Advertisement

മാനവമൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്തിന്…? എം.വി. ജയരാജന്‍

July 16, 2018
2 minutes Read

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സഖാവ്. എം.വി. ജയരാജന്‍ മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസമായിരുന്നു എം.വി. ജയരാജന്‍ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതും വീട്ടുകാരെ ആശ്വസിപ്പിച്ചതും. അഭിമന്യുവിനെ കുറിച്ചും വീട്ടിലെ സാഹചര്യങ്ങളെ കുറിച്ചും എം.വി. ജയരാജന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

അഭിമന്യു മാനവമോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളായതുകൊണ്ടും ആ പോരാട്ടത്തിൽ ജാതി-മത-ഭാഷാ ചിന്തകൾക്കതീതമായി മാനവരെയെല്ലാം ഒന്നിപ്പിക്കാൻ പ്രവർത്തിക്കുന്ന ആളായതുകൊണ്ടും മാത്രമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് എംവി ജയരാജന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

അഭിമന്യുവിന്റെ സ്വപ്‌നമായ വട്ടവടയിലെ ഗ്രന്ഥാലയം അഭിമന്യുവിന്റെ തന്നെ ഉചിത സ്മാരകമായിരിക്കുമെന്ന് എം.വി ജയരാജന്‍ പറയുന്നു. അഭിമന്യുവിന്റെ കുടുംബത്തിന് വീടുവെച്ച് കൊടുക്കാനായി സിപിഎം വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് ജൂലായ് 23ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വീടിന്റെ ശിലാസ്ഥാപനചടങ്ങ് നിര്‍വഹിക്കുമെന്നും എം.വിജ. ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. അഭിമന്യുവിനും കുടുംബത്തിനും വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കാണമെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

“അഭിമന്യുവിനെപ്പറ്റിത്തന്നെ..
======================
ഇന്ന് (ജൂലായ് 15) അഭിമന്യുവിന്റെ വീട് സന്ദർശിച്ചു. മാതാ-പിതാക്കളെയും സഹോദരങ്ങളെയും കണ്ടു. മൺകുടിലായിരുന്നു വീട്. അഭിമന്യു എട്ടാമത്തെ തലമുറയിലെ അംഗമാണ്. ഈ വീട് എത്ര വർഷമായി എന്ന ചോദ്യത്തിന് അഭിമന്യുവിന്റെ പിതാവ് മനോഹരന് ഉത്തരമില്ല. കാരണം വർഷങ്ങൾക്കുമുമ്പ് മനോഹരന്റെ മുൻ തലമുറയിൽപെട്ടവർ ഒരുക്കിയ വീടായതുകൊണ്ടാണ്. ഒരു ചുമരു കഴിഞ്ഞാൽ മറ്റൊരു വീട്. രണ്ട് ചുമരുകൾക്ക് മൂന്ന് അവകാശികൾ. ഈ മൺകുടിലിൽ നിന്നാണ് മഹാരാജാസ് കാമ്പസിൽ എസ്എഫ്‌ഐ നേതാവായും ഭാവി വാഗ്ദാനമായും അക്ഷരാർത്ഥത്തിൽ ഒരു മാണിക്യമായി അഭിമന്യു വളർന്നുവന്നത്.

ഗവർണർ പോലും അഭിമന്യുവിന്റെ കൊലപാതകം തന്റെ ഹൃദയത്തെ വേദനിപ്പിച്ചുവെന്ന് വെളിപ്പെടുത്തുകയുണ്ടായി. അഭിമന്യുവിന്റെ കോളേജ് അധ്യാപിക ജൂലി ടീച്ചർ നൽകിയ കൊച്ചു ഫോട്ടോ ആൽബം, അഭിമന്യു അവസാനമായി വായിച്ച പുസ്തകം, അഭിമന്യു പഠിക്കുമ്പോൾ എഴുതിയ നോട്ട് കുറിപ്പുകൾ ഉൾപ്പെടെ അവരുടെ കൈവശമുള്ള വിലപ്പെട്ട രേഖകൾ എനിക്ക് സ്‌നേഹനിധിയായ പിതാവ് കാണിച്ചുതന്നു. അഭിമന്യു അവസാനം വായിച്ച പുസ്തകം കാട്ടി, അവന്റെ അമ്മാവനും സഹോദരങ്ങളും പറഞ്ഞു – ‘ ഇത്‌ അമൂല്യനിധിയായി സൂക്ഷിക്കാൻ കാരണം, തങ്ങൾക്കോ പഠിക്കാൻ കഴിഞ്ഞില്ല അവൻ നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ടാണ്‌ അവനെ ദാരിദ്ര്യത്തിനിടയിലും പഠിപ്പിക്കാൻ തീരുമാനിച്ചത്‌ ‘.

