ധോണി വിരമിക്കുന്നു? സത്യാവസ്ഥ ഇതാണ്:

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എം.എസ്. ധോണി ക്രൂശിക്കപ്പെടുകയാണ്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ധോണിക്കെതിരെ പരസ്യമായി രംഗത്തെത്തി. 2019 ലോകകപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ധോണിയില്‍ നിന്ന് കുറച്ച് കൂടെ മെച്ചപ്പെട്ട പ്രകടനം ആവശ്യമാണെന്നും ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്, ഋഷബ് പന്ത് തുടങ്ങിയവരെ പരീക്ഷിക്കണമെന്നും ഗാംഗുലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതിനിടയിലാണ്, ഇംഗ്ലണ്ടിനോട് 2-1 ന് ഏകദിന പരമ്പര തോറ്റ ശേഷം ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ധോണി അമ്പയറോട് മത്സരത്തില്‍ ഉപയോഗിച്ച ബോള്‍ ചോദിച്ച് വാങ്ങിയ സംഭവം കായിക പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ തോറ്റ ശേഷം പതിവില്ലാതെ സ്റ്റംമ്പുമായി മടങ്ങിയ ധോണി പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അത് ആവര്‍ത്തിക്കുമോ എന്ന സംശയമാണ് പന്തുവാങ്ങിയ ധോണിയുടെ പ്രവര്‍ത്തിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത്.

ടീം ടോട്ടല്‍ ഉയര്‍ത്തേണ്ട സാഹചര്യത്തില്‍ ധോണി വളരെ സാവധാനമാണ് ബാറ്റ് വീശിയത്. മാത്രമല്ല, ധോണിയുടെ കളിവേഗതയിലും സാരമായ മാറ്റം വന്നിരിക്കുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഏകദിന ക്രിക്കറ്റില്‍ നിന്ന് തലൈവര്‍ വിരമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തുന്നത്.

എന്നാല്‍, പന്തുമായി മൈതാനം വിട്ട ധോണിയുടെ പ്രവര്‍ത്തി തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ലെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞു. ധോണി ഏകദിനത്തില്‍ വിരമിക്കുന്നുവെന്ന വാര്‍ത്തകളെ മണ്ടത്തരമെന്നാണ് രവിശാസ്ത്രി വിശേഷിപ്പിച്ചത്. മാത്രമല്ല പന്ത് എന്തിനാണ് ധോണി വാങ്ങിയതെന്ന് അദ്ദേഹം വിശദമാക്കുകയും ചെയ്തു. ഇന്ത്യയുടെ ബൗളിംങ് കോച്ച് ഭരത് അരുണിനുവേണ്ടിയാണ് മത്സരശേഷം പന്ത് ധോണി വാങ്ങിയതെന്നായിരുന്നു രവിശാസ്ത്രിയുടെ വിശദീകരണം.

ലോകകപ്പ് ക്രിക്കറ്റിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി ആവശ്യമാണെന്ന നിലപാടിലാണ് കായിക നിരീക്ഷകര്‍. ധോണിയുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നതാണ് പുറത്തുവരുന്ന എല്ലാ അഭിപ്രായ പ്രകടനങ്ങളും. ഇന്ത്യയുടെ മധ്യനിര വേണ്ടത്ര മികവ് പുലര്‍ത്തുന്നില്ല എന്നത് കോഹ്‌ലിക്കും സംഘത്തിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. ധോണി, റെയ്‌ന തുടങ്ങിയവരുടെ പ്രകടനം മധ്യനിരയെ ദുര്‍ബലപ്പെടുത്തുന്നു. അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍ തുടങ്ങിയവരെ മധ്യനിരയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദിനേശ് കാര്‍ത്തിക്, ഋഷബ് പന്ത് എന്നിവരെ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരീക്ഷിക്കണമെന്നുമാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top