‘രോഗത്തെക്കുറിച്ച് അവനോട് പറഞ്ഞാൽ എന്തു സംഭവിക്കും എന്നാലോചിച്ച് ഒരുപാട് വിഷമിച്ചു’; സോനാലി ബിന്ദ്ര

ബോളിവുഡ് താരം സൊനാലി ബിന്ദ്രയ്ക്ക് കാൻസറാണെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. ട്വിറ്ററിലൂടെയാണ് താരം തൻറെ രോഗവിവരം ലോകവുമായി പങ്കുവെക്കുന്നത്. എന്നാൽ തന്റെ മകനോട് ഇക്കാര്യം എങ്ങനെ പറയുമെന്നതിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്ന് സൊനാലി പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ അനുഭവം സൊനാലി പങ്കുവെച്ചത്.
രോഗം സ്ഥിരീകരിച്ചിട്ടും തൻറെ മകനോട് രോഗവിവരത്തെ കുറിച്ച് സൊനാലി പറഞ്ഞിരുന്നില്ല. ‘പന്ത്രണ്ട് വർഷമായി എന്റെ ഹൃദയത്തിൻറെ ഉടമയാണവൻ. എൻറെ സന്തോഷത്തിൻറെയും ആരോഗ്യത്തിൻറെയും രഹസ്യം. രോഗത്തെക്കുറിച്ച് അവനോട് പറഞ്ഞാൽ എന്തു സംഭവിക്കും എന്നാലോചിച്ച് ഒരുപാട് വിഷമിച്ചിരുന്നു. എന്നാൽ, ഞങ്ങൾക്ക് അവനോട് എത്ര കരുതലുണ്ടോ അത്രത്തോളം തന്നെ പ്രധാനമല്ലേ അവൻ സത്യം അറിയുക എന്നത്. കാരണം, അവനോട് എല്ലായ്‌പ്പോഴും സത്യസന്ധത പുലർത്തിയ മാതാപിതാക്കളാണ് ഞങ്ങൾ. എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. അതുകൊണ്ട് ഈ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു.
പ്രതീക്ഷകൾക്ക് വിപരീതമായി എല്ലാം തുറന്ന് പറഞ്ഞപ്പോൾ അവൻ പക്വതയോടെ പെരുമാറി. അതെനിക്ക് ഒരുപാട് ശക്തിയും പോസിറ്റീവ് ഊർജ്ജവുമാണ് നൽകിയത്. എന്റെ അഭിപ്രായത്തിൽ കൂട്ടികളെ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്ന് മാറ്റി നിർത്തരുത്. കുഞ്ഞുങ്ങളെ വേദനയിൽ നിന്നും ദുഃഖങ്ങളിൽ നിന്നു മാറ്റി നിർത്തണമെന്ന് കരുതി നമ്മൾ മറച്ചു വയ്ക്കുന്ന പലതും ഭാവിയിൽ നേരെ വിപരീതഫലം ചെയ്യും. എന്റെ രൺവീറിനൊപ്പം ഞാൻ ഇപ്പോൾ സമയം ചെലവഴിക്കുന്നു. അതെനിക്ക് ഒരുപാട് ശക്തി തരുന്നു’ സോനാലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here