Advertisement

കറുത്ത കുതിരകളെ പൂട്ടി; ഫ്രാന്‍സ് ഫൈനലില്‍ (1-0) ചിത്രങ്ങള്‍, വീഡിയോ സഹിതം

July 11, 2018
Google News 45 minutes Read

ആവേശം അവസാന മിനിറ്റ് വരെ നീണ്ടുനിന്ന നിന്ന മത്സരത്തില്‍ കറുത്ത കുതിരകളെ പൂട്ടി ഫ്രഞ്ച് പട റഷ്യന്‍ ലോകകപ്പിന്റെ ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ വിജയം.

കളിക്കളത്തില്‍ മികച്ച മുന്നേറ്റം നടത്തിയിട്ടും ഗോള്‍ നേടാന്‍ സാധിക്കാതെ ബല്‍ജിയം ലോകകപ്പിന്റെ സെമിയില്‍ വീണു!!!. ലോകകപ്പ് ചരിത്രത്തിലെ മൂന്നാം ഫൈനലിലേക്കാണ് ഫ്രാന്‍സ് മാര്‍ച്ച് ചെയ്തിരിക്കുന്നത്…രണ്ടാം കിരീടനേട്ടത്തിന് ഒരു മത്സരം അകലെ. 51-ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഹെഡര്‍ ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.

മത്സരത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ചിത്രങ്ങള്‍, വീഡിയോ സഹിതം

-ആദ്യ പകുതി –

ഫ്രാന്‍സിന്റെ ടച്ചില്‍ മത്സരം ആരംഭിക്കുന്നു. ആരംഭം മുതലേ മത്സരത്തിന് അസാധ്യ വേഗത. പരസ്പരം ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ആദ്യ മിനിറ്റ് മുതല്‍ മൈതാനത്ത് കണ്ടത്.

ഫ്രഞ്ച് പ്രതിരോധത്തെ പേടിപ്പിച്ച് ബല്‍ജിയത്തിന്റെ മുന്നേറ്റമാണ് ആദ്യ പത്ത് മിനിറ്റില്‍ കണ്ടത്. ഹസാര്‍ഡിലൂടെയാണ് ബല്‍ജിയത്തിന്റെ മുന്നേറ്റം. ആദ്യ മിനിറ്റുകളില്‍ ബല്‍ജിയത്തെ വിറപ്പിച്ച് എംബാപ്പെയുടെ വേഗതയാര്‍ന്ന മുന്നേറ്റം. എംബാപ്പയ്‌ക്കൊപ്പം ഓടിയെത്താന്‍ കഴിയാതെ ബല്‍ജിയം താരങ്ങള്‍. എംബാപ്പെയെ തളക്കുക എന്ന ലക്ഷ്യം വെര്‍ട്ടോംഗനില്‍ നിക്ഷിപ്തം.

15-ാം മിനിറ്റിലും 19-ാം മിനിറ്റിലും ഹസാര്‍ഡിലൂടെ ബല്‍ജിയത്തിന് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഫ്രഞ്ച് പ്രതിരോധം ബല്‍ജിയത്തിന്റെ ഗോള്‍ സാധ്യതകളെ തട്ടിയകറ്റുന്ന കാഴ്ച. 22-ാം മിനിറ്റില്‍ ഡിബ്രൂയിനെയിലൂടെ ബല്‍ജിയത്തിന്റെ മുന്നേറ്റം. ഫ്രാന്‍സ് നായകനും ഗോള്‍ കീപ്പറുമായ ലോറിസ് രക്ഷകനായി അവതരിക്കുന്നു.

25 മിനിട്ടുകള്‍ പിന്നിടുമ്പോള്‍ കളിക്കളത്തില്‍ ബല്‍ജിയത്തിന് ആധിപത്യം. എന്നാല്‍, ഗോളുകളൊന്നും പിറന്നില്ല. ഇരു ടീമുകളും വേഗതയാര്‍ന്ന മുന്നേറ്റവും ആക്രമണവും നടത്തുന്ന കാഴ്ചയാണ് ആദ്യ പകുതി പുരോഗമിക്കുമ്പോള്‍.

25 മിനിട്ട് പിന്നിടുമ്പോള്‍ 4 കോര്‍ണര്‍ അവസരങ്ങളാണ് ബല്‍ജിയത്തിന് ലഭിച്ചത്. എന്നാല്‍, 41 ശതമാനം ബോള്‍ പൊസഷനുള്ള ഫ്രഞ്ച് പടയ്ക്ക് കോര്‍ണറുകളൊന്നും ലഭിച്ചിട്ടില്ല. 25-ാം മിനിറ്റിന്റെ അവസാനത്തില്‍ ഫ്രാന്‍സിന്റെ കോര്‍ണര്‍ ദാരിദ്ര്യം അവസാനിക്കുന്നു. മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിക്കുന്നു.

