“രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു”: മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ലോക്‌സഭയില്‍

മോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ ചൂടുപിടിക്കുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. വിവിധ വിഷങ്ങള്‍ ഉന്നയിച്ച് രാഹുല്‍ നടത്തിയ പ്രസംഗം ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ക്കും വഴിയൊരുക്കി.

പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളെയും കര്‍ഷകരെയും വഞ്ചിച്ചെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ നാലായിരം പേര്‍ക്കെങ്കിലും ജോലി നല്‍കിയോ എന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തെ യുവാക്കളെ പൊള്ളയായ വാഗ്ദാനം നല്‍കി പ്രധാനമന്ത്രി വഞ്ചിക്കുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എവിടെയെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളിയോ എന്നും രാഹുല്‍ ചോദിച്ചു. അര്‍ധരാത്രി നോട്ട് നിരോധിച്ചതിലൂടെ സാധാരണക്കാരുടെയും വ്യാപാരികളുടെയും പോക്കറ്റ് അടിക്കുകയാണ് ചെയ്തത്. സാധാരണക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന പൈസ സര്‍ക്കാര്‍ പിടിച്ചുപറിക്കുകയായിരുന്നെന്നും രാഹുല്‍ ആരോപിച്ചു.

മോദി സര്‍ക്കാരിന്റെ ഗുണം കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കണ്ണടച്ചു. ദോക്‌ലാമില്‍ ചൈന ഇന്ത്യയെ ചതിച്ചു. എന്നാല്‍, പ്രധാനമന്ത്രി ചൈനയോട് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. മോദി ചൈനയില്‍ പോയതെന്തിനെന്നും രാഹുല്‍ ചോദിച്ചു. മനസില്‍ കള്ളത്തരമുള്ളതുകൊണ്ടാണ് മോദി തന്റെ മുഖത്ത് നോക്കി സംസാരിക്കാത്തതെന്നും മോദി പുറമേ ചിരിക്കുമ്പോഴും ഉള്ളില്‍ അസ്വസ്ഥനാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. റാഫേല്‍ പണമിടപാടില്‍ അഴിമതി നടന്നിട്ടുണ്ട്. 45,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഈ തുക ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി കോടികള്‍ ചെലവഴിച്ചത്. രാജ്യത്ത് സ്ത്രീകളും ദളിതരും സുരക്ഷിതരല്ലെന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ബിജെപി ബഹളം വച്ച് തടസപ്പെടുത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം ഉന്നയിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജയ്ഷായ്‌ക്കെതിരായ പരാമര്‍ശം നീക്കിയതായി സ്പീക്കര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top