Advertisement

സംഭവം എന്താണെന്ന് പറഞ്ഞാമതി!! എമി അത് കേക്കാക്കി കയ്യിൽ തരും

July 13, 2018
Google News 2 minutes Read

കഴിഞ്ഞ ദിവസം മെൽബണിൽ വച്ചായിരുന്നു മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ നാൽപതാം വർഷത്തിന്റെ ആഘോഷ ചടങ്ങുകൾ. ആ ചടങ്ങിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് മോഹൻലാൽ മുറിച്ച കേക്കായിരുന്നു. കാരണം ആ ചടങ്ങിനോട് അങ്ങേയറ്റം ‘നീതി പുലർത്തുന്നതായിരുന്നു’ ആ കേക്ക്. പാതിയഴിഞ്ഞ ഫിലിം റോൾ, ക്ലാപ് ബോക്സ്, മോഹൻലാലിന്റെ കഥാപാത്രങ്ങൾ, ഏറ്റവും മുകളിലായി മോഹൻലാൽ സിനിമയിലെത്തിയ വർഷം സൂചിപ്പിക്കാൻ ചില ‘നമ്പറുകളും’.  ഒറ്റ നോട്ടത്തിൽ കേക്കാണെന്ന് ആരും പറയില്ല. ചടങ്ങ് വിദേശത്തായിരുന്നെങ്കിലും  കേക്കിന് പിന്നിൽ ഒരു മലയാളി ടച്ചുണ്ട് കേട്ടോ. ഒരു തനി നാടൻ കോട്ടയം അച്ചായത്തിയുടെ കൈകൾ,  എമി ആൻ ലിയോ എന്ന ആമിയാണ് സദസ്സിന്റെ ശ്രദ്ധ മുഴുവൻ ആകർഷിച്ച ആ കേക്കുണ്ടാക്കിയത്.

എമിയും, എമീസ് ബേക്ക് ഹൗസും

എമിയുടെ ‘കേക്ക് ജീവിതത്തിൽ’ ആദ്യമായാണ് ഇത്തരം ഒരു വലിയ ചടങ്ങിന് കേക്ക് ഉണ്ടാക്കുന്നത് തന്നെ.ഈരാറ്റുപേട്ട വാകക്കടാണ് എമിയുടെ വീട്. ഭർത്താവിനൊപ്പം മെൽബണിൽ താമസമാക്കിയിട്ട് പത്ത് വർഷം.  പരീക്ഷണം പോലെ 2013ൽ എമി  തുടങ്ങിയതാണ്  കേക്കുകൾക്ക് പിന്നാലെയുള്ള യാത്ര. രണ്ടാമത്തെ മകൾ ഐഡയുടെ പിറന്നാളിന് ഒരു കേക്കുണ്ടാക്കി. (അത്  പരീക്ഷണം തന്നെയായിരുന്നു. കാരണം കേക്കുണ്ടാക്കാൻ എമി പഠിച്ചിട്ടില്ല.)  അതായിരുന്നു തുടക്കം. അത് അന്ന് ഗസ്റ്റിന്റേയും കൂട്ടുകാരുടേയും ഇടയിൽ  കേക്കും അതിന്റെ രുചിയും  ഹിറ്റായി. അതിന് പിന്നാലെ ആദ്യത്തെ ഓർഡർ എത്തി. കേക്കുണ്ടാക്കാൻ ‘ഔദ്യോഗികമായി’ പഠിക്കാത്തതിനാൽ നോ പറഞ്ഞ് ഒഴിയാൻ ശ്രമിച്ച എമിയെ ആമിയുടെ കൂട്ടുകാർ വിട്ടില്ല. ധൈര്യം പകർന്ന് ഒപ്പം നിന്നു. അങ്ങനെ ആദ്യം എത്തിയ ഓർഡറുകളിലെ കേക്കുകളിൽ നിന്ന് എമി ഉണ്ടാക്കിയ കേക്കിന്റെ രുചി പതിയെ മെൽബണിലെ പരിചയക്കാരിലേക്കും അവിടെ നിന്ന് അവരുടെ പരിചയക്കാരിലേക്കും  പടർന്നു തുടങ്ങി. പതിയെ  ഓർഡറുകളും കൂടി. അതിനിടെ കേക്ക് ഉണ്ടാക്കുന്നതിലെ ഒരു കോഴ്സും എമി  കംപ്ലീറ്റ് ചെയ്തു. പിന്നാലെ എമീസ് ബേക്ക് ഹൗസ് എന്ന ഫെയ്സ് ബുക്ക് പേജും തുടങ്ങി.

https://www.facebook.com/abakehouse/

രുചിയ്ക്ക് ഭാഷയില്ല 
ആസ്ട്രേലിക്കാരും മെൽബണിലെ മലയാളികളും മാത്രമല്ല ശ്രീലങ്കക്കാരും, നോർത്ത് ഇന്ത്യക്കാരും എല്ലാം ഇന്ന് എമിയുടെ കേക്കിന്റെ ആരാധകരാണ്. കേക്കുകൾ പെർഫെക്റ്റായിരിക്കണം, ലുക്കിലും രുചിയിലും, അതാണ് എമിയുടെ പോളിസി. രണ്ട് ദിവസം ഒക്കെ എടുത്താണ് എമി ഒരു കേക്ക്  ഉണ്ടാക്കുക. അതുകൊണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ കേക്കാണ് എമിയുടെ കണക്ക്. കൂടുതലും പിറന്നാൾ കേക്കുകളാണ് ഉണ്ടാക്കുന്നത്.