28-ാം മിനിറ്റില്‍ ഡിബ്രൂയിനെയിലൂടെ ബല്‍ജിയത്തിന്റെ മുന്നേറ്റം. ഇത്തവണ ഫ്രാന്‍സിന് വേണ്ടി ഉംറ്റിറ്റിയുടെ പ്രതിരോധകോട്ട.

31-ാം മിനിറ്റില്‍ ജിറുവിലൂടെ ഫ്രാന്‍സിന്റെ മുന്നേറ്റം. പന്ത് പോസ്റ്റിന് തൊട്ടുവെളിയിലൂടെ പുറത്തേക്ക്. ബല്‍ജിയം രക്ഷപ്പെടുന്നു. തൊട്ടടുത്ത മിനിറ്റില്‍ ബല്‍ജിയത്തിന്റെ മുന്നേറ്റം. നായകന്‍ ഹസാര്‍ഡിന് പന്ത് കാലില്‍ നിര്‍ത്താന്‍ സാധിക്കാത്ത വിധം പ്രതിരോധം ശക്തിപ്പെടുത്തി ഫ്രാന്‍സ്.

30 മിനിറ്റുകള്‍ പിന്നിട്ടതോടെ ഫ്രഞ്ച്പട മുന്നേറ്റം ശക്തിപ്പെടുത്തുന്നു. 34-ാം മിനിറ്റില്‍ എംബാപ്പെ നല്‍കിയ പാസിലൂടെ ഫ്രാന്‍സിന് സുവര്‍ണാവസരം. എന്നാല്‍, എംബാപ്പെ നല്‍കിയ പാസ് അലക്ഷ്യമായി തട്ടികളയുകയായിരുന്നു ഒലിവര്‍ ജിറൂദ്‌.

34-ാം മിനിറ്റില്‍ എംബാപ്പെ നല്‍കിയ പാസിലൂടെ ഫ്രാന്‍സിന് സുവര്‍ണാവസരം. എന്നാല്‍, എംബാപ്പെ നല്‍കിയ പാസ് അലക്ഷ്യമായി തട്ടികളയുകയായിരുന്നു ഒലിവര്‍ ജിറൂദ്‌. 39-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ അതിവേഗ മുന്നേറ്റം. ബല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് എംബാപ്പെ നല്‍കിയ മികച്ച പാസ് പവാര്‍ഡിലേക്ക്. ഗോള്‍ പോസ്റ്റ് ലക്ഷ്യം വെച്ച് പവാര്‍ഡിന്റെ ഷോട്ട്. ബല്‍ജിയം ഗോള്‍ കീപ്പര്‍ കോര്‍ട്ട്വോ രക്ഷകനാകുന്നു.

45-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക്. എന്നാല്‍, ദുര്‍ബലമായ ഫ്രീകിക്ക് ബല്‍ജിയത്തിന്റെ പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക്.

ആദ്യ പകുതിയ്ക്ക് ഒരു മിനിറ്റ് അധികസമയം ലഭിക്കുന്നു. ബല്‍ജിയത്തിന് അനുകൂലമായ അവസരം. ഉംറ്റിറ്റി പാഴാക്കിയ പന്ത് ലുക്കാക്കുവിന്റെ കാലുകളിലേക്ക്. എന്നാല്‍, ലക്ഷ്യത്തിലെത്തിക്കാന്‍ ലുക്കാക്കുവിന് സാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നു. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

-രണ്ടാം പകുതി –

ബല്‍ജിയത്തിന്റെ ടച്ചില്‍ രണ്ടാം പകുതി ആരംഭിക്കുന്നു. 47-ാം മിനിറ്റില്‍ ബല്‍ജിയത്തിന് അനുകൂലമായ അവസരം ലുക്കാക്കു നഷ്ടപ്പെടുത്തുന്നു.

സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍ ആദ്യ ഗോള്‍ പിറക്കുന്നു.

