരണ വേദന അനുഭവിച്ചതോ ??? ഇതിനിടയിൽ സ്വന്തം സൗന്ദര്യത്തിന് യാതൊരു പ്രാധാന്യവും അവൾ കണ്ടില്ല… അത് കൊണ്ട് തന്നെയല്ലേ അവൾ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സൗന്ദര്യം ഇല്ലാത്തവളായി പോയത്? ഇത്രയും കാലം അവൾ തൻറെ ജീവിതത്തിൻറെ ഭാഗമായി കൊണ്ട് നടന്ന അവളുടെ അച്ഛന്റെയോ അമ്മയുടേയോ പേര് നിഷ്കരുണം എടുത്ത് മാറ്റി നിങ്ങളുടെ പേര് ചേർത്ത് എവിടെയും അവതരിപ്പിക്കാൻ മടിച്ചു നിന്നിട്ടുണ്ടോ? അവൾ പെറ്റു വളർത്തുന്ന നിങ്ങളുടെ കുഞ്ഞുങ്ങളുടെ പേരിനു പിന്നിലെങ്കിലും തനിക്കൊപ്പം അവളുടെ പേരും വേണമെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ തലമുറകളിലൂടെ വീണ്ടും ജീവിക്കുമ്പോൾ ഓരോ ‘അവളും’ ‘അവളുടെ’ കുടുംബത്തിൽ തന്നെ അവസാനിക്കുകയാണ്. ഇതൊന്നും ആലോചിക്കാത്ത നിങ്ങൾക്ക് അവളെ ചോദ്യം ചെയ്യാൻ എന്തവകാശമുണ്ട്? ഓർക്കുക… അവളൊരു വ്യക്തിയാണ്. ഒരു വസ്തുവല്ല… ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ കുറ്റം പറയുന്നതും വിലയിടിച്ചു കാണിക്കുന്നതും കേമത്തം ആണെന്ന അലിഖിതനിയമത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന വിവാഹിതർ ഈ കാലഘട്ടത്തിൻറെ മാത്രം സൃഷ്ടിയല്ല. സ്ത്രീകൾ ഉമ്മറത്ത് വന്ന് അഭിപ്രായങ്ങൾ പറഞ്ഞു കൂടാ എന്ന പണ്ടത്തെ നിയമവും -അവളിലെ ബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും അകത്തളത്തിൽ തുരുമ്പു പിടിച്ചവസാനിക്കണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ്. കാരണം ‘അയാൾ’ക്കറിയാം ‘അവൾ’ നിസ്സാരയല്ല… പലതിലും തന്നെക്കാൾ മികച്ചവൾ ആണവൾ. അങ്ങനെയുള്ളവളെ മറ്റുള്ളവർക്ക് മുന്നിൽ പുകഴ്ത്തുക കൂടി ചെയ്താൽ തന്റെ വില കുറഞ്ഞു പോകുമോ എന്ന വിലകുറഞ്ഞ അല്പത്തരമാണ് അതിനു പിന്നിലെന്ന സത്യം നിങ്ങൾ എന്ന് തിരിച്ചറിയുന്നുവോ അന്നവൾക്ക് ചിറക് മുളക്കും… നിങ്ങളുടെ ജീവിതത്തിന് നിറം നൽകാനെത്തിയ ഒരു മാലാഖയെ പോലെ തോന്നിപ്പിക്കു…….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here