മോഹൻലാലിന്റെ അഭിനയജീവിതം കേക്കിലാക്കുന്നു

മെൽബണിൽ മലയാളി സ്റ്റാർ നൈറ്റ് സംഘടിപ്പിച്ചത് മെൽബണിലെ എമിയുടേയും ഭർത്താവ് ലിയോയുടേയും പരിചയക്കാരായ മലയാളികൾ ചേർന്നാണ്. അവർക്ക് കേക്കെന്നാൽ അവസാന വാക്ക് എമിയും. അങ്ങനെയാണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ 40-ാം വാർഷിക ചടങ്ങിന്റെ കേക്ക് നിർമ്മിക്കാനുള്ള അവസരം എമിയെ തേടിയെത്തുന്നത്. ഒരാഴ്ച മുമ്പാണ് ഈ വിവരം അറിയുന്നത്. കുറഞ്ഞ സമയത്തിനകം ഇത്രയും വലിയൊരു ഫങ്ഷന് കേക്കുണ്ടാക്കുന്നതിന്റെ ടെൻഷൻ ചെറുതൊന്നും അല്ലായിരുന്നെന്ന് എമി പറയുന്നു. ഫിലിം റീൽ എന്ന ആശയമാണ് ആദ്യം മനസിൽ വന്നത്. പദ്മ, പ്രകാശ് എന്നീ കൂട്ടുകാരും സഹായിച്ചു. പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു. മോഹൻലാലിന്റെ സിനിമകളിലെ ചിത്രങ്ങൾ വച്ച് ചെയ്ത റീലുകൾ എഡിബിൾ പ്രിന്റിംഗ് ചെയ്തു. വൈറ്റ് ചോക്കളേറ്റിലാണ് കേക്ക് ഉണ്ടാക്കിയത്. ബട്ടർ ക്രീം ഉള്ളിൽ ഫിൽ ചെയ്തു.

കർത്താവ് മിന്നിച്ചു

ഞാൻ ഒരു ദൈവ വിശ്വാസിയാണ്. കേക്ക് ഉണ്ടാക്കുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിച്ചാണ് തുടങ്ങാറ്. മോഹൻലാലിനായി കേക്ക് ഉണ്ടാക്കാൻ തുടങ്ങിയപ്പോഴും മുട്ടിപ്പായി പ്രാർത്ഥിച്ചു എമി പറയുന്നു. ‘കർത്താവേ മിന്നിച്ചേക്കണേ ‘ എന്നാണ് പ്രാർത്ഥിച്ചത്. കാരണം ലോകം മുഴുവൻ കാണുന്ന കേക്ക്. അത് ഉണ്ടാക്കാൻ ലഭിച്ചത് ഒരാഴ്ച. ഏഴാഴ്ചത്തെ കോഴ്സ് മാത്രമാണ് കേക്ക് നിർമ്മാണം പഠിക്കാൻ ഞാൻ ചെയ്തത്. ബാക്കിയെല്ലാം ഞാൻ തനിയെ പഠിച്ച് എടുത്തതാണ്. ടെൻഷന് കയ്യും കണക്കുമില്ല. കേക്ക് കഴിച്ച് മോഹൻലാൽ നല്ല  അഭിപ്രായം പറഞ്ഞപ്പോഴാണ് ആ ടെൻഷൻ ഒക്കെ മാറിയത്.  എട്ട് കിലോയായിരുന്നു ഈ കേക്കിന്റെ ഭാരം. പത്ത് കിലോ ഭാരമുള്ള കേക്ക് വരെ എമി ഉണ്ടാക്കിയിട്ടുണ്ട്.

ഹാന്റ്മെയ്ഡായുള്ള ക്യാരക്ടേഴ്സാണ് എമിയുടെ കേക്കിന്റെ മുഖ്യ ആകർഷണം. സ്വന്തം അടുക്കളയിലാണ് എമി തന്റെ കേക്ക് പരീക്ഷണങ്ങൾ നടത്തുന്നത്. ആസ്ട്രേലിയിൽ വീട്ടിൽ നിർമ്മിക്കുന്നവയാണെങ്കിൽ കൂടി ഇത്തരം ബിസിനസ് ചെയ്യാൻ അവിടുത്തെ ലൈസൻസ് വേണം. അധികൃതർ വീട്ടിലെത്തി കേക്ക് നിർമ്മാണവും മറ്റും നേരിട്ട് കണ്ട ബോധ്യപ്പെട്ടാണ് ഈ ലൈസൻസ് നൽകുക. എമിയുടെ ബേക്ക് ഹൗസിന് ഈ ലൈസൻസ് ഉണ്ട്. എമിയുടെ ഭർത്താവ് ലിയോ മെൽബണിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പൾ കൺസൾട്ടെന്റാണ്. ലിയോയാണ് കേക്കുകളുടെ പിന്നാലെയുള്ള ആമിയുടെ യാത്രകൾക്ക് മധുരം പകരുന്നത്. മക്കളായ ഈവ മറിയയും , ഐഡ ആനും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. ആസ്ട്രേലിയൻ കേക്ക് ഡെക്കറേറ്റിംഗ് നെറ്റ് വർക്കിലെ അംഗമാണ് എമി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here