മൂന്നാമനെ കാത്ത് ലോകം; ഇന്ന് ലൂസേഴ്‌സ് ഫൈനല്‍

റഷ്യന്‍ ലോകകപ്പ് അതിന്റെ പരിസമാപ്തിയിലേക്ക്. സെമി ഫൈനലില്‍ തോറ്റ ഇംഗ്ലണ്ടും ബല്‍ജിയവും മൂന്നാം സ്ഥാനത്തേക്ക് വേണ്ടി ഇന്ന് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടും. രാത്രി 7.30 ന് സെന്റ്. പീറ്റേഴ്‌സ്ബര്‍ഗിലാണ് മത്സരം നടക്കുക. ലോകകപ്പെന്ന സ്വപ്‌നം സെമി ഫൈനലില്‍ വീണുടഞ്ഞ ഇരു ടീമുകള്‍ക്കും ഇന്ന് നടക്കുന്ന മത്സരം ആശ്വാസ പോരാട്ടമായിരിക്കും. ആരായിരിക്കും റഷ്യയില്‍ നിന്ന് മൂന്നാം സ്ഥാനവും സ്വന്തമാക്കി മടങ്ങുക എന്നതാണ് കാല്‍പന്ത് ആരാധകര്‍ കാത്തിരിക്കുന്നത്.
റഷ്യന്‍ ലോകകപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു ബല്‍ജിയവും ഇംഗ്ലണ്ടും. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനൊപ്പമായിരുന്നു. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിനപ്പുറം മറ്റ് ചില പ്രത്യേകതകളും ഈ മത്സരത്തിനുണ്ട്.
ഇത്തവണത്തെ ലോകപ്പില്‍ ആരായിരിക്കും ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുക എന്ന ചോദ്യത്തിന് ഈ മത്സരം നിര്‍ണായകം. നിലവില്‍ ആറ് ഗോളുകളുമായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ് മുന്നില്‍ നില്‍ക്കുന്നത്. ബല്‍ജിയത്തിന്റെ ലുക്കാക്കു നാല് ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഹാരി കെയ്‌ന് തന്നെയാണ് സാധ്യകള്‍ കൂടുതലും. അതേ സമയം, ഒരു ഹാട്രിക് ഗോള്‍ നേട്ടം ലുക്കാക്കുവിനും ഗുണം ചെയ്‌തേക്കും.
അതോടൊപ്പം, മികച്ച ഗോളിയ്ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലൗ നേടാനും മത്സരം ശക്തം. ഇംഗ്ലീഷ് ഗോളി പിക്‌ഫോര്‍ഡ്, ബല്‍ജിയം ഗോളി തിബൂട്ട് കോര്‍ട്ട്വാ എന്നിവര്‍ ടൂര്‍മമെന്റിലുടനീളം മികച്ച ഗോളികളായിരുന്നു. അതിനാല്‍, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഇരുവര്‍ക്കും നിര്‍ണായകമാണ്.
ലോകം കാത്തിരിക്കുന്ന ഫൈനല്‍ നാളെ രാത്രി 8.30 ന് മോസ്‌കോയില്‍ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here