2006 മറക്കാം; ഫ്രാന്‍സിന് ആഘോഷ ദിനങ്ങള്‍
12 വര്‍ഷമായി ഒരു ദുര്‍ഭൂതം പോലെ പിടികൂടിയ കടം. 2006 ലെ ലോകകപ്പ് ഫൈനലിന് ശേഷം ഒരു പകരംവീട്ടലിനായി ഫ്രാന്‍സ് കാത്തിരുന്നു. 2006 ലോകകപ്പ് ഫ്രാന്‍സിന് മറക്കാന്‍ കഴിയില്ലായിരുന്നു…റഷ്യന്‍ ലോകകപ്പിന് ലുഷ്‌നിക്കിയില്‍ ലോംഗ് വിസില്‍ മുഴങ്ങും വരെ. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലൊരു ഫ്രഞ്ച് മുത്തം പിറന്നപ്പോള്‍ സിദാന്‍ അടക്കമുള്ള ഫ്രാന്‍സിന്റെ ഇതിഹാസ താരങ്ങളെല്ലാം എത്രയോ സന്തോഷിച്ച് കാണും.
കൈ എത്തും ദൂരത്ത് നിന്ന് 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശ്വകിരീടം നഷ്ടപ്പെട്ടതിന്റെ വേദന അത്ര ചെറുതായിരുന്നില്ല ഫ്രാന്‍സിന്റെ കാല്‍പന്ത് ആരാധകര്‍ക്ക്. ഇറ്റലിക്കെതിരായ ഫൈനല്‍ മത്സരം ഫ്രാന്‍സിന്റെ കണ്ണീരുവീഴ്ത്തിയതായിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് സിദാനിലൂടെ ലീഡ് സ്വന്തമാക്കുന്നു. 19-ാം മിനിറ്റില്‍ മറ്റെരാസിയിലൂടെ ഗോള്‍ മടക്കി ഇറ്റലി. ആവേശം ചോരാത്ത മത്സരം ലോംഗ് 1-1 സമനിലയില്‍ എക്‌സ്ട്രാ ടൈമിലേക്ക്. നെഞ്ചിടിപ്പോടെ ഫ്രഞ്ച് ആരാധകരും. എക്‌സ്ട്രാ ടൈമില്‍ സിദാന്‍ തന്നെ മറ്റൊരു ഗോള്‍ സ്വന്തമാക്കി ഫ്രാന്‍സിന് വിശ്വകിരീടം നേടിത്തരുമെന്ന് കേരളത്തിലുള്ള കാല്‍പന്ത് ആരാധകര്‍ പോലും വിശ്വസിച്ച നിമിഷങ്ങള്‍. എന്നാല്‍, 110-ാം മിനിറ്റില്‍ മറ്റെരാസിയുടെ നെഞ്ചത്ത് തലകൊണ്ട് ഇടിച്ച് സിദാന്‍ ഫ്രഞ്ച് ദുരന്തകഥയിലെ നായകനായി കളം വിടുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് സിദാന്‍ മടങ്ങിയപ്പോള്‍ തന്നെ ഫ്രഞ്ച് ആരാധകര്‍ നിരാശരായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് ഇറ്റലിയോട് തോറ്റ് ചുണ്ടോടടുത്ത ലോകകിരീടം നഷ്ടപ്പെടുത്തി.
2006 ലോകകപ്പ് ഫ്രാന്‍സിന് കണ്ണീരോര്‍മ്മയായിരുന്നു…ഇനി 2006 മറക്കാം…2018 ല്‍ ആ വിശ്വകിരീടം ഫ്രാന്‍സിന് സ്വന്തം…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here