അഭിമന്യുവിന്റെ കൂട്ടുകാരോടൊപ്പമുള്ള ഫോട്ടോകൾ ആൽബത്തിൽ കാണുന്തോറും മനസ്സിൽ പതിയുന്നത് അഭിമന്യുവിന്റെ മായാത്ത ചിരിതന്നെയാണ്. ശത്രുവിനോട് പോലും ചിരിച്ച, പ്രകൃതിയെ സ്‌നേഹിച്ച, മനുഷ്യരെ സ്‌നേഹിച്ച മാനവമൈത്രിക്കുവേണ്ടി പ്രവർത്തിച്ച അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്തിന്..? ഈ ചോദ്യത്തിനുത്തരം ഒന്നേയുള്ളൂ. അഭിമന്യു മാനവമോചനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളായതുകൊണ്ടും ആ പോരാട്ടത്തിൽ ജാതി-മത-ഭാഷാ ചിന്തകൾക്കതീതമായി മാനവരെയെല്ലാം ഒന്നിപ്പിക്കാൻ പ്രവർത്തിക്കുന്ന ആളായതുകൊണ്ടും മാത്രമാണ്.

അഭിമന്യുവിന്റെ വീട് സന്ദർശിക്കാനെത്തിയവർ കുറിച്ചിടുന്ന പുസ്തകത്തിൽ ഞാൻ എഴുതി – “സ.അഭിമന്യൂ, നീ മരിക്കുന്നില്ല. അനീതിക്കും അക്രമത്തിനും വർഗീയതയ്ക്കുമെതിരായ പോരാട്ടത്തിൽ മനോഹരൻ-ഭൂപതിമാരുടെ മക്കളായി ഓരോ ചെറുപ്പക്കാരുമുണ്ടാവും. അതാണ് കേരളത്തിൽ എല്ലായിടത്തുനിന്നും ഉയർന്നുവന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത്തരമൊരു മരണമല്ല അഭിമന്യുവിനുണ്ടായത്. അഭിമന്യു അമരനാണെന്ന് പറയുന്നത് രക്തസാക്ഷിയായതുകൊണ്ടാണ്. ജീവൻ കൊടുത്തും സ.അഭിമന്യു നടത്തിയ പോരാട്ടം വെറുതെയാവില്ല. കേരളാമാകെ ഇന്ന് അഭിമന്യു അവസാനം എഴുതിയ വാക്കുകൾ ചുമരെഴുത്തായിരിക്കുന്നു. ‘കൊല്ലാനാണ്‌ ഉദ്ദേശ്യമെങ്കിൽ, എഴുതാൻ തന്നെയാണ്‌ തീരുമാനമെന്ന്’ കേരളജനത പ്രഖ്യാപിച്ചത്‌ അതുകൊണ്ടാണ്‌. രക്തസാക്ഷിയുടെ പ്രസ്ഥാനവും കുടുംബവും അനാഥമാവുകയില്ല. വർഗീയതക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.”

ബ്രിട്ടീഷുകാർക്ക് മുമ്പുതന്നെ ടിപ്പുവിന്റെ പിതാവ്‌ ഹൈദരലിയുടെ പടയോട്ടകാലത്ത് എത്തിച്ചേർന്നവരാണ് ഈ കർഷകഗ്രാമത്തിലെ പഴയകാല തലമുറ. തിരുമലൈ നായ്ക്കരുടെ ആധിപത്യത്തിനെതിരായി പടയോട്ടം നടത്തിയപ്പോൾ തമിഴ്‌ വംശജരായ പാവപ്പെട്ടവർ കുടിയേറിയതാണ്‌ ഈ മണ്ണ്‌. യുദ്ധത്തിൽ ഹൈദരാലി പരാജയപ്പെട്ടു. എന്നാൽ കുടിയേറ്റക്കാരായി എത്തിയ മണ്ണിന്റെ മക്കൾ തിരിച്ചുപോയില്ല. അത്‌ 1200 മത്‌ ആണ്ടിലായിരുന്നു.