ഉംറ്റിറ്റി ഗോള്‍!!  ഫ്രാന്‍സിന്റെ ‘തല’വര ഉംറ്റിറ്റിയിലൂടെ തെളിഞ്ഞു. ബല്‍ജിയം പ്രതിരോധത്തില്‍ (1-0)

ബല്‍ജിയത്തിനെതിരെ ഫ്രാന്‍സ് ലീഡ് നേടുന്നു. മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. അന്റോയ്ന്‍ ഗ്രീസ്മാന്‍ തൊടുത്തുവിട്ട കോര്‍ണര്‍ കിക്കിന് ഉംറ്റിറ്റിയുടെ ബുദ്ധിപൂര്‍വ്വമുള്ള ഹെഡര്‍. ഫ്രാന്‍സിന്റെ തലവര തെളിയുന്നു. ബല്‍ജിയം പ്രതിരോധത്തില്‍.

ആദ്യ ഗോള്‍ സ്വന്തമാക്കിയ ശേഷം ഫ്രാന്‍സിന്റെ തുടരെ തുടരെയുള്ള ആക്രമണം. ബല്‍ജിയം പ്രതിരോധത്തിലാകുന്നു. 56-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സിന് വീണ്ടും അവസരം ലഭിക്കുന്നു. ബല്‍ജിയത്തിന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് എംബാപ്പെ ജിറൂദിന് നല്‍കിയ പാസ് അതിഗംഭീരം എന്ന് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം വിധിയെഴുതിയ നിമിഷം. എന്നാല്‍, ജിറൂദിന് ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയി.

ആദ്യ ഗോള്‍ കണ്ടെത്താനായി ബല്‍ജിയത്തിന്റെ ആക്രമണം. 65-ാം മിനിറ്റില്‍ ഫെലീനിയുടെ ഹെഡര്‍ ഫ്രാന്‍സിന്റെ സെക്കന്‍ഡ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോകുന്നു. ബല്‍ജിയം ആരാധകര്‍ നിരാശയില്‍.

മത്സരം 70 മിനിറ്റുകള്‍ പിന്നിടുമ്പോഴും മൈതാനത്ത് ബോള്‍ പൊസഷനില്‍ ബല്‍ജിയം മികച്ച മുന്നേറ്റം നടത്തുന്നു. എന്നാല്‍, ഫ്രാന്‍സിന്റെ ഉറച്ച പ്രതിരോധം കറുത്ത കുതിരകളെ പൂട്ടുന്നു.

തിരിച്ചടിക്കാനാകാതെ ബല്‍ജിയം. സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍ കറുത്ത കുതിരകളുടെ കണ്ണീര് വീഴുമോ?

മത്സരം അവസാന പത്ത് മിനിറ്റിലേക്ക്. 81-ാം മിനിറ്റില്‍ ബല്‍ജിയത്തിന് സുവര്‍ണാവസരം. ഡിബ്രൂയിനെ – ഹസാര്‍ഡ് – ലുക്കാക്കു ത്രയം നടത്തിയ മുന്നേറ്റം ഫ്രാന്‍സിന്റെ പോസ്റ്റിനരികില്‍. മികച്ച ഷോട്ടുതിര്‍ത്ത് വിറ്റ്‌സല്‍. ഫ്രഞ്ച്പടയുടെ നായകനും ഗോള്‍ കീപ്പറുമായ ലോറിസ് അനായാസം ആ ഷോട്ടിനെ പ്രതിരോധിക്കുന്നു. ബല്‍ജിയം ആരാധകരുടെ മുഖത്ത് നിരാശ.

86-ാം മിനിറ്റില്‍ ബല്‍ജിയത്തിന് ഫ്രീകിക്ക് അവസരം. ഹസാര്‍ഡിന്റെ മികച്ച ഷോട്ട് ഗോള്‍ വലയിലെത്തിക്കാന്‍ കഴിയാതെ ലുക്കാക്കു മുഖം താഴ്ത്തുന്നു. ബല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്തേക്ക്? മത്സരം അവസാന മിനിറ്റിലേക്ക്‌.

നിശ്ചിത സമയം പൂര്‍ത്തിയാകുന്നു. ആറ് മിനിറ്റ് ഇന്‍ജുറി ടൈം അനുവദിക്കുന്നു. ഫ്രാന്‍സ് ആരാധകരുടെ മുഖത്ത് പുഞ്ചിരി വിടരുന്നു. ബല്‍ജിയം വീഴ്ചയുടെ വക്കില്‍…വിജയഭേരി മുഴക്കി ഫ്രാന്‍സ് ആരാധകര്‍

അവസാന മിനിറ്റുകളില്‍ ബല്‍ജിയത്തിന് അത്ഭുതങ്ങളൊന്നും ചെയ്യാന്‍ സാധിച്ചില്ല. സമനില ഗോളിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും കറുത്ത കുതിരകള്‍ തോല്‍വി സമ്മതിച്ചു…

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here