വട്ടവട ഗ്രാമപഞ്ചായത്ത് 3200 വീടുകളിലായി 14000 ജനങ്ങൾ താമസിക്കുന്ന കൊച്ചു പച്ചക്കറി കൃഷിക്കാരുടെ ഗ്രാമമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിപിഐ(എം) നേതാവായ രാമരാജ് ആണ്. 13 വാർഡിൽ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് ഇടതുപക്ഷ ഭരണമാണ്. ഈ വർഷമുണ്ടായ കനത്ത മഴ പച്ചക്കറികൃഷിയെ തകർത്തുകളഞ്ഞു. പച്ചക്കറി കൃഷിചെയ്യുന്നവർ പലരും സങ്കടം പറഞ്ഞു. അവരുടെ ഓണക്കാല പച്ചക്കറി വിപണനമാണ് നശിച്ചിരിക്കുന്നത്. പക്ഷേ അവരുടെ സങ്കടത്തിൽ ഏറ്റവും പ്രധാനം അഭിമന്യുവിന്റെ നഷ്ടമാണ്.

ഈ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് അഭിമന്യുവിന്റെ ഗ്രാമമെന്നാണ്. അവർ അഭിമന്യുവിന്റെ പേരിൽ ഒരു ഗ്രന്ഥാലയം പണിയാനുള്ള ധൃതിയിലാണ്. ഏഴോം ഈസ്റ്റ് വില്ലേജിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ അടക്കം നിരവധി പ്രവർത്തകൻമാർ അയച്ചുകൊടുത്ത ഗ്രന്ഥശേഖരം നിർദ്ദിഷ്ട അഭിമന്യു സ്മാരക ഗ്രന്ഥാലയത്തിലേക്കായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കഴിഞ്ഞു. തമിഴ് ഭാഷയെ അറിയുന്നവർ നിരവധിപേരുണ്ട്. തമിഴ് പുസ്തകങ്ങൾ ആവശ്യമായിവരില്ലേ എന്ന് ചോദിച്ചപ്പോൾ പ്രസിഡന്റ് പറഞ്ഞു – ‘തമിഴ്‌നാട്ടിൽ എസ്.എഫ്.ഐ.യുടെയും സിപിഐ(എം)ന്റെയും നേതാക്കൾ ഈയിടെ വന്നിരുന്നു. അവർ പുസ്തകം കൊണ്ടുവരും എന്നറിയിച്ചിട്ടുണ്ട്‌ എന്നാണ്‌ ‘ . നിർദ്ദിഷ്ട ഗ്രന്ഥാലയം വായനാസ്‌നേഹി കൂടിയായ അഭിമന്യുവിനുള്ള ഏറ്റവും ഉചിതമായ സ്മാരകമായിരിക്കും. അടുക്കളയടക്കമുള്ള ഒറ്റമുറിയിലാണ് അഭിമന്യുവും കുടുംബാംഗങ്ങളായ അഞ്ചുപേരും ഇതുവരെ അന്തിയുറങ്ങിയിരുന്നത് എന്നതുകൊണ്ട് സിപിഐ(എം) അഭിമന്യുവിന്റെ കുടുംബത്തിന് ഏറ്റവും ആദ്യം വീടുവെച്ചു കൊടുക്കാനുള്ള സ്ഥലമാണ് വിലയ്ക്ക് വാങ്ങിയത്. ആ സ്ഥലവും കണ്ടു. അവിടെ ജൂലായ് 23ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി വീടിന്റെ ശിലാസ്ഥാപനചടങ്ങ് നിർവ്വഹിക്കും എന്നാണറിഞ്ഞത്.

എസ്.ഡി.പി.ഐ.-ക്യാമ്പസ് ഫ്രണ്ട് -എൻഡിഎഫ് സംഘം അഭിമന്യുവിനെ കൊലപ്പെടുത്തിക്കൊണ്ട്, ഈ പാവപ്പെട്ടകുടുംബത്തെ അനാഥമാക്കാൻ പരിശ്രമിച്ചെങ്കിലും ആ കുടുംബത്തെ അങ്ങനെ അനാഥമാക്കാൻ ഈ നാട്‌ സമ്മതിക്കില്ല. സഖാവ്‌ അഭിമന്യുവിന്റെ കുടുംബം എന്റെയും നിങ്ങളുടെയും കുടുംബമാണ്. നമ്മുടെ കുടുംബമാണ്. ആ കുടുംബത്തെ സംരക്ഷിക്കാൻ, കൊലയാളികൾക്ക് അർഹമായ ശിക്ഷനൽകാൻ നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം. നാം ചെയ്യുന്നതെല്ലാം അഭിമന്യുവിന് വേണ്ടിയാണ്. അഭിമന്യുവിന്റെ ജീവന് പകരമാകുന്നില്ലെങ്കിലും…”

– എം.വി. ജയരാജൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top